SignIn
Kerala Kaumudi Online
Tuesday, 03 November 2026 12.37 PM IST

'പഠിച്ചാൽ മാത്രം മതി'; മക്കളുടെമേൽ സ്വന്തം ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾക്കുള്ള പാഠമാണ് ആര്യൻ

aaryan-shukla
ആര്യൻ ശുക്ള

വെറും പതിനാറാം വയസിൽ ഒൻപത് ഗിന്നസ് ലോക റെക്കോഡുകളും രണ്ട് ലോകചാമ്പ്യൻഷിപ്പ് പട്ടങ്ങളും. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ആര്യൻ ശുക്ള വിശേഷിപ്പിക്കപ്പെടുന്നത് 'ഇന്ത്യയുടെ ഹ്യൂമൻ കാൽക്കുലേറ്റർ' എന്നാണ്. ജിജ്ഞാസ, പരിശീലനം, സമ്മർദ്ദരഹിതമായ രക്ഷാകർതൃത്വം എന്നിവ അസാധാരണമായ സാദ്ധ്യതകൾ തുറക്കുമെന്നതിന് ഉദാഹരണമാണ് ആര്യൻ.

ആര്യന് കണക്ക് ചെയ്യാൻ പേപ്പറോ പേനയോ കാൽക്കുലേറ്ററോ എഐയോ ഒന്നും വേണ്ട, മനസിലാണ് കൂട്ടലും കുറയ്ക്കലും ഹരിക്കലും ഗുണനവുമെല്ലാം. രണ്ട് തവണയാണ് ആര്യൻ മെന്റൽ കാൽക്കുലേഷൻ ലോകകപ്പ് നേടിയത്, ആദ്യത്തേത് വെറും 12-ാം വയസിലും. എഐ വെല്ലുന്ന സ്‌പീഡിൽ കണക്കുകൾ ചെയ്യുന്ന ആര്യൻ ലോകത്തിനുതന്നെ അത്ഭുതമാണ്.

തുടക്കം ആറുവയസുകാരന്റെ കൗതുകത്തിൽ നിന്ന്

ആറ് വയസിലാണ് ആര്യൻ മനക്കണക്കുകൾ പരിശീലിച്ച് തുടങ്ങിയത്. അവനിൽ അസാധാരണമായ കഴിവുകളുണ്ടെന്ന് ഒന്നരവർഷത്തിനുള്ളിൽതന്നെ മാതാപിതാക്കൾ മനസിലാക്കി. ആര്യൻ ചെയ്യുന്നത് സാധാരണ കാര്യമല്ലെന്ന് മനസിലാക്കിയ തങ്ങൾ അവനെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് തുടങ്ങിയെന്ന് പിതാവ് നിതിൻ ശുക്ള പറഞ്ഞു. 2018ലാണ് ആദ്യ വിജയം ആര്യൻ സ്വന്തമാക്കിയത്. ഇസ്താംബൂളിൽ നടന്ന മെമറിയാഡ് തുർക്കി ഓപ്പൺ ചാമ്പ്യൻഷിപ്പിൽ എട്ടാം വയസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ആര്യൻ മത്സരിച്ചു. ഏഴ് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിവ ഉൾപ്പെടെ പത്ത് മെഡലുമായാണ് ആര്യൻ തിരിച്ചുവന്നത്. കുട്ടികൾക്കുള്ള രണ്ട് ലോക റെക്കോഡുകളും സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ഗണിത മത്സരങ്ങളിലെ ആര്യന്റെ യാത്ര ആരംഭിക്കുകയായിരുന്നു അവിടെ.

പന്ത്രണ്ടാം വയസിൽ ലോക ചാമ്പ്യൻ

2022 ജൂലായിലാണ് ആര്യന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. 12-ാം വയസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജർമനിയിലെ പാഡെർബോണിൽ നടന്ന മെന്റൽ കാൽക്കുലേഷൻ ലോകകപ്പിൽ ആര്യൻ മത്സരിച്ചു. ലോകത്തുടനീളം നിന്നുള്ള 40 പേരായിരുന്നു എതിരാളികൾ. അതിന് മുൻപുവരെ ജപ്പാനായിരുന്നു ചാമ്പ്യൻ പട്ടം സ്വന്തമാക്കിയിരുന്നത്. എന്നാലന്ന് 12 വയസിൽ ജപ്പാനെ പിന്തള്ളി ആര്യൻ ഇന്ത്യക്കുവേണ്ടി കിരീടം നേടി. 2024ൽ നടന്ന ഇതേ മത്സരത്തിനും ആര്യൻ തന്നെയായിരുന്നു ചാമ്പ്യൻ. സമാന രീതിയിൽ മെന്റൽ കാൽക്കുലേഷനിൽ അഞ്ച് ലോക റെക്കോ‌ഡും ആര്യന്റെ പേരിലുണ്ട്.

aaryan-shukla
ആര്യൻ ശുക്ള

ഒൻപത് ഗിന്നസ് ലോക റെക്കോഡുകൾ

2024 ഫെബ്രുവരിയിലാണ് ആര്യന്റെ ഗിന്നസ് ലോക റെക്കോഡ് യാത്ര ആരംഭിക്കുന്നത്. 50 അഞ്ചക്ക സംഖ്യകൾ വെറും 25.19 സെക്കന്റിൽ മനസിൽ കൂട്ടിയാണ് ആര്യൻ ആദ്യ റെക്കോഡിട്ടത്. ഇതേവർഷംതന്നെ ദുബായിലെ ഗിന്നസ് ലോക റെക്കോഡ് ഓഫീസിലെത്തി ഔദ്യോഗികമായി നേട്ടം കരസ്ഥമാക്കി. 2024 ഡിസംബർ നാലിന് ഒരുദിവസം നാല് റെക്കോഡുകൾ സ്വന്തമാക്കി. മനക്കണക്കുകൂട്ടലിന്റെ വിവിധ വശങ്ങൾ പരീക്ഷിക്കുന്ന ചലഞ്ചായിരുന്നു അത്. 18.71 സെക്കൻഡിൽ 50 അഞ്ചക്ക സംഖ്യകളും 30.9 സെക്കൻഡിൽ 100 ​​നാലക്ക സംഖ്യകളും ഒരു മിനിറ്റും 9.68 സെക്കൻഡും കൊണ്ട് 200 നാലക്ക സംഖ്യകളും മനസിൽ കൂട്ടിയായിരുന്നു ആര്യൻ തന്റെ അസാധാരണ കഴിവ് പ്രകടിപ്പിച്ചത്.

20 അക്ക സംഖ്യയെ മനസിൽ 10 അക്ക സംഖ്യ കൊണ്ട് ഹരിച്ച് വലിയ സംഖ്യകളെ ഗുണിച്ചതിന്റെ റെക്കോഡുകളും ആര്യനുണ്ട്. 2026 ഏപ്രിലിലെ ഇറ്റലി സന്ദർശനത്തിനിടെ ആര്യൻ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ കൂടി സ്ഥാപിച്ചു. 10 എട്ട് അക്ക സംഖ്യകളുടെ വർഗമൂലങ്ങൾ 71.22 സെക്കന്റിൽ കണക്കാക്കുകയും 10 അക്ക സംഖ്യകളുടെ 10 ഡിവിഷനുകൾ അഞ്ചക്ക സംഖ്യകൾ കൊണ്ട് 28.81 സെക്കൻഡിൽ പൂർത്തിയാക്കുകയും ചെയ്തു.

സ്‌കൂൾ പഠനവും പാഷനും

ലോക റെക്കോഡുകളും ചാമ്പ്യൻഷിപ്പ് പട്ടങ്ങളും കടുത്ത സമ്മർദ്ദം നൽകാമെങ്കിലും ആര്യൻ കൂളാണ്, അതിന് കാരണം ആര്യന്റെ മാതാപിതാക്കളാണ്. റിസൾട്ടിനല്ല, പരിശ്രമത്തിനാണ് ആര്യന്റെ മാതാപിതാക്കൾ പ്രാധാന്യം നൽകിയത്. മാതാപിതാക്കൾ എന്ന നിലയിൽ മകനിൽ ഒരിക്കലും സമ്മർദ്ദം ചെലുത്താറില്ലെന്ന് ആര്യന്റെ പിതാവ് നിതിൻ പറഞ്ഞു.

അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിലും ആര്യൻ സ്‌കൂൾ പഠനം മുടക്കാറില്ല. നാസിക്കിലെ ഡൽഹി പബ്ളിക് സ്‌കൂളിൽ 11-ാം ക്ളാസ് വിദ്യാർത്ഥിയാണ് ആര്യൻ. പത്താം ക്ളാസ് പരീക്ഷയിൽ 97 ശതമാനം മാർക്ക് കരസ്ഥമാക്കി. ഗണിതം, ഫിസിക്‌സ് എന്നിവയ്ക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സാങ്കേതിക വിദ്യയിലും ആര്യന് താത്പര്യമുണ്ട്.

aaryan-shukla
ആര്യൻ ശുക്ള

ചാമ്പ്യനിൽ നിന്ന് മെന്ററിലേയ്ക്ക്

ഗ്ളോബൽ മെന്റൽ കാൽക്കുലേറ്റേർസ് അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളാണ് ആര്യൻ. മനക്കണക്കെന്ന കഴിവ് മറ്റുള്ളവരിലേയ്ക്കും പകരുകയാണ് സംഘടനയുടെ ലക്ഷ്യം.

മാതാപിതാക്കൾക്കുള്ള വലിയ പാഠം

സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ മക്കളുടെ താത്പര്യങ്ങൾക്കാണ് മാതാപിതാക്കൾ പിന്തുണ നൽകേണ്ടതെന്ന് ആര്യന്റെ പിതാവ് പറയുന്നു. നമ്മുടെ സ്വപ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. കുട്ടികൾക്ക് നല്ലൊരു മൂല്യവ്യവസ്ഥ നൽകണം. അവരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റണമെന്നും നിതിൻ ചൂണ്ടിക്കാട്ടി. തുടക്കകാലങ്ങളിൽ ആര്യനും പ്രതിസന്ധികൾ നേരിട്ടിരുന്നു. എന്നാൽ ആര്യൻ തന്റെ പാഷൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് മനസിലാക്കിയാണ് തുടർന്നും പിന്തുണച്ചത്. ആര്യൻ ലോകചാമ്പ്യനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, മകന്റെ താത്പര്യങ്ങൾക്ക് കൂട്ടുനിൽക്കുക മാത്രമാണ് ചെയ്തതെന്നും നിതിൻ വെളിപ്പെടുത്തി.

English Summary

Sixteen-year-old Aryan Shukla from Nashik, Maharashtra, has earned nine Guinness World Records and two Mental Calculation World Championship titles. Known as India's 'Human Calculator', he performs complex calculations mentally without tools. Starting at age six, Aryan has impressed the world with his speed and accuracy, while balancing academics with his passion, supported by his parents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AARYAN SHUKLA, GUINNESS WORLD RECORDS, INDIAN HUMAN CALCULATOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360