ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ 96ാം വാർഷികാഘോഷങ്ങൾക്കും വള്ളത്തോൾ ജയന്തിക്കും തുടക്കമായി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പതാക ഉയർത്തി. കലാമണ്ഡലം വൈശാഖിന്റെ നേതൃത്വത്തിൽ പഞ്ചമദ്ദളക്കേളി, കോട്ടക്കൽ മധുവും കലാമണ്ഡലം കൃഷ്ണകുമാറും അവതരിപ്പിച്ച കഥകളിപ്പദക്കച്ചേരി, മിഴാവിൽ തായമ്പക, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. വൈകിട്ട് മൂന്നിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. അച്യുത് ശങ്കർ എസ്.നായർ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് തുള്ളൽ ആഹാര്യ സമന്വയവും അരങ്ങേറി. വൈകീട്ട് ഗുരു കലാമണ്ഡലം രാമച്ചാക്യാർ വിദൂഷകനായെത്തിയ 'സുഭദ്രാധനഞ്ജയം' കൂടിയാട്ടവും നടന്നു. വള്ളത്തോളിന്റെ 'ബന്ധനസ്ഥനായ അനിരുദ്ധൻ' എന്ന കാവ്യത്തെ ആസ്പദമാക്കി ഡോ. പി.വേണുഗോപാലൻ രചിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ഉഷാനിരുദ്ധം' കഥകളിയും ശ്രദ്ധേയമായി.
അരങ്ങിൽ ഇന്ന്
ഇന്ന് കലാമണ്ഡലം സംഗീത് ചാക്യാരുടെ ചാക്യാർകൂത്ത്, ഡോ.എ.എൻ.കൃഷ്ണന്റെയും ഡോ. സദനം ഹരികുമാറിന്റെയും കഥകളിയെ ആസ്പദമാക്കിയുള്ള പുസ്തകങ്ങളുടെ ചർച്ച, മട്ടന്നൂർ ശ്രീരാജും കല്ലേക്കുളങ്ങര ആദർശും അവതരിപ്പിക്കുന്ന തായമ്പക എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് കാർത്തികേയൻ നായർ മുകുന്ദരാജ സ്മൃതിപ്രഭാഷണം നടത്തും. കലാമണ്ഡലം എം.പി.എസ്.നമ്പൂതിരി വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകൾ വിതരണം ചെയ്യും. തുടർന്ന് 'കൃഷ്ണായനം' ഡോക്യുമെന്ററി പ്രദർശനം, നൃത്തപരിപാടികൾ, 'സന്താനഗോപാലം' കഥകളി എന്നിവ അരങ്ങേറും. നാളെ വൈകിട്ട് 3.30ന് നടക്കുന്ന വാർഷികസമ്മേളനം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.
താളവിസ്മയമായി വിദ്യാർത്ഥികൾ
ചെറുതുരുത്തി: വിദ്യാർത്ഥികൾ അവതരിപ്പിച്ച 'രാഗവർഷം -കലകളുടെ താളവിസ്മയം' വേറിട്ട കലാവിരുന്നായി. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെയും ഭാരതീയ ശാസ്ത്രീയ കലകളുടെയും വൈവിധ്യവും സൗന്ദര്യവും കോർത്തിണക്കിയ സംഗീതനൃത്താവിഷ്‌കാരം കാണികൾക്ക് നവ്യാനുഭവമായി. കഥകളിയുടെ ഗാംഭീര്യം, മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗി, തുള്ളലിന്റെ ചടുലത, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയ്‌ക്കൊപ്പം ഒപ്പനയുടെയും മാർഗംകളിയുടെയും താളമേളങ്ങളും വേദിയിൽ നിറഞ്ഞു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും താളത്തിന്റെയും സമന്വയത്തിലൂടെ വിവിധ കലാരൂപങ്ങളെ ഒരേ വേദിയിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |