
തൃശൂർ: ലോകോത്തര നിലവാരമുള്ള ആയിരം നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ' മ്മ്‌ടെ ' തൃശൂർ. കൊച്ചിയെയും മറ്റ് നഗരങ്ങളെയും പിന്നിലാക്കി ലോകോത്തര നിലവാരത്തലേക്ക് തൃശൂർ ഉയർന്നപ്പോൾ, അത് ഓരോ തൃശൂർക്കാരന്റെയും അഭിമാന നിമിഷമായി മാറുകയാണ്. സാമ്പത്തികം, മാനവവിഭവ ശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നീ 5പ്രധാന ഘടകങ്ങൾ വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കിയത്.
കൊച്ചി, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നിവയാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങൾ. ദേശീയതലത്തിൽ ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങൾക്ക് തൊട്ടുപിന്നിലായി ഏഴാം സ്ഥാനത്ത് തൃശൂർ നിലയുറപ്പിച്ചു. ഇന്ത്യയിലെ ആകെ 90 നഗരങ്ങളാണ് പട്ടികയിലുള്ളത്. കഴിഞ്ഞ വർഷം കൊച്ചിയായിരുന്നു കേരളത്തിൽ ഒന്നാമത്. തൃശൂർ രണ്ടാമതും. വിദ്യാഭ്യാസവും ആരോഗ്യവും തിളങ്ങിനിൽക്കുകയാണ്. ബാങ്കിംഗ് മേഖല, സ്വർണവ്യാപാരം ആസ്ഥാനമായിമാത്രമല്ല, നോൺബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും കോർപ്പറേറ്റ് സാന്നിധ്യത്തിന്റെയും കേന്ദ്രമായി തൃശൂർ മാറിയതിന്റെ തെളിവാണ് ഈ അംഗീകാരം.
ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഇൻഡെക്‌സിലെ മാനദണ്ഡങ്ങളിൽ സാമ്പത്തിക സ്ഥിതി (30%), ജീവിതനിലവാരം(25%), മാനവവിഭവശേഷി (25%) എന്നിവയിലെല്ലാം തൃശൂരിന്റെ മുന്നേറ്റം വ്യക്തമാണ്. കേരള കലാമണ്ഡലം, ആരോഗ്യ സർവ്വകലാശാല, കാർഷിക സർവ്വകലാശാല സാഹിത്യ-കലാ അക്കാഡമികൾ എന്നിവയുടെ പ്രവർത്തനവും നേട്ടത്തിന് പരിഗണിക്കുന്നതിൽ നിർണായകമായി. നേരത്തെ സാംസ്‌കാരിക തനിമയാലും വിദ്യാഭ്യാസ മികവിനാലും വൈവിദ്ധ്യം കൊണ്ടും ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ കോർപ്പറേഷനെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനെസ്‌കോ പഠന നഗരമായി തിരഞ്ഞെടുത്തിരുന്നു.
ഈ നേട്ടങ്ങളെല്ലാം നിലനിറുത്തി കൊണ്ടു പോകുകയെന്നത് അല്ല, കൂടുതൽ മുന്നോട്ട് പോകാൻ സാധിക്കണം. തൃശൂരിനെ സംബന്ധിച്ച് ഈ നേട്ടം സന്തോഷം പകരുന്നതാണ്.
(ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ)
പരിഗണിച്ച വിഷയം
സാമ്പത്തിക സ്ഥിതി
മാനവവിഭവശേഷി
ജീവിതനിലവാരം
പരിസ്ഥിതി
ഭരണ നിർവഹണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |