
ചാലക്കുടി: കേരളത്തിന്റെയും കോൺഗ്രസിന്റെയും അഭിമാനമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ സ്മരണാർത്ഥം ദേശീയപാതയോരത്ത് നിർമ്മിച്ച സ്മാരകകേന്ദ്രം ഇന്നും നോക്കുകുത്തി. പാതിവഴിയിലെത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് വർഷം അഞ്ചു തികയുന്നു. കോൺട്രാക്ടർക്ക് നൽകേണ്ടതും തുടർ പ്രവർത്തനങ്ങൾക്കുമുള്ള പണം എങ്ങനെ സ്വരൂപിക്കുമെന്ന് പനമ്പിള്ളി ഗോവിന്ദമേനോൻ ജന്മശതാബ്ദി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് ഇപ്പോൾ എത്തും പിടിയുമില്ല. ലൈബ്രറി,കോൺഫ്രൻസ് ഹാൾ എന്നിവയടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത് 2000ലാണ്. ഇഴഞ്ഞു നീങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ അധികം വൈകാതെ നിലച്ചു. മുൻ എം.പി പി.സി ചക്കോയുടെ നേതൃത്വത്തിൽ വലിയൊരു തുക ഇതിനായി സ്വരൂപിച്ചിരുന്നു. മുൻ എം.എൽ.എ ടി.യു.രാധാകൃഷ്ണൻ, അന്തരിച്ച സി.പി.പോൾ എന്നിവർ അടങ്ങിയ സമിതിയാണ് പനമ്പിള്ളി സ്മാരക കേന്ദ്രത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നിച്ചത്. കെട്ടിടം നിർമ്മിച്ചത് ദേശീയപാതയുടെ ഭൂമിയിലാണെ പരാതിയിൽ അന്വേഷണവുമുണ്ടായി. ഇതോടെ കെട്ടിടത്തിന് നഗരസഭ നമ്പറും നൽകിയില്ല. ഇതെല്ലാം നേരെയാക്കാൻ കോൺഗ്രസ് നേതാക്കൾക്ക് നേരവും ഇല്ലായിരുന്നു. തുമ്പൂർമുഴി ഇറിഗേഷൻ പദ്ധതിയടക്കം ചാലക്കുടിക്ക് നിരവധി സംഭാവനകൾ നൽകിയ പനമ്പിള്ളിയെ ഓർക്കുന്നതിനു അദ്ദേഹത്തിന്റെ നാമധേയത്തിൽ തുടങ്ങിവച്ച സ്മാരക കേന്ദ്രം പൂർത്തിയാക്കാൻ ഇപ്പോൾ ആരുമില്ലാത്ത അവസ്ഥയാണ്.
അധികൃതരുടെ അനാസ്ഥ
20 ലക്ഷത്തോളം രൂപ ഇതിനകം ചെലവഴിച്ചു. കെട്ടിടത്തിന് തൊട്ടടുത്ത് സ്ഥാപിച്ച ഗോവിന്ദമേനോന്റെ പൂർണ്ണമായ പ്രതിമയിൽ ജന്മ ചരമ ദിനങ്ങളിൽ പുഷ്പാർച്ചന വർഷത്തിൽ രണ്ട് തവണ പേരിനുമാത്രമായി ചടങ്ങുകൾ നടന്നുവരുന്നു. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ 1998ൽ അന്നത്തെ രാഷ്ട്രപതി കെ.ആർ നാരായണൻ അനാച്ഛാദനം ചെയ്ത പ്രതിമയാണിത്. വാഹനാപകടത്തിൽ തകർന്ന പ്രതിമ വർഷങ്ങൾക്കുശേഷമാണ് സ്ഥലം മാറ്റി ഇവിടെ പുനസ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |