SignIn
Kerala Kaumudi Online
Tuesday, 03 November 2026 8.20 PM IST

ഭൂമിയിലേയ്ക്ക് പതിക്കാൻ നാസയുടെ ബഹിരാകാശ ദൂരദർശിനി: ഇന്ത്യയിലെ ഈ നഗരങ്ങളിലും വീഴാൻ സാദ്ധ്യത

nasa-telescope
പ്രതീകാത്മക ചിത്രം

വാഷിംഗ്ടൺ: നാസയുടെ ബഹിരാകാശ ദൂരദർശിനിയായ 'നീൽ ഗെഹ്റൽസ് ' ഭൂമിയിൽ പതിക്കാനൊരുങ്ങുന്നു. 1.5 ടൺ ഭാരമുള്ള ബഹിരാകാശ ദൂരദർശിനി ഭൂമിയിൽ പതിക്കാനായി താഴേക്ക് വരികയാണെന്നാണ് റിപ്പോർട്ട്. ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മദ്ധ്യ-തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾ ദൂരദർശിനി പതിക്കാൻ സാദ്ധ്യതയുള്ള മേഖലയിൽ ഉൾപ്പെടുന്നുവെന്ന് ദൗത്യം നിരീക്ഷിക്കുന്ന മുഖ്യ ശാസ്ത്രജ്ഞനായ ബ്രാഡ് സെൻകോ പറഞ്ഞു.

യുഎസ് ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് നവംബർ 4-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:00 മണിയോടെ ഇത് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും. എന്നാൽ, പതിക്കുന്ന ഇടങ്ങളിലേക്കെത്താൻ 11 മണിക്കൂറിന്റെ സമയപരിധിയുണ്ട് . ദൂരദർശിനിയുടെ ഭൂരിഭാഗവും ഭ്രമണപഥത്തിൽ വച്ച് തന്നെ കത്തിയമരുമെങ്കിലും ചില ഭാഗങ്ങൾ ഭൂമിയിൽ പതിക്കുമെന്നാണ് വിവരം.

ഇന്ത്യയെ സംബന്ധിച്ചും വളരെ നിർണായകമാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തെ ദാമൻ മുതൽ കിഴക്കൻ തീരത്തെ ഒഡീഷയിലെ കട്ടക്ക് വരെ നീളുന്ന സാങ്കൽപ്പിക രേഖയ്ക്ക് തെക്കോട്ടുള്ള പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുംബയ്, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങൾ ഈ മേഖലയുടെ പരിധിയിലാണ് വരുന്നത്. ഡൽഹി, കൊൽക്കത്ത തുടങ്ങി ഭൂരിഭാഗം ഉത്തരേന്ത്യൻ പ്രദേശങ്ങളും ഇതിന് പുറത്താണ്. എന്നാൽ നീൽ ഗെഹ്‌റൽസ് ദൂരദർശിനി സമുദ്രത്തിൽ പതിക്കാനാണ് സാദ്ധ്യതയെന്നാണ് ചില വിദഗ്ധർ പറയുന്നത്.

2004 നവംബർ 20 നാണ് നാസ ഈ ദൂരദർശിനി വിക്ഷേപിച്ചത്. തുടക്കത്തിൽ 'സ്വിഫ്റ്റ് ഗാമാ-റേ ബർസ്റ്റ് എക്സ്‌പ്ലോറർ' എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. വെറും രണ്ട് വർഷത്തെ ദൗത്യത്തിനായി വിക്ഷേപിച്ച ഇത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് 22 വർഷത്തോളമാണ് ബഹിരാകാശത്ത് സേവനമനുഷ്ഠിച്ചത്. ഈ കാലയളവിൽ 2,000-ത്തിലധികം ഗാമാ-റേ വിസ്ഫോടനങ്ങളും 1,400-ലധികം സൂപ്പർനോവകളും ഈ ദൂരദർശിനി നിരീക്ഷിച്ചിട്ടുണ്ട്. ഇതിനെ ഭ്രമണപഥത്തിൽ നിലനിർത്താനുള്ള നാസയുടെ അവസാനഘട്ട ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ ഭൂമിയിലേക്ക് പതിക്കുന്നത്.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ എസ് ആർ ഓയ്ക്ക് അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്ന ഇത്തരം വസ്തുക്കളെ നിരീക്ഷിക്കാൻ ശ്രീഹരിക്കോട്ടയിൽ 'മൾട്ടി-ഒബ്ജക്റ്റ് ട്രാക്കിംഗ് റഡാർ' സംവിധാനമുണ്ടെങ്കിലും നാസയുടെ ദൂരദർശിനിയെ നിലവിൽ നിരീക്ഷിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

English Summary

NASA's 1.5-ton 'Neil Gehrels' space telescope is expected to re-enter Earth's atmosphere on November 4 around 2:00 PM IST. Parts of Africa, Australia, and India, including major Indian cities, are within the potential impact zone. While most of the telescope will burn up, some debris may reach the ground, though experts predict an ocean landing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NASA TELESCOPE CRASH, SATELITE DEBRIS INDIA, CHENNAI, MUMBAI, NASA TELESCOPE FALLING TO EARTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360