വാഷിംഗ്‌ടൺ: ഏകദേശം രണ്ട് മാസത്തോളം പഴ്‌സിൽ സൂക്ഷിച്ചിരുന്ന പവർബോൾ ലോട്ടറി ടിക്കറ്റിലൂടെ 54 കാരന് ലഭിച്ചത് ഒരു മില്യൺ ഡോളറിന്റെ (ഏകദേശം എട്ട് കോടി രൂപ) സമ്മാനം. അമേരിക്കയിലെ മിഷിഗൺ സ്വദേശിയായ മൈക്കൽ വാൻഡർ ലുഡ്‌സിനാണ് അപ്രതീക്ഷിത ഭാഗ്യം കൈവന്നത്.
സോഫ്‌റ്റ് ഡ്രിങ്ക് വാങ്ങുന്നതിനായി സമീപത്തെ കടയിലെത്തിയപ്പോഴാണ് മൈക്കൽ തന്റെ കൈയിലിരിക്കുന്ന ടിക്കറ്റിന് സമ്മാനമടിച്ച കാര്യം തിരിച്ചറിഞ്ഞത്. കടയിൽ നൽകാൻ പണം തികയാതെ വന്നതോടെ ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കരുതി തന്റെ കൈയിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകൾ മൈക്കൽ കടയിലെ ജീവനക്കാരിക്ക് കൈമാറുകയായിരുന്നു. ടിക്കറ്റുകൾ സ്‌കാൻ ചെയ്‌ത ജീവനക്കാരി, അതിലൊന്നിനുള്ള സമ്മാനത്തുക വലുതായതിനാൽ അത് ലഭിക്കുന്നതിനായി ലോട്ടറി ഓഫീസിൽ നേരിട്ട് പോകണമെന്ന് അറിയിച്ചു. തുടർന്ന് മൈക്കൽ ബന്ധപ്പെട്ട നറുക്കെടുപ്പിലെ വിജയനമ്പറുകൾ പരിശോധിച്ചപ്പോഴാണ് തന്നെ തേടിയെത്തിയ ഭാഗ്യത്തിന്റെ വലിപ്പം തിരിച്ചറിഞ്ഞത്. തന്റെ കൈവശമുള്ള ടിക്കറ്റിലെ അഞ്ചു നമ്പറുകളും നറുക്കെടുപ്പിൽ വന്ന വൈറ്റ് ബോൾ നമ്പറുകളും ഒന്നാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം അമ്പരന്നു.
'നമ്പറുകൾ കണ്ടയുടൻ അവയെനിക്ക് മനസിലായി. ഞാനാകെ ആവേശഭരിതനായി. ഏകദേശം രണ്ട് മാസത്തോളമായി ഒരു മില്യൺ ഡോളർ സമ്മാനമുള്ള ടിക്കറ്റുകൾ എന്റെ പഴ്‌സിലുണ്ടായിരുന്നെന്ന് വിശ്വസിക്കാനാകുന്നില്ല' -മൈക്കൽ പ്രതികരിച്ചു.
ആഗസ്റ്റിൽ നടന്ന നറുക്കെടുപ്പിനായി മിഷിഗണിലെ വ്യോമിംഗ് നഗരത്തിലുള്ള ബിഗ് ടോപ് മാർക്കറ്റിൽനിന്നാണ് മൈക്കൽ ടിക്കറ്റ് വാങ്ങിയത്. എന്നാൽ, നറുക്കെടുപ്പ് ഫലം പരിശോധിക്കാതിരുന്ന അദ്ദേഹം മറ്റ് ടിക്കറ്റുകൾക്കൊപ്പം വിജയസമ്മാനം ലഭിച്ച ടിക്കറ്റും പഴ്‌സിൽ സൂക്ഷിക്കുകയായിരുന്നു. മൈക്കൽ ഇതിനോടകം ലോട്ടറി ഓഫീസിലെത്തി സമ്മാനത്തുക കൈപ്പറ്റിക്കഴിഞ്ഞു. ലഭിച്ച പണം ഉപയോഗിച്ച് വീടിന്റെ വായ്‌പ അടച്ചുതീർക്കാനും ബാക്കി തുക നിക്ഷേപിക്കാനുമാണ് മൈക്കലിന്റെ തീരുമാനം.
A Michigan man won $1 million after discovering a winning Powerball ticket he had unknowingly carried in his wallet for nearly two months.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |