SignIn
Kerala Kaumudi Online
Friday, 02 October 2026 3.35 AM IST

റാലി പിന്നാലെ പ്രതിഷേധങ്ങളും ; നഗരം 'ബ്ലോക്കിൽ'

തൃശൂർ: രാവിലെ റാലി, പിന്നാലെ മാർച്ച്, പിന്നെയും പ്രതിഷേധ പ്രകടനം... ഇന്നലെ തൃശൂർ നഗരം സമരങ്ങളുടെ തിരക്കിലായിരുന്നു. ഓരോ പ്രകടനം കടന്നുപോകുമ്പോഴും ഗതാഗത നിയന്ത്രണം. പിന്നാലെ നീണ്ട കുരുക്ക്. ജോലിക്കും പഠനത്തിനുമായി നഗരത്തിലെത്തിയവരും വൈകിട്ട് വീടുകളിലേക്ക് മടങ്ങിയവരുമെല്ലാം ഇതോടെ നട്ടംതിരിഞ്ഞു. കോർപ്പറേഷൻ ജന്മദിനത്തോടനുബന്ധിച്ച റാലിയോടെയായിരുന്നു തുടക്കം. കോർപ്പറേഷൻ ഓഫീസിൽനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലി നഗരത്തിലൂടെ കടന്നുപോയതോടെ പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും കുരുക്കിൽപ്പെട്ടു.
തുടർന്ന് വിവിധ സംഘടനകളുടെ മാർച്ചുകളും പ്രതിഷേധ പ്രകടനങ്ങളും നഗരത്തിൽ അരങ്ങേറി. ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസ് മാർച്ച് നടന്നു. വൈകിട്ട് എസ്.എഫ്.ഐയുടെ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് മാർച്ച്, തിരുവനന്തപുരത്തെ അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ ഏജീസ് ഓഫീസ് മാർച്ച്, മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ പ്രകടനം എന്നിവ കൂടി നടന്നതോടെ കുരുക്ക് രൂക്ഷമായി. വൈകിച്ച് നടന്ന എസ്.എഫ്.ഐ മാർച്ചിന് മുന്നോടിയായി പട്ടാളം റോഡ് ഏകദേശം രണ്ടരമണിക്കൂറോളം അടച്ചിട്ടത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി. ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ പലർക്കും കൃത്യസമയത്ത് ബസ് ലഭിച്ചില്ല. ആംബുലൻസുകകളും കുരുക്കിൽപ്പെട്ടു.

ഓട്ടവും നഷ്ടം

സമരങ്ങളെ തുടർന്ന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ഓട്ടോറിക്ഷക്കാരാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പലരും സർവീസ് നിറുത്തിവച്ചു. ബ്ലോക്കിൽപ്പെട്ട് ഓടിയാൽ ഇന്ധനച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറഞ്ഞു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പലപ്പോഴും ചുറ്റിക്കറങ്ങേണ്ടിവരുന്നതും അധിക ചെലവിന് കാരണമായി.

ബ്ലോക്കിന്റെ വഴികൾ

രാവിലെ 9: കോർപറേഷൻ ജന്മദിന റാലി,കോർപറേഷൻ ഓഫീസിൽ നിന്ന് ആരംഭിച്ച് വാഹനങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര

രാവിലെ 11: പി.കെ. കൃഷ്ണദാസിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. സിറ്റി ജില്ലാ കമ്മിറ്റിയുടെ കമ്മീഷണർ ഓഫീസ് മാർച്ച്

വൈകിട്ട് 4.30: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് മാർച്ച്

വൈകിട്ട് 4.45: തിരുവനന്തപുരത്തെ അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ ഏജീസ് ഓഫീസ് മാർച്ച്

വൈകിട്ട് 5.30: മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL