SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

ലോഡും അമിതം, വേഗവും അമിതം; കടിഞ്ഞാണില്ലാതെ ടിപ്പർപ്പാച്ചിൽ!

photo
1

തൃശൂർ: സ്‌കൂൾ സമയങ്ങളിൽ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ടിപ്പർ, ടോറസ് ലോറികളുടെ മരണപ്പാച്ചിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി വലിയ ലോറികൾ ചീറിപ്പായുമ്പോഴും നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയുമാണ് ടിപ്പർ ലോറികൾക്ക് നിയന്ത്രണമുള്ളത്. എന്നാൽ ഈ സമയങ്ങളിലും ഗ്രാമീണ റോഡുകളിലുൾപ്പെടെ ലോറികൾ അമിതവേഗത്തിൽ പായുകയാണ്. വിദ്യാർത്ഥികൾക്ക് റോഡിലിറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറയുന്നു. നിയന്ത്രണം നടപ്പാക്കുന്നതിൽ പൊലീസും മോട്ടോർ വാഹനവകുപ്പും വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കൂടുതൽ ട്രിപ്പ് ഓടിയാൽ കൂടുതൽ പണം ലഭിക്കുമെന്നതാണ് മരണപ്പാച്ചിലിന് ഇവരെ പ്രേരിപ്പിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപ്പായുന്ന ലോറികളാണ് പലപ്പോഴും കൂടുതൽ അപകടം സൃഷ്ടിക്കുന്നത്. ലോറികൾ ചീറിപ്പായുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും കൂടുതൽ ഭീഷണിയാകുന്നുണ്ട്. നിരവധ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ ടിപ്പർ ലോറികളുടെ ഓട്ടം ഈ സമയങ്ങളിൽ ഒഴിവാക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ടെങ്കിലും നിലവിൽ ഒരിടത്തും ഇത് നടപ്പാകുന്നില്ല. അനധികൃത ക്വാറികളിൽ നിന്നടക്കം ഒരു നിയമവും പാലിക്കാതെ നിറയെ ഭാരം കയറ്റി മത്സരയോട്ടം നടത്തുന്ന ടിപ്പർ ഉൾപ്പെടെയുള്ള ലോറികൾക്കെതിരെ ഒരു പരിശോധനയും നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.


സുരക്ഷയില്ലാതെ ലോഡ്

കരിങ്കല്ലും മണ്ണും നിറച്ച് അമിതവേഗത്തിൽ പായുന്ന ടിപ്പറുകളിൽനിന്ന് ലോഡ് റോഡിലേക്ക് തെറിച്ചുവീഴുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. വലിയ ടോറസ് ലോറികൾ മറ്റു വാഹനങ്ങളെയും വിദ്യാർത്ഥികളെയും മറികടന്ന് കുതിക്കുമ്പോൾ രക്ഷിതാക്കളുടെ ആശങ്ക ഇരട്ടിയാകുകയാണ്. സ്‌കൂൾ വാഹനങ്ങളെപ്പോലും മറികടന്നുള്ള പാച്ചിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഏതാനും ദിവസം മുമ്പ് എരുമപ്പെട്ടിയിൽ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് റോഡിലേക്ക് തെറിച്ചുവീണിരുന്നു. നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ചിലയിടങ്ങളിൽ അധികൃതരുടെ ഒത്താശ ഉണ്ടെന്നും ആക്ഷേപമുണ്ട്.

മത്സരയോട്ടത്തിൽ സ്വകാര്യ ബസുകളും

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും യാത്രക്കാരിൽ ആശങ്കയുയർത്തുന്നു. നഗരത്തിനുള്ളിൽപ്പോലും അമിതവേഗത്തിലാണ് ബസുകളുടെ സഞ്ചാരം. കുറുപ്പം റോഡിൽ യാത്രക്കാരെ ഇറക്കുന്നതിൽപ്പോലും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നില്ല. ദീർഘദൂര സ്വകാര്യ ബസുകളുടെ അമിതവേഗവും അപകടഭീഷണി ഉയർത്തുന്നു. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ടിപ്പർ ലോറികൾക്കും സ്വകാര്യ ബസുകൾക്കുമെതിരെ കർശന പരിശോധനയും നിയമനടപടിയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL