
തൃശൂർ: ജില്ലയിലെ മലയോര, ജനവാസ മേഖലകളിൽ അടുത്തിടെയായി പുലിയെ കാണുന്നതും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമായ സംഭവങ്ങൾ ഭീതിയാകുന്നു. കാട്ടാനാക്രമണങ്ങളിൽ ജനം പൊറുതിമുട്ടുന്നതിനിടെയാണ് പുലി ആക്രമണവും. ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും നിരന്തരം പുലി ഭീഷണി ഉയരുന്നത് ആശങ്കയാണ്. അതിരപ്പിള്ളി ഡിവിഷനിലെ പ്ലാന്റേഷൻ മേഖല, വരന്തരപ്പിള്ളി പാലപ്പിള്ളി, കുണ്ടായി എസ്റ്റേറ്റ് മേഖലയിലെ ജനവാസ മേഖല എന്നിവിടങ്ങളിൽ സ്ഥിരം പുലി സാന്നിദ്ധ്യമാണ്. ഇതിനിടെയാണ് മറ്റത്തൂർ പഞ്ചായത്തിൽ പുലി സാന്നിദ്ധ്യം കണ്ടത്. ചാലക്കുടി നഗരത്തിന് 150മീ. അകലെ വരെ മാസങ്ങൾക്ക് മുൻപ് പുലിയെ കണ്ടെത്തിയിരുന്നു. മറ്റത്തൂരിൽ പുലി തന്നെയാണ് ഇറങ്ങിയതെന്ന് സി.സി.ടി.വി ക്യാമറകളിലൂടെ വ്യക്തമായി. പുലിയിറങ്ങി നിരവധി വളർത്തുമൃഗങ്ങളെയാണ് കൊന്നത്. പുലിയെ കാണുമ്പോൾ കൂടുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും കൃത്യമായ നിരീക്ഷണം നടത്തുന്നില്ലെന്നാണ് പരാതി.വേനലായതോടെ കൂടുതൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലെത്തുന്നുണ്ട്. വനംവകുപ്പ് അധികൃതർ വേണ്ടത്ര നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
പാലപ്പിള്ളിയിൽ തുടർച്ചയായി 4ദിവസം
പാലപ്പിള്ളി എസ്റ്റേറ്റിൽ തുടർച്ചയായി നാലുദിവസമാണ് പുലിയെ കണ്ടത്. വളർത്തുമൃഗങ്ങളെ കൊന്ന പുലിയെ പിടിക്കുന്നതിന് കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. അതിരപ്പിള്ളി ഡിവിഷനിലെ പതിനെട്ടാം ബ്ലോക്കിൽ പുളിക്കൽ ബിജുവിന്റെ കറവ പശുവിനെ പുലി കൊന്നിരുന്നു. അതിരപ്പിള്ളി കാലടി പ്ലാന്റേഷനിലും പശുവിനെ കൊന്നു. എഴാറ്റുമുഖം മേഖലയിലും പുലിയുടെ ആക്രമണം ഉണ്ടായി.
പുലിസാന്നിധ്യം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പുതുക്കാട് പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റ് മേഖലയിൽ വരന്തരപ്പിള്ളി മുൻ പഞ്ചായത്തഗം ഷീല ശിവരാമന്റെ പശുവിനെ പുലി കൊന്നു. ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പശുവിന്റെ ശരീരഭാഗങ്ങൾ കണ്ടത്. ചാലക്കുടി ടൗൺ പരിസരം (കണ്ണമ്പുഴ ക്ഷേത്രം റോഡ്) വനമേഖലകളിൽ മാത്രമല്ല, ചാലക്കുടി ടൗണിന് തൊട്ടടുത്തുള്ള ജനവാസ മേഖലയിലും പുലിയിറങ്ങിയിരുന്നു. കണ്ണമ്പുഴ അമ്പലം റോഡിലുള്ള വീടിന്റെ സി.സി.ടി.വിയിലാണ് പുലി നടന്നുപോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ബസ്സ്റ്റാൻഡിന് വെറും 150മീ. മാത്രം മാറിയാണ് പുലിസാന്നിധ്യം സ്ഥിരീകരിച്ചത്.
വെട്ടിക്കുഴിയിലും പണ്ടാരം പാറയിലും പുലി കുടുങ്ങി
ചാലക്കുടി (കോടശ്ശേരി വെട്ടിക്കുഴി) ചാലക്കുടിക്ക് സമീപമുള്ള കോടശ്ശേരി വെട്ടിക്കുഴിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുള്ളിപ്പുലിയെ വനംവകുപ്പ് വിജയകരമായി കൂടുക്കിയിരുന്നു. പ്രദേശത്തെ വീടുകളിലെ കോഴികളെയും വളർത്തുമൃഗങ്ങളെയും നിരന്തരം പുലി ആക്രമിച്ചിരുന്നു. ഇതോടെ പ്രദേശവാസിയായ ചാക്കലാക്കൽ ജോയിയുടെ വീട്ടുപറമ്പിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ പുലി അകപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |