ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ അവസാന രണ്ട് ട്വന്റി20 മത്സരങ്ങളിലെ തുടർച്ചയായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ വിമർശനം ശക്തമാകുന്നു. മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾക്കെതിരെയാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തിയത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് 3-0ന്റെ വ്യക്തമായ ലീഡ് നേടിയ ഇന്ത്യയ്ക്ക് അവസാന ഘട്ടത്തിൽ കാലിടറുകയായിരുന്നു. തുടർന്നുള്ള രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയതോടെ പരമ്പര 3-2നാണ് ഇന്ത്യ സ്വന്തമാക്കിയത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളിൽ മുൻ ക്രിക്കറ്റ് താരങ്ങൾക്കും വിദഗ്ധർക്കുമിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് മികച്ച ഫോമിലുള്ള യുവതാരം വൈഭവ് സൂര്യവംശിയെ പ്ളേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയതാണ്.
മൂന്നാം ട്വന്റി20 മത്സരത്തിൽ 19 പന്തിൽ നിന്ന് 45 റൺസാണ് താരം അടിച്ചുകൂട്ടിയത്. ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും വൈഭവിനെ അവസാന രണ്ട് മത്സരങ്ങളിലും ബെഞ്ചിലിരുത്തുകയായിരുന്നു. പരിക്കുമാറി ഇഷാൻ കിഷൻ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയതോടെയാണ് സൂര്യവംശിക്ക് ടീമിലെ സ്ഥാനം വീണ്ടും നഷ്ടമായത്.
വൈഭവ് സൂര്യവംശിയെ ടീമിന് പുറത്തിരുത്തുകയും ഫോമിലല്ലാത്ത സഞ്ജു സാംസണെ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്യാൻ അനുവദിക്കുകയും ചെയ്തതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഡ്രസിംഗ് റൂമിൽ താരങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് പരിശീലകനായ ഗൗതം ഗംഭീർ ചെയ്യുന്നതെന്ന് അദ്ദേഹം വിർശിച്ചു.
"അവസാന രണ്ട് മത്സരങ്ങളിൽ വൈഭവ് സൂര്യവംശിയെ എന്തുകൊണ്ട് കളിപ്പിച്ചില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മികച്ച ഫോമിലുള്ള താരമാണ് അവൻ. മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിലെ സാഹചര്യങ്ങളിൽ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ഈ കുട്ടിയെ വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ ഒരു മത്സരത്തിൽ കളിപ്പിച്ചിട്ട് അടുത്ത മത്സരത്തിൽ പുറത്തിരുത്തുകയാണ് ചെയ്യുന്നത്. സഞ്ജു സാംസണായാലും സൂര്യവംശിയായാലും താരങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സമീപനമാണിത്. ടീം മാനേജ്‌മെന്റിന്റെ നടപടി തികച്ചും മണ്ടത്തരമാണ്"-ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
വിദേശ മണ്ണിലെ സഞ്ജു സാംസണിന്റെ മോശം പ്രകടനവും ശ്രീകാന്ത് വിമർശിച്ചു. അവസാനം വിദേശത്ത് നടന്ന 13 മത്സരങ്ങളിൽനിന്ന് വെറും 160 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ കഴിഞ്ഞത്. ഇത്രയും മോശം പ്രകടനം നടത്തിയിട്ടും ഓപ്പണിംഗിൽ സഞ്ജുവിന് ടീം മാനേജ്‌മെന്റ് തുടർച്ചയായി അവസരം നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
"ഇന്ത്യക്ക് പുറത്ത് കളിച്ച അവസാന 13 മത്സരങ്ങളിൽ സഞ്ജു നേടിയത് വെറും 160 റൺസാണ്. ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് ഈ കാലയളവിലെ സമ്പാദ്യം. അയർലൻഡിലും ഇംഗ്ലണ്ടിലും ന്യൂസിലൻഡിലും അദ്ദേഹം ബുദ്ധിമുട്ടി. സഞ്ജു സാംസണെ പൂർണമായും ടീമിൽനിന്ന് ഒഴിവാക്കണമെന്നല്ല ഞാൻ പറയുന്നത്. പകരം അദ്ദേഹത്തിന് വിശ്രമം നൽകാം. അല്ലെങ്കിൽ മൂന്ന് ഓപ്പണർമാർക്കും തുല്യമായി അവസരങ്ങൾ നൽകുന്ന രീതിയിൽ റൊട്ടേഷൻ നടപ്പാക്കാം. എന്നാൽ സൂര്യവംശിയെ തുടർച്ചയായി ബെഞ്ചിലിരുത്തുന്ന രീതി അംഗീകരിക്കാനാവില്ല", ശ്രീകാന്ത് വ്യക്തമാക്കി.
യുവതാരങ്ങൾക്ക് കൃത്യമായി അവസരം നൽകുന്നതിൽ ടീം മാനേജ്മെന്റ് സ്വീകരിക്കുന്ന നയത്തിനെതിരെ രൂക്ഷ വിമർശനമാണ് ശ്രീകാന്ത് ഉന്നയിക്കുന്നത്.
Former Indian cricketer Kris Srikkanth heavily criticized the Indian team management and coach Gautam Gambhir after their T20 series defeat to New Zealand. Srikkanth questioned the exclusion of in-form Vaibhav Suryavanshi, who performed well, and the continued selection of out-of-form Sanju Samson as opener, alleging these decisions create player insecurity within the squad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |