
കേരളകോൺഗ്രസ് വീണ്ടും പിളർപ്പിലേക്കോ
തൃശൂർ: ജില്ലയിലെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇന്നലെ സംഭവ ബഹുല ദിവസമായിരുന്നു. ഒരുഭാഗത്ത് അവരുടെ കരുത്തനായ നേതാവ് തോമസ് ഉണ്ണിയാടന് സൗഹൃദക്കൂട്ടായ്മയൊരുക്കിയ സ്വീകരണം. മറുഭാഗത്ത് ഇരിങ്ങാലക്കുടയിൽ ജില്ലാ കൺവെൻഷൻ. കൺവെൻഷനു പുറത്ത് പാർട്ടി നേതാക്കൾ തമ്മിൽ തമ്മിലടി. ജോസഫ് വിഭാഗത്തിലെ അതൃപ്തി മറനീക്കി പുറത്ത് വന്നിട്ട് നാളുകളായെങ്കിലും ഇത്തരത്തിൽ പരസ്യമായ തമ്മിൽതല്ല് സമീപകാലത്ത് ഇതാദ്യം.
ഉണ്ണിയാടൻ അനുഭാവികളാണ് സ്വീകരണം നൽകിയതെങ്കിലും വേദിയിലും സദസിലുമെല്ലാം കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ നിര. യോഗം ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപൻ ഉണ്ണിയാടനെ വാനോളം പുകഴ്ത്തി. ഈ നേരവും കടന്നുപോകുമെന്ന പ്രതീക്ഷാ വാക്കുകളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഡോ.പി.വി.കൃഷ്ണൻ നായർ, ജോസ് വള്ളൂർ,കെ.വി.ദാസൻ, അബ്ദുറഹിമാൻ കുട്ടി, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ എം.പി.ജാക്സൺ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ കെ.കെ.ബിനു എന്നിവർ പങ്കെടുത്തു.
അതൃപ്തി പരസ്യമാക്കി...വികാരധീനനായി ഉണ്ണിയാടൻ
കേരള കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ വളർന്ന് താഴെ തട്ടിൽനിന്ന് മുകളിലേക്ക് വന്ന പ്രവർത്തകനാണ് താനെന്ന് ഉണ്ണിയാടൻ പറഞ്ഞു. ഇരിങ്ങാലക്കുടയെന്ന ചുവപ്പ് കോട്ടയിൽ ആദ്യമായി യു.ഡി.എഫിന് വിജയം നേടികൊടുത്തു. 2016വരെ തുടർന്നു. ഇത്തവണ വീണ്ടും ഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നെ സനേഹിക്കുന്ന പലരും എനിക്ക് നല്ലൊരു സ്ഥാനം ലഭിക്കുമെന്നും പ്രതീക്ഷിച്ചു. എല്ലാവരും എന്നോട് ചോദിച്ചു, വിഷമം ഇല്ലേ എന്ന്. എന്നാൽ ഇപ്പോൾ പറയുന്നു തനിക്ക് വിഷമുണ്ടായി. മികച്ച ഭരണം നടത്തുന്ന വി.ഡി.സതീശന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളകോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് സി.വി.കുരിയാക്കോസ് ഉൾപ്പടെയുള്ളവരെ വിളിച്ചിരുന്നില്ല.
മക്കൾക്കല്ല സ്ഥാനം നൽകേണ്ടത്; ടി.എൻ.പ്രതാപൻ
തോമസ് ഉണ്ണിയാടനെ പോലുള്ള മുതിർന്ന നേതാക്കളുള്ളപ്പോൾ മക്കൾക്കല്ല സ്ഥാനം നൽകേണ്ടതെന്ന് പി.ജെ.ജോസഫിന് ഒളിയമ്പുമായി എ.ഐ.സി.സി.സെക്രട്ടറി ടി.എൻ.പ്രതാപൻ. മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങിൽ മന്ത്രിമാരുടെ പേര് വിളിക്കുമ്പോൾ ഉണ്ണിയാടനെ സ്നേഹിക്കുന്നവർ ആ പേര് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വരും നാളുകളിൽ അദ്ദേഹം ഉന്നത സ്ഥാനത്തെത്തുമെന്ന് പ്രതാപൻ കൂട്ടിചേർത്തു.
പാർട്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; സി.വി. കുര്യാക്കോസ്
സ്ഥാനമാനങ്ങൾ ലഭിക്കുമ്പോൾ പാർട്ടിയെ പുകഴ്ത്തുകയും ലഭിക്കാത്താപ്പോൾ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഉണ്ണിയാടന്റെ രീതി ശരിയല്ലെന്ന് കേരളകോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് സി.വി.കുരിയാക്കോസ് ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |