തൃശൂർ: ട്രെയിൻ പാഞ്ഞെത്തുന്നതിനിടെ പാളത്തിൽ തലവച്ച് യുവാവ്... നിമിഷങ്ങൾക്കകം ഓടിയെത്തി പൊലീസുകാരൻ. ട്രെയിനിനും ട്രാക്കിനുമിടയിൽ കുടുങ്ങിയ യുവാവിനെ പുറത്തേക്ക് വലിച്ചെടുത്ത് രക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സെപ്തംബർ 30ന് വൈകീട്ട് 5.49ഓടെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സംഭവം. ഝാർഖണ്ഡ് ലത്തേഹാർ, ബർവാഡി ഖുറ സ്വദേശി കാമേഷ് കുമാർ സിംഗ് (35) ആണ് പാളത്തിൽ തലവച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ സ്മിലേഷ് സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവാവിനെ രക്ഷിക്കുകയായിരുന്നു. സ്മിലേഷിന്റെ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ബഹളം കേട്ട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വിഷ്ണു, പ്രദീപ് കുമാർ, അരുൺ കുമാർ എന്നിവരും സ്ഥലത്തെത്തി. തുടർന്ന് ആംബുലൻസ് വരുത്തി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |