
ചെറുതുരുത്തി: കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ ഇന്ന് പദവി ഒഴിയും. വീണ്ടും അദ്ധ്യാപന രംഗത്തേക്ക് മടങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം. രജിസ്ട്രാർ പദവി ഒഴിയുന്നതിന് അനുമതി തേടി സംസ്ഥാന സർക്കാരിന് നൽകിയ കത്തിന് എൻ.ഒ.സി. ലഭിച്ചതോടെയാണ് പദവി ഒഴിയുന്നത്.
തിരുവനന്തപുരം ഗവ.സംസ്കൃത കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന രാജേഷ് കുമാറിനെ 2022ലാണ് ഡെപ്യൂട്ടേഷനിൽ കലാമണ്ഡലം രജിസ്ട്രാറായി നിയമിച്ചത്. എറണാകുളം തൃപ്പൂണിത്തുറ ആയുർവേദ കോളേജിലേക്കാണ് നിലവിൽ മാറ്റം ലഭിച്ചിരിക്കുന്നത്. ഇവിടെനിന്ന് അവധിയിൽ പ്രവേശിച്ച് മറ്റൊരു സർവകലാശാലയിലേക്ക് മാറാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കലാമണ്ഡലത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും കഴിഞ്ഞ നാലുവർഷത്തിനിടെ നിർണായക ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന് സാധിച്ചു. വൈസ് ചാൻസലറുമായി ചേർന്ന് ടൂറിസം മേഖലയെ ബന്ധപ്പെടുത്തി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. കലാമണ്ഡലത്തെ സമ്പൂർണ സർവകലാശാലയാക്കുന്നതിനുള്ള നടപടികൾ, കലാപഠനത്തിനാവശ്യമായ പാഠപുസ്തകങ്ങൾ തയ്യാറാക്കൽ, കൊച്ചിയിൽ പുതിയ ഉപകേന്ദ്രം ആരംഭിക്കൽ, ട്രാവൽ മാർട്ടിൽ അംഗത്വം നേടൽ തുടങ്ങിയ പദ്ധതികൾക്കും നേതൃത്വം നൽകി.
സർവകലാശാലയുടെ പുതിയ ഭരണസമിതി അംഗങ്ങളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനുപുറമേ പുതിയ രജിസ്ട്രാറെയും സർക്കാർ, സാംസ്കാരിക വകുപ്പ് നിയമിക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |