
തൃശൂർ: തേക്കിൻക്കാട് മൈതാനത്തെ കിണറുകൾ നാശത്തിന്റെ വക്കിലായിട്ട് നാളേറെയായിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്. മൈതാനത്തിന് ചുറ്റും വലിയ മൂന്നു കിണറുകളാണുള്ളത്. എല്ലാം സംരക്ഷണമില്ലാതെ നശിക്കുകയാണ്. തെക്കേ ഗോപുരനട, സി.എം.എസ് സ്‌കൂളിന് മുൻവശം, നായ്ക്കനാൽ എന്നിവയാണ് തേക്കിൻക്കാട് മൈതനത്തെ കിണറുകൾ. വർഷങ്ങൾക്ക് മുൻപ് ടി.വി.എസ് ഗ്രൂപ്പ് കിണറുകൾക്ക് കമ്പികൾ സ്ഥാപിച്ച് സംരക്ഷണമൊരുക്കിയെങ്കിലും പിന്നീട് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സംരക്ഷണവും ഉണ്ടായില്ല.
ഇന്നലെ തെക്കേ ഗോപുര നടയിലെ ഇറക്കത്തിൽ സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള കിണറിന്റെ ഗ്രില്ലിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് ഒരാൾ മരിച്ചിരുന്നു.
ഈ കിണറിന്റെ മുകൾ ഭഗത്തെ നെറ്റുകളെല്ലാം ദ്രവിച്ച നിലയിലാണ്. നിരവധി പേരാണ് കിണറിന് മുകളിൽ ഇരുന്ന് വിശ്രമിക്കാറുള്ളത്. പൂരം സമയത്ത് പോലും ഇതിന് പരിപാലനമില്ലെന്നും ആക്ഷേപമുണ്ട്. ആദ്യകാലങ്ങളിൽ കിണറുകൾക്ക് സമീപം കുളിക്കാനായി കെട്ടിയിരുന്ന തൊട്ടികളും സംരക്ഷണമില്ലാതെ കിടക്കുകയാണ്.
ഇത് കാടല്ല... കിണറാണ്...!
സി.എം.എസ് സ്‌കൂളിന് മുന്നിലെ തേക്കിൻക്കാട് മൈതാനത്തുള്ള കിണർ കാടുപിടിച്ച്, കിണറിനകത്തെ ചെടി വലിയ മരമായതോടെ കിണറിന്റെ മുകൾ ഭാഗം തന്നെ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതിന്റെയും ഗ്രില്ലുകൾ തകർന്നു കൊണ്ടിരിക്കുകയാണ്. കിണറുകളിൽ നിറയെ മദ്യ കുപ്പികളാണ്. മൈതാനത്തിരുന്ന് മദ്യപിച്ച ശേഷം കുപ്പികൾ കിണറ്റിലേക്ക് ഇടുകയാണ്.
ട്രഞ്ചിംഗ് ഗ്രൗണ്ട് കൊതുകുകളുടെ കേന്ദ്രം
ശക്തൻ തമ്പുരാന്റെ കാലത്ത് പട്ടാളക്കാർക്കുള്ള ട്രഞ്ചിംഗ് ഗ്രൗണ്ട് കൊതുക് വളർത്തൽ കേന്ദ്രമായി. വലിയ വലിപ്പത്തിലുള്ള ഏറെ താഴ്ച്ചയുള്ള ട്രഞ്ചിംഗ് വെള്ളം നിറഞ്ഞ് പായലുകൾ കൊണ്ട് നിറഞ്ഞു കിടക്കുകയാണ്. നടുവിലാലിന്റെ വലതു വശത്തെ നെഹ്‌റു പാർക്കിന്റെ അടുത്തുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടുകളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. പൂരം പ്രദർശന സമയത്ത് ബോട്ട് സർവീസ് ഈ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ്. സംരക്ഷണത്തിനായി കെട്ടിയ കമ്പികളും നശിച്ചു. പലയിടത്തും മരത്തിന്റെ വടികൾ വച്ച് കെട്ടിവെച്ചിരിക്കുകയാണ്.
തേക്കിൻക്കാട് മൈതാനം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. ഭക്തജനങ്ങൾ പോലും ആശങ്കയോടെയാണ് എത്തുന്നത്.
ഹരിഹരൻ, ക്ഷേത്രോപദേശക സമിതി മുൻ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |