SignIn
Kerala Kaumudi Online
Saturday, 12 September 2026 9.56 AM IST

മണ്ണ് സ്വന്തം, രേഖ അന്യം; ഒടുവിൽ പട്ടയം

  • 1,175 പേർക്ക് പട്ടയം

തൃശൂർ: അരനൂറ്റാണ്ടിലേറെയായി സ്വന്തം മണ്ണിൽ താമസം... പക്ഷേ ഭൂമിക്ക് അവകാശരേഖയില്ല. ഒടുവിൽ പട്ടയം കൈയിലെത്തിയപ്പോൾ സീതയ്ക്ക് ആശ്വാസം. മരത്തംകോട് കിടങ്ങൂർ കോലാടിപ്പണിയിൽ വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യയും തൊഴിലുറപ്പ് തൊഴിലാളിയുമായ സീതയ്ക്ക് 50 വർഷത്തിലേറെയായി താമസിക്കുന്ന ഭൂമിക്കാണ് പട്ടയമേളയിൽ അവകാശരേഖ ലഭിച്ചത്.പന്നിത്തടം സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ ഉമ്മർ വി.പി.ക്കും 40 വർഷത്തിലേറെയായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിച്ചു. ചിരമണങ്ങാട് മരത്തംകോട് എം.കെ.ജി. നഗർ തോപ്പിൽ വീട്ടിലെ മത്സ്യത്തൊഴിലാളിയായ ഉമ്മർ ടി.ബിക്ക് ഭൂമിക്ക് രേഖയില്ലാത്തതിനാൽ നാല് പെൺമക്കളുടെ വിവാഹാവശ്യങ്ങൾക്ക് വായ്പയെടുക്കാൻ പോലും സാധിച്ചിരുന്നില്ല. ഭർത്താവ് മരിച്ച പന്നിത്തടം ചൊവ്വല്ലൂർ വീട്ടിൽ മോളിക്കും 40 വർഷത്തോളമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. 78കാരിയായ മരത്തംകോട് അമ്പലത്ത് വീട്ടിൽ നബീസയ്ക്കും കുടുംബത്തിനും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അവകാശരേഖ ലഭിച്ചത്.

ഇന്നലെ നടന്ന പട്ടയമേളയിൽ സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നം യാഥാർത്ഥ്യമായത് 1,175 പേർക്കാണ്. വിവിധ വിഭാഗങ്ങളിലുള്ള 15 പട്ടയങ്ങൾ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പട്ടയമേളയിൽ വിതരണം ചെയ്തു. 105 വനഭൂമി, 38 മിച്ചഭൂമി, 1,021 ലാൻഡ് ട്രിബ്യൂണൽ, 11 ഇനാം പട്ടയങ്ങൾ ഉൾപ്പെടെ ആകെ 1,175 പട്ടയങ്ങളാണ് നൽകിയത്.ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് വടക്കാഞ്ചേരി മണ്ഡലത്തിലാണ്. ഇവിടെ 185 പേർക്കാണ് പട്ടയം നൽകിയത്.

പിന്നാക്കക്കാർക്കും അർഹർക്കും മുൻഗണന

പിന്നാക്ക വിഭാഗങ്ങൾക്കും അർഹരായവർക്കും ഭൂമി ലഭ്യമാക്കാൻ സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ. മത്സ്യത്തൊഴിലാളികൾ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് അർഹമായ ഭൂമി അനുവദിക്കുന്നതിന് വരുംവർഷങ്ങളിൽ സർക്കാർ മുൻഗണന നൽകും. തൃശൂരിൽ ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരിൽ ലക്ഷ്യമിട്ട 7,650 തരംമാറ്റ അപേക്ഷകളിൽ 6,000 എണ്ണം പൂർത്തിയാക്കി. വനഭൂമി, തീരദേശം, മലയോര മേഖലകൾ എന്നിവ ഉൾപ്പെടുന്നതിനാൽ സംസ്ഥാനത്തെ ഭൂപ്രശ്‌നങ്ങൾ സങ്കീർണമാണ്.

രാജൻ ജെ. പല്ലൻ എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ. രാജൻ, എ.സി. മൊയ്തീൻ, കെ.കെ. രാമചന്ദ്രൻ, കെ.കെ. വത്സരാജ്, അഡ്വ. തോമസ് ഉണ്ണിയാടൻ, സേവ്യർ ചിറ്റിലപ്പിള്ളി, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപ്പറേഷൻ കൗൺസിലർ ജോയ് ബാസ്റ്റിൻ ചാക്കോള, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി തുടങ്ങിയവർ പങ്കെടുത്തു. കളക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും സബ് കളക്ടർ എഹ്‌തെദ മുഫസ്സിർ നന്ദിയും പറഞ്ഞു.


പട്ടയത്തിന്റെ പ്രാധാന്യം അറിയാത്ത, അപേക്ഷ നൽകാൻ സാധിക്കാത്ത ആദിവാസി വിഭാഗങ്ങളെ ട്രൈബൽ കോ-ഓർഡനേറ്റർമാർ വഴി അപേക്ഷ സമർപ്പിക്കാൻ സഹായിക്കും.

എ.പി. അനിൽകുമാർ, റവന്യൂ മന്ത്രി

  • ചേലക്കരയിൽ - 157
  • ഒല്ലൂർ - 143
  • പുതുക്കാട് - 113
  • കുന്നംകുളം - 106 ,
  • നാട്ടിക-99
  • ചാലക്കുടി -99
  • ഇരിങ്ങാലക്കുട - 60
  • മണലൂർ - 59
  • ഗുരുവായൂർ- 51
  • കൊടുങ്ങല്ലൂർ - 47
  • തൃശൂർ-28
  • കയ്പ്പമംഗലം-28

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL