
തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ ചെയർമാനായി ഗായകൻ ജി.വേണുഗോപാലും സെക്രട്ടറിയായി എൻ.വി.പ്രദീപ് കുമാറും ഇന്ന് ഉച്ചയ്ക്ക് 2.30ന് തൃശൂരിലെ അക്കാഡമി ഓഫീസിൽ വച്ച് ചുമതലയേൽക്കും. നാടകകൃത്ത് ഹേമന്ത് കുമാർ വൈസ്ചെയർമാനായും പദവിയേറ്റെടുക്കും.
കെ.ജെ.യേശുദാസിനു ശേഷം ആദ്യമായാണ് ഒരു ഗായകൻ അക്കാഡമിയുടെ ചെയർമാൻ പദവിയിലെത്തുന്നത്. പുതിയ ചുമതലയിൽ സന്തോഷമുണ്ടെന്ന് വേണുഗോപാൽ കേരളകൗമുദിയോട് പറഞ്ഞു. മന്ത്രി പി.സി.വിഷ്ണുനാഥാണ് പുതിയ ഭാരവാഹികളെ നിയോഗിച്ചത്. അക്കാഡമിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്‌ഫോക് ജനുവരിയിൽ തന്നെ കൃത്യമായി സംഘടിപ്പിക്കാനാണ് പുതിയ ഭരണസമിതി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു.
സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്വം പൂർണമായും ഏറ്റെടുത്ത് പ്രാവർത്തികമാക്കും. അക്കാഡമിയുടെ നിയമാവലിക്കുള്ളിൽ നിന്ന് വിപ്ലവകരവും വ്യത്യസ്തവുമായ പുതിയ പരിപാടികൾ ചെയർമാൻ ജി.വേണുഗോപാലിന്റെയും വൈസ് ചെയർമാൻ ഹേമന്ത് കുമാറിന്റെയും സഹകരണത്തോടെ മുന്നോട്ട് കൊണ്ടുപോകും.
- എൻ.വി.പ്രദീപ് കുമാർ
ലളിതകലാ അക്കാഡമി ഭാരവാഹികളും ചുമതലയേൽക്കും
കേരള ലളിതകലാ അക്കാഡമിയുടെ പുതിയ ഭാരവാഹികളും ഇന്ന് ചുമതലയേൽക്കും. തൃശൂരിലെ അക്കാഡമി അങ്കണത്തിൽ രാവിലെ 11.30ന് പ്രൊഫ.പ്രകാശ് മൂർത്തി ചെയർമാനായും ടി.ആർ. ഉദയകുമാർ വൈസ്ചെയർമാനായും വൈക്കം എം.കെ.ഷിബു സെക്രട്ടറിയായും ചുമതലയേൽക്കും.
ലളിതകലാ അക്കാഡമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സജീവവുമാക്കുന്നതിനുള്ള അടിയന്തര നടപടികളിലേക്ക് കടക്കുമെന്നും ഫണ്ടിന്റെ ലഭ്യതക്കുറവാണ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും സെക്രട്ടറിയായി ഇന്ന് ചുമതലയേൽക്കുന്ന വൈക്കം ഷിബു കേരളകൗമുദിയോട് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിലടക്കം പ്രയാസങ്ങളുണ്ടെന്നും പ്ലാൻ, നോൺപ്ലാൻ ഫണ്ടുകൾ ലഭ്യമാക്കാൻ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് ഇടപെടലുകൾ അടിയന്തരമായി നടത്തുമെന്നും
പറഞ്ഞു.
കലാകാരന്മാർക്ക് അർഹമായ അവസരങ്ങൾ ലഭിക്കാതെ വലിയൊരു ഇടവേള ഉണ്ടായിട്ടുണ്ട്. ആ സ്ഥിതിക്ക് മാറ്റം വരുത്തി അക്കാഡമിയെ വീണ്ടും സജീവമാക്കുകയാണ് ലക്ഷ്യം. മുൻപ് അക്കാഡമിയിൽ പ്രവർത്തിച്ച പരിചയസമ്പത്ത് ഇതിനായി പ്രയോജനപ്പെടുത്തും. കൃത്യമായ ആസൂത്രണത്തോടെയും എല്ലാവരെയും ഏകോപിപ്പിച്ചും മുന്നോട്ടുപോകും.
- വൈക്കം എം.കെ.ഷിബു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |