ഫ്ളോറിഡ: കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ സ്വകാര്യ ജെറ്റ് തകർന്നുവീണ് മരിച്ച കോ-പൈലറ്റ് നതാലിയ ഗഡെൽഹ ഹൈസ്കൂൾ പഠനകാലത്തുതന്നെ പൈലറ്റ് ലൈസൻസ് സ്വന്തമാക്കി വാർത്തകളിൽ ഇടംപിടിച്ചയാളാണ്. 20-ാം വയസിൽ ലോകത്തോട് വിടപറയേണ്ടിവന്ന നതാലിയ 17 വയസുള്ളപ്പോഴാണ് സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയത്. വെസ്റ്റ് ബോക റാറ്റൺ കമ്മ്യൂണിറ്റി ഹൈസ്കൂളിൽ അവസാന വർഷ വിദ്യാർത്ഥിനിയായിരിക്കെയായിരുന്നു നതാലിയ ഈ നേട്ടം സ്വന്തമാക്കിയത്.
ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുമുമ്പ് വിമാനം പറത്താനുള്ള ലൈസൻസ് സ്വന്തമാക്കിയതിലൂടെ അന്ന് പ്രാദേശിക മാദ്ധ്യമങ്ങളിൽ നതാലിയ ശ്രദ്ധ നേടിയിരുന്നു. 2020ലാണ് നതാലിയ വിമാന പരിശീലനം ആരംഭിച്ചത്. പിതാവും പറക്കൽ പരിശീലനത്തിൽ സഹായിച്ചിരുന്നു. ഹൈസ്കൂളിലെ ഏവിയേഷൻ അക്കാദമി വഴിയാണ് പൈലറ്റ് പരിശീലനത്തിനുള്ള അവസരം ലഭിച്ചത്. പഠനകാലത്തുതന്നെ 88 മണിക്കൂർ പറക്കൽ പരിചയം നേടിയതായാണ് റിപ്പോർട്ടുകൾ.
പിന്നീട് കൊമേഴ്‌സ്യൽ പൈലറ്റായി ജോലി ആരംഭിച്ച നതാലിയയ്ക്ക് ഏകദേശം 1,300 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. അപകടത്തിന് ഒമ്പത് മാസം മുമ്പാണ് കൊമേഴ്‌സ്യൽ പൈലറ്റായി ജോലി തുടങ്ങിയത്. ടെക്സസിലെ ഓസ്റ്റിനിൽനിന്ന് ബഹാമസിലേക്ക് പോകുകയായിരുന്ന ലിയർജെറ്റ് 60 വിമാനമാണ് ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടിയിൽ തകർന്നുവീണത്.
അപകടത്തിനുമുമ്പ് വിമാനത്തിൽ ഐസ് അടിഞ്ഞുകൂടുന്നതായും ശക്തമായ കാറ്റും ടർബുലൻസും അനുഭവപ്പെടുന്നതായും കോക്പിറ്റിൽനിന്ന് എയർ ട്രാഫിക് കൺട്രോളിന് വിവരം നൽകിയിരുന്നു. പിന്നീട് വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കുകയാണെന്ന് അറിയിച്ച് കോ-പൈലറ്റ് 'മെയ്‌ഡേ' സന്ദേശം നൽകി. വിമാനം മിനിറ്റിൽ 10,000 അടി വേഗത്തിൽ താഴേക്ക് പതിക്കുകയാണെന്നും പിന്നീട് ഈ വേഗം 20,000 അടിയായി ഉയർന്നെന്നും ആശയവിനിമയ രേഖകളിലുണ്ട്. വിമാനം നിലത്തിടിക്കുന്നതിന് തൊട്ടുമുമ്പുള്ള ആശയവിനിമയം ഏറെ ദാരുണമായിരുന്നു.
അതേസമയം, വിമാനം പറത്താനുള്ള യോഗ്യത നതാലിയയുടെ ലൈസൻസിലുണ്ടായിരുന്നെങ്കിലും വിമാനത്തിന്റെ കമാൻഡ് ഏറ്റെടുക്കാനുള്ള അധികാരം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് അവർ കോ-പൈലറ്റിന്റെ ചുമതലയിലായിരുന്നു. വിമാനത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നത് മറ്റൊരു പൈലറ്റായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. പൈലറ്റാകണമെന്ന നതാലിയയുടെ സ്വപ്നം ചെറുപ്പംമുതലേ ഉണ്ടായിരുന്നുവെന്നും ആ സ്വപ്നം സാക്ഷാത്കരിക്കാൻ അവൾ ഏറെ പരിശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.
അപകടത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിൽ ഐസ് രൂപപ്പെട്ടതും കാലാവസ്ഥാ സാഹചര്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണവിധേയമാണ്. യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം നടത്തിവരികയാണ്
Co-pilot Nathalia Gadelha, 20, died in a Florida private jet crash. She obtained her pilot's license at 17 and had 1,300 flight hours. The Learjet 60, en route to the Bahamas, reported icing and turbulence before a rapid descent and 'Mayday' call. The crash cause is under investigation by US NTSB and FAA.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |