
തൃശൂർ: കോഴിക്കോട് ബൈക്കപകടത്തിൽ മരിച്ച കാലിക്കറ്റ് എഫ്.സി പ്രതിരോധനിര താരം റിജോൺ ജോസിന് (29) നാട് അന്ത്യാഞ്ജലി അർപ്പിച്ചു. ഭൗതികദേഹം ഇന്നലെ രാവിലെ ആനക്കല്ലിലെ വസതിയിൽ പൊതുദർശനത്തിനു വച്ചശേഷം വൈകിട്ട് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോനപള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ആനക്കല്ല് അമ്പാടിനഗർ മാളിയേക്കൽ മുക്കാട്ടുകരക്കാരൻ എം.പി.ജോസിന്റെയും ട്രീസയുടെയും മകനാണ്. അവിണിശ്ശേരി സെന്റ് ജോസഫ്‌സ് പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകൾ നടന്നത്. താലോർ ദീപ്തി ഹയർസെക്കൻഡറി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് റിജോൺ ഫുട്‌ബാൾ രംഗത്തേക്ക് കടന്നുവരുന്നത്. പരിശീലകൻ ഒല്ലൂർ ആനന്ദ ബാബുവിന്റെ ശിക്ഷണത്തിലൂടെ പ്രതിരോധതാരമായി മാറിയ റിജോൺ, സെന്റ് തോമസ് കോളേജ്, കാലിക്കറ്റ് സർവകലാശാല ടീമുകളിൽ തിളങ്ങി. ശ്രീഭൂമി എഫ്.സി,ജോർജ് ടെലിഗ്രാഫ് എഫ്.സി, എഫ്.സി ഡെക്കാൻ, ഫോഴ്‌സ കൊച്ചി എഫ്.സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞു.
മന്ത്രി ഒ.ജെ.ജനീഷ്, മുൻ ഇന്ത്യൻ താരം ഐ.എം.വിജയൻ, കാലിക്കറ്റ് എഫ്.സി അസി.കോച്ച് ബിബി തോമസ്, പരിശീലകൻ ബിനോ ജോർജ്, സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.കെ.എ.മാർട്ടിൻ, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |