
തൃശൂർ: പുഞ്ച -മുണ്ടകൻ കൃഷിക്ക് തുടക്കം കുറിക്കാനിരിക്കെ രാസവളം വില കുത്തനെ കൂടിയത് നെൽക്കർഷകർക്ക് ആശങ്ക. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണ് വില. കർഷകർ ഏറ്റവും അധികം ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയവയ്ക്കാണ് വില വർദ്ധനവ്. ഇതോടെ കാർഷിക പ്രവൃത്തികൾക്കും ചെലവേറുകയാണ്. നെൽക്കർഷകർ മാത്രമല്ല, തെങ്ങ്, വാഴ, പച്ചക്കറി കർഷകരും പ്രതിസന്ധിയിലാണ്. മാള, ഒല്ലൂക്കര, പഴയന്നൂർ മേഖലകളിലും കോൾ പാടശേഖരങ്ങളിലും വിതയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനിടെയാണ് വിലക്കയറ്റം. ജില്ലയിലെ 13,000ഹെക്ടറോളം വരുന്ന കോൾ പാടശേഖരങ്ങളിലായി ഏകദേശം 30,000 ഓളം നെൽക്കർഷകരുണ്ട്. സെപ്തംബർ പകുതിയോടെ പാടങ്ങളിലെ വെള്ളം വറ്റിച്ച് ഒക്ടോബറോടെ വൈകിയുള്ള പുഞ്ചക്കൃഷിക്ക് വിതയൊരുക്കാറാണ് പതിവ്. മറ്റ് ഉയർന്ന പ്രദേശങ്ങളിലെ മുണ്ടകൻ നെൽക്കൃഷിക്കും സെപ്തംബറിൽ തുടക്കമാകും. നിലം ഒരുക്കിയ ശേഷം വിതച്ചാൽ 25-30 ദിവസത്തിനകവും നടീലിന് ശേഷം 10 -20 ദിവസത്തിനകവും നെല്ലിന് വളമിടണം. ഒരു ഏക്കർ വരുന്ന നെൽക്കൃഷിക്ക് രണ്ട് ചാക്ക് ഫാക്ടംഫോസ്, ഒരു ചാക്ക് യൂറിയ, ഒരു ചാക്ക് പൊട്ടാഷ് എന്നിവ ആവശ്യമാണ്. വളത്തിനു മാത്രം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിത്തുക ഇക്കുറി കർഷകർ മാറ്റിവയ്ക്കേണ്ടിവരും. എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി വരൾച്ച രൂക്ഷമായാൽ ജലലഭ്യത കുറയുമെന്ന ഭീതിക്കിടെ ഉത്പാദനച്ചെലവ് വർദ്ധിക്കുന്നതിൽ ജില്ലയിലെ കർഷകർ കടുത്ത ആശങ്കയിലാണ്.
തെങ്ങ്, വാഴ കർഷകർക്കും തിരിച്ചടി
87000 ഹെക്ടറിൽ തെങ്ങ് കൃഷി ചെയ്യുന്ന 80,000 ഓളം പേരെയും 5000 ഹെക്ടറിലധികം കൃഷിയിറക്കുന്ന അരലക്ഷത്തിലധികം വാഴക്കർഷകരെയും അത്രയോളം വരുന്ന പച്ചക്കറി കർഷകരെയും രാസവളം വില പ്രതികൂലമായി ബാധിക്കും. ഓണം ലക്ഷ്യമിട്ടാണ് പച്ചക്കറി, വാഴ കർഷകർ ഇപ്പോൾ കൃഷിയിറക്കുന്നത്. ഒരു വാഴയ്ക്ക് മൂടൊന്നിന് ശരാശരി ഒരു കിലോയോളം ഫാക്ടംഫോസാണ് ആവശ്യം. ആദ്യഘട്ടത്തിൽ 250 ഗ്രാമും തുടർന്ന് പ്രതിമാസം 100 ഗ്രാം വീതവുമാണ് വാഴയ്ക്കുള്ള വളപ്രയോഗ രീതി. 50 വാഴകളുള്ള കർഷകന് ഒരു ചാക്ക് വളം വിളവെടുപ്പ് കാലയളവിനിടെ പൂർണമായും വേണ്ടിവരും. വർഷത്തിൽ രണ്ടുതവണ ഒരു കിലോഗ്രാം വീതം ഫാക്ടംഫോസും പൊട്ടാഷും ആവശ്യമാണ്.
എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി വരൾച്ച ജില്ലയിൽ രൂക്ഷമാകില്ലെന്നാണ് കണക്കുകൂട്ടൽ. എങ്കിലും മഴക്കുറവ് മുന്നിൽ കണ്ട് കൃഷി മുൻകൂട്ടി ഇറക്കാനും കുറഞ്ഞ മൂപ്പുള്ള വിത്തിനങ്ങൾ ഉപയോഗിക്കാനും കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- നിംബ ഫ്രാങ്കോ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, തൃശൂർ
വളംവില വർദ്ധനവ്
വളം (ചാക്ക് അളവ്).................കഴിഞ്ഞവർഷത്തെ വില...................ഇപ്പോൾ വില
ഫാക്ടംഫോസ് (50 കി.ഗ്രാം).....................1,425.................................2,150
പൊട്ടാഷ് (50 കി.ഗ്രാം)................................1,700.................................2,200
യൂറിയ (45 കി.ഗ്രാം)....................................266.50............................266.50 (മാറ്റമില്ല)
ഡി.എ.പി (50 കി.ഗ്രാം)...............................1,350.............................1,350 (മാറ്റമില്ല)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |