
കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ, ഉദ്യോഗസ്ഥർക്ക് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരോടുളള അനുകൂലനിലപാട് തുടക്കത്തിലേ ഉണ്ടെന്ന് വ്യക്തം. റവന്യൂ, വനംവകുപ്പുകളും എസ്.ഐ.ടിയും പ്രതികൾക്കെതിരെ നീക്കം ആരംഭിച്ചിട്ടും ഇതേവരെ ഒന്നും ചെയ്യാനായില്ല. കേസ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ചിലർക്ക് പ്രതികളുമായി അടുപ്പമുണ്ടെന്ന് വ്യക്തമാക്കുന്നതാണിത്. വനംമന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതോടെ ആരോപണവും ബലപ്പെടുകയാണ്.
അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞിട്ടും ആദ്യകുറ്റപത്രം നൽകിയത് കഴിഞ്ഞദിവസമാണ്. കുറ്റപത്രത്തിലും വനംവകുപ്പിന് ഗുരുതര വീഴ്ചയുണ്ടായി. സുൽത്താൻബത്തേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന് )മടക്കിയ കുറ്റപത്രം തൊട്ടടുത്തദിവസം തിരുത്തലോടെ വീണ്ടും സമർപ്പിക്കുകയായിരുന്നു. വനംവകുപ്പ് 53 കേസുകളാണെടുത്തത്. 41 കേസുകളിലാണ് അഗസ്റ്റിൻ സഹോദരന്മാർ പ്രതികൾ. ഒരു കേസിന്റെ കുറ്റപത്രമാണ് കഴിഞ്ഞദിവസം സമർപ്പിച്ചത്. 36 കേസുകളിൽ മരം കണ്ടുകെട്ടി. പ്രതികൾ സ്റ്റേ വാങ്ങിയതിനാൽ അഞ്ച് കേസുകളിൽ മരം കണ്ടെത്താനുമായില്ല.
പ്രതികൾക്കായി ഡിവൈ.എസ്.പിയുടെ കത്ത്
ഉന്നതഉദ്യോഗസ്ഥതലത്തിൽ പ്രതികൾക്ക് അനുകൂല നിലപാടായിരുന്നു എന്നതിന്റെ തെളിവാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി വി.വി.ബെന്നിയുടേതായി പുറത്തുവന്ന കത്ത്. പ്രതികൾക്കെതിരെയുളള കേസുകൾ റദ്ദാക്കുകയോ, കുറ്റപത്രം സമർപ്പിക്കാതിരിക്കുകയോ ചെയ്യണമെന്നാണ് എസ്.ഐ.ടി തലവൻ കൂടിയായ വി.വി.ബെന്നി വനംവകുപ്പ് മേധാവിക്ക് എഴുതിയത്. ഉന്നതതല സമ്മർദ്ദമായിരുന്നു ഇതിനുപിന്നിൽ. മുറിച്ച മരങ്ങളുടെ മൂല്യനിർണയം നടത്തി 3 ഇരട്ടിവരെ പിഴ ഈടാക്കാമെന്ന കേരളഭൂസംരക്ഷണ (കെ.എൽ.സി)നിയമത്തിലെ ചട്ടമനുസരിച്ച് പരമാവധി തുകയായ 8.29 കോടി രൂപ ഈടാക്കാൻ അഗസ്റ്റിൻ സഹോദരന്മാർക്ക് നോട്ടീസ് നൽകിയിരുന്നു. അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്നായിരുന്നു നോട്ടീസിൽ. അതേക്കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |