എല്ലാക്കാലത്തും ജീവിതം ഒരുപോലെയായിരിക്കണം എന്നില്ല. ഒരുകാലത്ത് തോറ്റുപോയവർ ജീവിതത്തിൽ വിജയിച്ച കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ലക്‌നൗ സ്വദേശിയായ തേജേഷ് വൈഷ്. അഞ്ചാം ക്ലാസിൽ വെറും 48 ശതമാനം മാർക്ക് നേടിയിരുന്ന തേജേഷ് ഇന്ന് അറിയപ്പെടുന്ന എഐ എഞ്ചിനീയറാണ്. 26കാരനായ തേജേഷിന്റെ പിതാവിന് പലഹാരക്കടയാണ്. കുട്ടിക്കാലം മുതൽ വളരെ കഷ്‌ടപ്പെട്ട് വളർന്ന തേജേഷ് ഇന്നത്തെ ഈ നിലയിലേക്ക് ഉയരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല.
ദുബായ് ആസ്ഥാനമായുള്ള 'ലൂമിയൻ.എഐ' (Lumian.ai) എന്ന സ്ഥാപനത്തിൽ എഐ എഞ്ചിനീയറിംഗ് വിഭാഗത്തിന് നേതൃത്വം നൽകുന്ന തേജേഷിന്റെ വാർഷിക വരുമാനം 2.5 കോടി രൂപയാണ്. ആമസോൺ ബ്രാൻഡിന്റെ തീരുമാനങ്ങൾ എടുക്കുന്നതിനും, വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും, ദൈനംദിന പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനും സഹായിക്കുന്ന എഐ ടൂളുകൾ വികസിപ്പിക്കുക എന്നതാണ് തേജേഷിന്റെ ജോലി.
പഠനത്തിലുണ്ടായ തിരിച്ചടികളിൽ നിന്നാണ് തേജേഷിന്റെ വിജയഗാഥ ആരംഭിച്ചത്. പ്ലസ് ടുവിന് ശേഷം ഒരു വർഷത്തോളം എൻട്രൻസ് പരിശീലനത്തിനായി മാറ്റിവച്ചു. പിന്നീട് 2019ലെ ഉത്തർപ്രദേശ് സ്റ്റേറ്റ് എൻട്രൻസ് എക്‌സാമിനേഷനിൽ ഒമ്പതാം റാങ്ക് നേടി ഐഐടി കാൺപൂരിൽ കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിന് പ്രവേശനം നേടാനും തേജേഷിന് സാധിച്ചു. കുടുംബത്തിന്റെ പിന്തുണയും വിദ്യാഭ്യാസവുമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.
ആദ്യമൊക്കെ ശരാശരി പഠനം മാത്രം കാഴ്‌ചവച്ചിരുന്ന തേജേഷ് കാലക്രമേണ പഠനനിലവാരം ഗണ്യമായി മെച്ചപ്പെടുത്തി. പത്താം ക്ലാസിൽ ഏകദേശം 94 ശതമാനവും പ്ലസ് ടുവിൽ 95 ശതമാനവും മാർക്ക് നേടി. ശേഷം എൻട്രൻസ് നേടാനായി ദിവസവും ആറ് മണിക്കൂർ കോച്ചിംഗ് ക്ലാസും അതിന് ശേഷം 12 മണിക്കൂർ സ്വയം പഠിക്കുകയും ചെയ്‌തു. കഠിനാദ്ധ്വാനത്തിന്റെ ഫലമായി യുപിഎസ്‌ഇഇ പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ തേജേഷ് ലക്‌നൗവിൽ നിന്നുള്ള ഉദ്യോഗാർത്ഥികളിൽ ഒന്നാമതെത്തി.
കാൺപൂർ ഐഐടിയിൽ അക്കാഡമിക് മേഖലയ്‌ക്കപ്പുറം ഗവേഷണം, ഓപ്പൺ സോഴ്‌സ് പ്രോജക്‌ടുകൾ, ഇന്റേൺഷിപ്പ് എന്നിവ ഉൾപ്പെടുന്നു. പുതിയ ആളുകളെ പരിചയപ്പെടുന്നതിലൂടെയും അവരുമായി ഇടപഴകുന്നതിലൂടെയും പുതിയ കാര്യങ്ങൾ തനിക്ക് പരീക്ഷിക്കാൻ കഴിഞ്ഞുവെന്ന് തേജേഷ് പറഞ്ഞു. കൂടാതെ, മാതാപിതാക്കളുടെ മേലുള്ള സാമ്പത്തിക സമ്മർദം കുറയ്‌ക്കാൻ പിഡി മൂർത്തി സ്‌കോളർഷിപ്പ് ലഭിച്ചതിലൂടെ സാധിച്ചു. പഠനകാലത്ത് തന്നെ സെക്യൂറോണിക്‌സിലും ടെക്‌സസ് ഇൻസ്‌ട്രുമെന്റ്‌സിലും ടെസ്റ്റ് ഓട്ടോമേഷൻ, ബാക്കെൻഡ് ടൂളിംഗ് എന്നിവയിൽ ഇന്റേൺഷിപ്പ് ചെയ്‌തു. ഏകദേശം പത്ത് ലക്ഷം രൂപ ഈ കാലയളവിൽ അദ്ദേഹത്തിന് സമ്പാദിക്കാനായി.
2023ൽ 9.14 സ്‌കോർ നേടിയാണ് തേജേഷ് ബിരുദം നേടിയത്. പഠനത്തിന് പുറമേ, തേജേഷ് ഒരു സീനിയർ അക്കാഡമിക് മെന്ററായും സേവനമനുഷ്‌ഠിച്ചു. 3,000ത്തിലധികം വിദ്യാർത്ഥികളെ അദ്ദേഹം പഠനത്തിൽ സഹായിച്ചു. ബി.ടെക് പാഠ്യപദ്ധതിയെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്‌തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിജയകരമായ കരിയർ കെട്ടിപ്പടുക്കാൻ ഐഐടി ബിരുദം അനിവാര്യമാണെന്ന് തേജേഷ് വിശ്വസിക്കുന്നില്ല. മറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിലൂടെയും ഓപ്പൺ സോഴ്‌സ് കമ്മ്യൂണിറ്റികൾക്ക് സംഭാവന നൽകിക്കൊണ്ടും ഈ മേഖലയിൽ സ്വയം മികവുറ്റതാകാൻ കഴിയുമെന്നാണ് തേജേഷ് വിശ്വസിക്കുന്നത്.
പൈത്തൺ, എസ്‌ക്യുഎൽ, ഡാറ്റാ ഘടനകൾ, പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്‌സ്, ലീനിയർ ആൾജിബ്ര എന്നിവയിൽ കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കാനും അദ്ദേഹം നിർദേശിക്കുന്നുണ്ട്. എഐയിൽ താൽപ്പര്യമുള്ളവർക്ക് മോഡൽ എപിഐകൾ, മൂല്യനിർണയ സാങ്കേതിക വിദ്യകൾ എന്നിവയ്‌ക്കൊപ്പം പൈടോർച്ച്, ഹഗ്ഗിംഗ് ഫേസ് പോലുള്ള ഫ്രെയിംവർക്കുകളും ഉപകരണങ്ങളും പര്യവേഷണം ചെയ്യാനും അദ്ദേഹം ശുപാർശ ചെയ്യുന്നു.
Tejesh Vaish from Lucknow scored just 48% in Class 5 but went on to study Computer Science at IIT Kanpur. Now 26, he leads AI engineering at Dubai-based Lumian.ai, earning an annual salary of ₹2.5 crore. His journey highlights how hard work, education and perseverance can transform lives.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |