പുതുക്കാട് : പുതുക്കാട് മേൽപ്പാലം തൂണുകളിൽ നിർമ്മിക്കുന്നത് പ്രായോഗികമല്ലെന്നാണ് ദേശീയപാത അതോറിറ്റി കണ്ടെത്തിയതെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ നിയമസഭയെ അറിയിച്ചതോടെ വരുംനാളുകൾ പുതുക്കാട് പ്രക്ഷോഭത്തിന്റേതാവും. പുതുതായി ദേശീയ പാതകളിൽ നിർമ്മിക്കുന്ന മേൽപ്പാലങ്ങൾ കോൺക്രീറ്റ് തൂണുകളിൽ മാത്രമേ നിർമ്മിയ്ക്കുകയുള്ളൂയെന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവന കണക്കിലെടുത്ത് പുതുക്കാട് നിർമ്മിക്കുന്ന മേൽപ്പാലം മണ്ണുകൊണ്ട് നിർമ്മിക്കുന്ന റീടൈനിംഗ് ഭിത്തികൾക്ക് പകരമായി പില്ലറുകളിൽ തിർക്കുന്ന ഉയരപാതയാക്കി നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ എന്നായിരുന്നു കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ ചോദ്യം.
കോൺഗ്രസിന്റെ ഔദ്യോഗിക പ്രതിഷേധം നാളെ നടക്കും. വൈകിട്ട് 5.30ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തു നിന്നും നൈറ്റ് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് മാർച്ച് ഫ്ളാഗ് ഓഫ് ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചതു മുതൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ടുമായി ക്യാമ്പയിനുകൾ ആരംഭിച്ചിരുന്നു. ഡി.സി.സി സെക്രട്ടറി സെബി കൊടിയനും കോൺഗ്രസ് നേതാവ് കെ.എൽ.ജെയ്സനും പരിഷത്ത് പ്രവർത്തകരോടൊപ്പം ചേർന്ന് മേൽപ്പാലം ജനകീയ സമിതി രൂപീകരിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നവംബർ 10 ന് പ്രതിഷേധ ഹർത്താൽ നടത്തുമെന്ന് ഡി.സി.സി സെക്രട്ടറിയും മേൽപ്പാല ജനകീയ സമിതി ചെയർമാനുമായ സെബി കൊടിയൻ അറിയിച്ചു.
മേൽപ്പാലം പൂർണ്ണമായി തുണുകളിൽ തന്നെ നിർമ്മിക്കണെമെന്നാവശ്യപെട്ട് വരും നാളുകളിൽ സി.പി.എം സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ലോക്കൽ സെക്രട്ടറി സരിത രാജേഷ് അറിയിച്ചു. 15 വർഷം മുമ്പ് ഭൂമി ഏറ്റെടുത്തിട്ടും സി.പി.എമ്മും കോൺഗ്രസും അടിപ്പാത യാഥാർത്ഥ്യമാക്കൻ ഒരു ശ്രമവും നടത്തിയില്ല ഇപ്പോൾ സുരേഷ് ഗോപിയുടെ പരിശ്രമഫലമായി മേൽപ്പാലം യാഥാർത്ഥ്യമാകുന്നതിലുള്ള അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |