SignIn
Kerala Kaumudi Online
Thursday, 10 September 2026 2.21 PM IST

നോക്കുകുത്തിയായി തടയണകൾ, ഭരണകർത്താക്കളുടെ നിസംഗത, ജില്ല കടുത്ത വരൾച്ചയിലേയ്ക്ക്

palakolly-dam
പുൽപ്പളളി പാളക്കൊല്ലിയിൽ കടമാൻ തോട്ടിലുള്ള ചെക്ക് ഡാം വൃത്തിയാക്കാത്തതിനാല് കാടു കയറി ചീപ്പിടാതെ തുറന്നിട്ടിരിക്കുന്ന നിലയില്

പൽപ്പള്ളി: ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ചുമതലയേറ്റ് എട്ടു മാസം പിന്നിടുമ്പോഴും ജനങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കാർഷിക പ്രതിസന്ധിക്കും പരിഹാരം കാണാനാകാതെ അധികൃതർ. കത്തുന്ന വേനലിൽ നാട് എരിപൊരി കൊള്ളുമ്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിസംഗത പാലിക്കുകയാണെന്ന് ആരോപണം ശക്തമാകുന്നു. തോടുകളിലെ ചീപ്പുകൾ തുറന്ന നിലയിലായതിനാൽ വെള്ളം തടഞ്ഞുനിർത്താൻ സംവിധാനമില്ലാത്തവസ്ഥയാണ്. വയനാടിന്റെ ജീവനാഡിയായ കബനി നദിയിലേക്കും അനുബന്ധ ചെറുതോടുകളിലേക്കും പുഴകളിലേക്കും വെള്ളമൊഴുകി തീരുകയാണ്. പ്രദേശത്ത് നിരവധി തടയണകളും ഡാമുകളും ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലും തടഞ്ഞുനിർത്താനുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടില്ല. ജലവിഭവ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലായി നിർമിച്ച നൂറുകണക്കിന് തടയണകളിലെയും ഡാമുകളിലെയും ചീപ്പുകൾ (ഷട്ടറുകൾ) നിലവിൽ തുറന്ന നിലയിലാണ്. ചീപ്പുകൾ ഇടാത്തതിനാലും അറ്റകുറ്റപ്പണികൾ നടത്താത്തതിനാലും ഒരു തുള്ളി വെള്ളം പോലും തടയണകളിൽ സംഭരിക്കാൻ കഴിയുന്നില്ല. മാടപ്പള്ളിക്കുന്നിൽ ജലസംഭരണമില്ലാത്ത തടയണ മൂലം മുള്ളൻകൊല്ലി ഭാഗത്തെ തോടുകളിൽ വെള്ളമില്ലാതെ നെൽ കൃഷി ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണ്.


വരും മാസങ്ങളിൽ

കടുത്ത കുടിവെള്ളക്ഷാമം
തോടുകളിലെ വെള്ളം മുഴുവൻ ഒഴുകി കബനി നദിയിലേക്കും, അവിടെനിന്ന് കർണാടകയിലേക്കും പാഴായിപ്പോകുന്നു. ഈ സ്ഥിതി തുടർന്നാൽ വരും മാസങ്ങളിൽ ജില്ലയിൽ ജലാശയം വറ്റിവരണ്ട് കടുത്ത കുടിവെള്ളക്ഷാമവും കൃഷിനാശവും നേരിടേണ്ടിവരും. മഴക്കാലത്ത് കിണറുകളിലും കുളങ്ങളിലും ഉയർന്ന ജലനിരപ്പ് നിലവിൽ അതിവേഗം താഴുകയാണ്. കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

ഉദ്യോഗസ്ഥരും

ജനപ്രതിനിധികളും കണ്ണടയ്ക്കുന്നു
ജില്ലാ ഭരണകൂടം മുതൽ പ്രാദേശിക ഭരണകൂടം വരെ കടുത്ത അനാസ്ഥയാണ് വിഷയത്തിൽ പുലർത്തുന്നത്. വേനൽ കടുക്കുന്നതിന് മുൻപ് താൽക്കാലിക മണൽച്ചാക്കുകൾ ഉപയോഗിച്ചോ, ചീപ്പുകൾ ഘടിപ്പിച്ചോ വെള്ളം കെട്ടിനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ല. വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനോ മുൻകരുതൽ നടപടികൾ സ്വീകരിക്കാനോ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമില്ല. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് തടയണകളിൽ വെള്ളം സംഭരിക്കാനുള്ള സൗകര്യമൊരുക്കണമെന്നും, അനാസ്ഥ കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രദേശവാസികളും കർഷകരും ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL