ചെറുതുരുത്തി: ''ഇതെന്താണ്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?'' ആറാം തമ്പുരാനിലെ ജഗന്നാഥൻ ഉണ്ണിമായയെ കണ്ട് ചോദിച്ച ആ രംഗം മലയാളികളുടെ മനസിൽ നിന്നും മായാതെ നിൽക്കുന്നുണ്ട്. 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ സിനിമയിലെ ഈ രംഗത്തിന് പശ്ചാത്തലമായതോടെയാണ് ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്തെ മിത്രാനന്ദപുരം ക്ഷേത്രം ശ്രദ്ധ നേടിയത്. ഏകദേശം 4000 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിൽ ഇപ്പോൾ മറ്റൊരു വിസ്മയക്കാഴ്ച കൂടി ഒരുങ്ങിക്കഴിഞ്ഞു.
കാലപ്പഴക്കത്താൽ മങ്ങിത്തുടങ്ങിയ 400 വർഷത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ചുമർചിത്രങ്ങൾ പുനരുദ്ധാരണത്തിലൂടെ പഴമയുടെ പ്രൗഢിയിൽ വീണ്ടും മിഴി തുറന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിനു ചുറ്റുമുള്ള ചുമർചിത്രങ്ങളുടെ തനിമയും പാരമ്പര്യവും നിറക്കൂട്ടുകളും നിലനിറുത്തിയാണ് പുനരുദ്ധാരണം. ഗുരുവായൂർ ക്ഷേത്ര ചുമർചിത്രകലാ പഠനകേന്ദ്രത്തിലെ തോട്ടപ്പായമന ശാസ്ത്ര ശർമൻ പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഒൻപതു മാസത്തോളം സമയമെടുത്താണ് പുനരുദ്ധാരണം. ഭരണസമിതിയാണ് ഇതിന് മുൻകൈയെടുത്തത്.
സിനിമയിലൂടെ പ്രതാപം തിരികെ
ഭാരതപ്പുഴയുടെ തീരത്ത് പുതുശ്ശേരിയിലാണ് മിത്രാനന്ദപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണു മിത്രാനന്ദനായും ഭാരതപ്പുഴയ്ക്ക് അഭിമുഖമായി ഭദ്രകാളിയും സമീപത്ത് അയ്യപ്പനും പ്രതിഷ്ഠകളായി വാഴുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്. ഒരുകാലത്ത് ചുമർചിത്രങ്ങളുടെ മികവുകൊണ്ടും ആചാരാനുഷ്ഠാനങ്ങളുടെ പെരുമകൊണ്ടും ശ്രദ്ധേയമായിരുന്നു ക്ഷേത്രം. തൃപ്പൂണിത്തുറ രാജകുടുംബത്തിന്റെയും കൊച്ചി രാജവംശത്തിന്റെയും ബന്ധമുണ്ടായിരുന്ന ക്ഷേത്രത്തിന് പുഴയുടെ മറുകരയിലെ സാമൂതിരി രാജവംശവുമായും അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. മാമാങ്കത്തിൽ പങ്കെടുക്കാൻ പോലും ഇവിടെനിന്ന് ആളുകൾ പോയിരുന്നതായി പറയപ്പെടുന്നു.
തർക്കങ്ങളും അടച്ചിടലും
ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കങ്ങളും മറ്റ് പ്രശ്‌നങ്ങളും ക്ഷേത്രത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കി. ക്ഷേത്രം പൊളിച്ചുനീക്കാനുള്ള നീക്കങ്ങൾ ഉണ്ടായി. വർഷങ്ങളോളം അടഞ്ഞുകിടന്നു. ഇതിനിടെയാണ് 1996ൽ ആറാം തമ്പുരാൻ സിനിമയുടെ ചിത്രീകരണം ക്ഷേത്രത്തിൽ നടന്നത്. സിനിമ പുറത്തിറങ്ങിയതോടെ ക്ഷേത്രം വീണ്ടും ശ്രദ്ധാകേന്ദ്രമായി. ഇന്ന് നൂറുകണക്കിന് ഭക്തർ ദിവസേന ക്ഷേത്രത്തിലെത്തുന്നുണ്ട്. നിരവധി ഉത്സവങ്ങളും ചടങ്ങുകളും ഇവിടെയുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രങ്ങളുടെ തനിമ ഒട്ടും ചോരാതെ പുനരുജ്ജീവിപ്പിക്കുക ആധുനിക കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്.
പ്രസാദ് നമ്പൂതിരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |