SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.16 AM IST

 ഇനി തീവ്രതിരുത്തൽ കണ്ണൂരോ? കെ.കെ. രാഗേഷിന് നിർണായകം

ragesh
കെ.കെ. രാഗേഷ്

കണ്ണൂർ: പാലക്കാട്ട് ജില്ലാ സെക്രട്ടറിയെ മാറ്റിയ സി.പി.എം നടപടി കണ്ണൂരിലും നേതൃമാറ്റത്തിന് വഴിയൊരുക്കുമോ എന്ന ചോദ്യം പാർട്ടിക്കുള്ളിലും പുറത്തും ശക്തമായി. ഈ മാസം 18, 19 തീയതികളിൽ കണ്ണൂരിൽ ചേരുന്ന വിശാല ജില്ലാ കമ്മിറ്റി യോഗം കണ്ണൂർ സി.പി.എമ്മിൽ നിർണായകമാകുകയാണ്.
ഞായറാഴ്ച ചേർന്ന വിശാല ജില്ലാ കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് ഇ.എൻ. സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. എട്ടുപേരെ ക്ഷണിതാക്കളായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സമ്മേളന കാലത്തല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സി.പി.എമ്മിൽ അസാധാരണമാണ്. തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്നുള്ള തിരുത്തൽ നടപടികളിൽ ഒരു ജില്ലാ സെക്രട്ടറി പുറത്താകുന്നതും ഇതാദ്യമാണ്.

പാലക്കാട്ടെ നടപടിക്ക് വ്യക്തിപരമായ പരാതികളുടെയും സംഘടനാ വീഴ്ചയുടെയും പശ്ചാത്തലമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂരിലെ സ്ഥിതി ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെ രാഗേഷിനെതിരായ വിമർശനം പൂർണമായും തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വത്തെച്ചൊല്ലിയാണ്.
2025 ഏപ്രിലിൽ എം.വി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാറിയതിനെത്തുടർന്നാണ് രാഗേഷ് ജില്ലാ സെക്രട്ടറിയായത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഇത്തവണ പാർട്ടിക്ക് കാലിടറി. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായ വി. കുഞ്ഞികൃഷ്ണനാണ് പയ്യന്നൂരിൽ ജയിച്ചത്. സ്വജനപക്ഷപാതം ആരോപിച്ച് പാർട്ടിവിട്ട ടി.കെ ഗോവിന്ദൻ തളിപ്പറമ്പിലും വിജയിച്ചു.
തോൽവിക്കു പിന്നാലെ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ നേതാക്കളുടെ ധാർഷ്ട്യവും അമിത ആത്മവിശ്വാസവും ചൂണ്ടിക്കാട്ടി വിമർശനം ഉയർന്നിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും പ്രശ്നപരിഹാരം കാണാൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും യോഗത്തിൽ ആക്ഷേപമുണ്ടായി. തോൽവി പരിശോധിക്കാൻ പാർട്ടി സമിതിയെയും നിയോഗിച്ചിരുന്നു.

പല ജില്ലകളിലും കനത്ത തോൽവിയുണ്ടായിട്ടും വിശാല ജില്ലാ കമ്മിറ്റികളിൽ സെക്രട്ടറിമാരെ മാറ്റിയിരുന്നില്ല. ശക്തികേന്ദ്രമായ ആലപ്പുഴയിൽപ്പോലും തോൽവിയുടെ പേരിൽ സെക്രട്ടറിക്ക് സ്ഥാനചലനമുണ്ടായില്ല. പാലക്കാട്ടെ തീരുമാനം തോൽവിയുടെ പേരിൽ മാത്രമല്ലെന്ന വാദം പാർട്ടിയിലുണ്ട്. ഈ വാദം കണ്ണൂരിൽ രാഗേഷിന് അനുകൂലമായി ഉയർത്താനിടയുണ്ട്.

വിവാദമായി പ്രതികരണങ്ങൾ

തോൽവിക്കുശേഷം കെ.കെ രാഗേഷിന്റെ ചില പ്രതികരണങ്ങളും വിവാദമായി. തളിപ്പറമ്പ് എല്ലാകാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്ന അദ്ദേഹത്തിന്റെ വാദത്തെ പാർട്ടിയിലെ ഒരു വിഭാഗം തള്ളി. പയ്യന്നൂരിലെ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കപ്പെടാതിരിക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. പയ്യന്നൂർ, തളിപ്പറമ്പ് തോൽവികൾ രാഗേഷിന്റെ കൂടി തെറ്റായ തീരുമാനങ്ങളുടെ ബാക്കിയാണെന്ന് വിമതർ ഉൾപ്പെടെ വാദിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL