SignIn
Kerala Kaumudi Online
Saturday, 12 September 2026 9.56 AM IST

മഴ കുറവ് 27 % , വരൾച്ചയുടെ നിഴലിൽ കർഷകർ

photo

തൃശൂർ: മൺസൂൺ കാലം അവസാനിക്കാനിരിക്കെ ജില്ലയിൽ മഴക്കുറവ് 27 ശതമാനം. തുലാവർഷം ശക്തമായി ലഭിച്ചില്ലെങ്കിൽ ജില്ല വരൾച്ചയിലേക്ക് നീങ്ങുന്നതിനൊപ്പം കാർഷിക മേഖലയിലും പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയിലാണ് കർഷകർ. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കുപ്രകാരം 1957.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1423.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും നിലവിലെ മഴക്കുറവ് പരിഹരിക്കുന്ന തരത്തിൽ മഴ ലഭിക്കാനിടയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരിക്ക് അടുത്ത മഴ ലഭിച്ചത്. മറ്റു ജില്ലകളിലെല്ലാം മഴക്കുറവാണ്. ജില്ലയിലെ ഡാമുകളിലും ജലനിരപ്പ് ആശ്വാസകരമല്ല. വാഴാനിയിൽ 77 ശതമാനവും ചിമ്മിനിയിൽ 84 ശതമാനവും പീച്ചിയിൽ 78 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്. ചൂട് കൂടുന്നതോടെ ജലനിരപ്പ് പെട്ടെന്ന് താഴാനും സാധ്യതയുണ്ട്. ഇതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനുള്ള സാധ്യതയുണ്ട്.

കർഷകർ ആശങ്കയിൽ

മഴക്കുറവ് എല്ലാ വിഭാഗം കർഷകരെയും ആശങ്കയിലാഴ്ത്തുകയാണ്. ജില്ലയിൽ മുണ്ടകൻ കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പല കോൾപ്പടവുകളിലും ഞാറിടൽ തുടങ്ങിയിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും കൃഷിയിറക്കുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യവുമുണ്ടെന്ന് കർഷകർ പറയുന്നു.
കൊടുവേനലിന്റെ പ്രതീതിയാണ് നിലവിലുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ കൃഷിയിറക്കിയ പച്ചക്കറികൾ പോലും ഉണക്കുഭീഷണിയിലാണ്. ചൂട് കടുത്തതോടെ വിവിധ രോഗബാധകളും വർദ്ധിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ കരകൃഷിയും പ്രതിസന്ധിയിലാകും. റബ്ബർ മേഖലയെയും മഴക്കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മഴക്കണക്ക്

  • ശരാശരി ലഭിക്കേണ്ടത്: 1957.4 മില്ലിമീറ്റർ
  • ലഭിച്ചത്: 1423.5 മില്ലിമീറ്റർ
  • കുറവ്: 27 ശതമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL