നിലപാട് കടുപ്പിച്ച് ജില്ലാ ഭരണകൂടം
തൃശൂർ: ദിശാസൂചികകളില്ല, രാത്രിയിൽ വെളിച്ചവുമില്ല, സർവീസ് റോഡുകൾ തകർന്നുകിടക്കുന്നു. മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും ദേശീയപാതയിലെ സുരക്ഷാ വീഴ്ചകൾക്ക് കുറവില്ല. മുപ്പതിലേറെ അപകമേഖലകൾ കണ്ടെത്തിയിട്ടും നടപടികൾ വൈകുന്നതിനിടെയാണ് കയ്പമംഗലത്ത് എട്ടുപേരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ഇതോടെ ദേശീയപാത അധികൃതരോടും കരാർ കമ്പനികളോടുമുള്ള നിലപാട് കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലാ കളക്ടറുടെയും റോഡ് സുരക്ഷാ അതോറിറ്റിയുടെയും യോഗങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടും ദേശീയപാത അധികൃതരും കരാർ കമ്പനികളും ഇത് പൂർണമായി പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.
പ്രധാനപാതയിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിടുന്ന സർവീസ് റോഡുകളിലും സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. തീരുമാനങ്ങൾ യോഗങ്ങളിൽ മാത്രം ഒതുങ്ങുകയും തുടർനടപടികൾ കാര്യക്ഷമമാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്നാണ് വിലയിരുത്തൽ.സർവീസ് റോഡുകൾ ഭൂരിഭാഗവും തകർന്ന് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ അവസ്ഥയിലാണ്.
നേരിട്ടിറങ്ങി കളക്ടർ
മണത്തലയിൽ ദേശീയപാത സർവീസ് റോഡിൽ ഫുട്പാത്തില്ലാത്തത് സ്‌കൂൾ കുട്ടികൾക്ക് ദുരിതമായതോടെയാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നേരിട്ട് ഇടപെട്ടത്. മണത്തല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക് പോലും ഇതുവഴി സുരക്ഷിതമായി നടക്കാൻ കഴിയാത്ത സാഹചര്യം ജില്ലാ വികസന സമിതിയിലും ചർച്ചയായിരുന്നു. തുടർന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കളക്ടർ നൽകി. ഇതിന്റെ ഭാഗമായി മണത്തലയിൽ ഫുട്പാത്ത് നിർമ്മാണം ആരംഭിച്ചു. നിർമ്മാണം പുരോഗമിക്കുന്ന സ്ഥലം കളക്ടർ സന്ദർശിച്ചു. സ്ഥലം ലഭ്യമായ പ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കകം നിർമ്മാണം പൂർത്തിയാക്കുമെന്നും ഭൂമി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കേണ്ട സ്ഥലങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചതായി കളക്ടർ പറഞ്ഞു. നിർമ്മാണം വേഗം പൂർത്തിയാക്കാനും കളക്ടർ നിർദ്ദേശം നൽകി.
'ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധന നടത്തും.'
ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |