SignIn
Kerala Kaumudi Online
Saturday, 19 September 2026 6.20 PM IST

'സഞ്ജു സാംസണെ ഇപ്പോഴും അംഗീകരിക്കാത്തവരോട് സഹതാപം മാത്രം'​; വൈറലായി കുറിപ്പ്

sanju-samson-
സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യമായ സഞ്ജു സാംസണെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയതിന് പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യൻ ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്ന സാഹചര്യത്തിൽ താരത്തിന്റെ ഇതുവരെയുള്ള പ്രകടനത്തിന്റെ വിലയിരുത്തലും നേരിട്ട പ്രതിസന്ധികളുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. ഡോക്ടർ നെൽസൺ ജോസഫാണ് സഞ്ജുവിന്റെ ഇതുവരെയുള്ള ക്രിക്കറ്റ് യാത്രയെക്കുറിച്ച് എഴുതിയിരിക്കുന്നത്.

ട്വന്റി 20യിൽ 9000 റൺ തികച്ച ഇന്ത്യക്കാരുടെ പട്ടികയിൽ സഞ്ജു ഇടംനേടിയതിനെക്കുറിച്ചാണ് നെൽസൺ ജോസഫ് ആദ്യം പറയുന്നത്. സഞ്ജു സാംസൺ 351 മാച്ചുകളിൽ നിന്നാണ് 9027 റൺസ് സ്വന്തമാക്കിയത്. പട്ടികയിൽ ഒന്നാം സ്ഥാനം വിരാട് കൊഹ്‌ലിക്കും രണ്ടാം സ്ഥാനം രോഹിത് ശർമയ്ക്കുമാണ്. ശിഖർ ധവാൻ, സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം അഞ്ചാമനായി സഞ്ജുവും ഉണ്ട്.

ആ പട്ടികയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയത് കൊഹ്‌ലിക്ക് ശേഷം സഞ്ജുവാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ കിംഗ് എന്നറിയപ്പെടുന്ന കൊഹ്‌ലിയേക്കാൾ രണ്ട് സെഞ്ച്വറി മാത്രം അകലെയാണ് സഞ്ജു. കേരളം കണ്ട ഏറ്റവും മികച്ച സ്പോർട്സ് താരങ്ങളിലൊരാൾ എന്ന വിശേഷണത്തിലേക്കാണ് സഞ്ജു സാംസൺ നടന്നെത്തിയിരിക്കുന്നതെന്നാണ് നെൽസൺ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

2015ൽ അരങ്ങേറി 2026 വരെയുള്ള 15 വർഷം കൊണ്ട് ആകെ 69 ഇന്റർനാഷണൽ ട്വന്റി 20 മാച്ചുകൾ മാത്രമാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. 4.6 ആണ് അദ്ദേഹത്തിന്റെ ശരാശരി. ആ ശരാശരി ഒരുപക്ഷേ 2015ൽ കളിച്ച ആദ്യ മാച്ചിന് ശേഷം വീണ്ടുമൊരു മാച്ച് കിട്ടാൻ കാത്തിരുന്ന അഞ്ച് വർഷത്തിന്റെ കണക്കൊന്നും പറഞ്ഞേക്കില്ലെന്നും നെൽസൺ ജോസഫ് തന്റെ പോസ്റ്റിൽ പറയുന്നു.

നെൽസൺ ജോസഫ് പങ്കുവച്ച പോസ്റ്റ്

'കേരളം കണ്ട ഏറ്റവും മികച്ച സ്പോർട്സ് താരങ്ങളിലൊരാൾ എന്ന വിശേഷണത്തിലേക്കാണ് സഞ്ജു സാംസൺ നടന്നെത്തിയിരിക്കുന്നത്. ടി ട്വന്റിയിൽ 9000 റൺ തികച്ച ഇന്ത്യക്കാരുടെ ലിസ്റ്റ് ഒന്ന് എടുത്ത് നോക്കണം. ഒന്നാം സ്ഥാനം വിരാട് കോഹ്ലിയാണ്. 430 മാച്ചുകളിൽ നിന്ന് 14218 റൺ. രണ്ടാമത് രോഹിത് ശർമ. 472 മാച്ചുകളിൽ നിന്ന് 12531 റൺ മൂന്നാം സ്ഥാനത്ത് ശിഖർ ധവാൻ 334 മാച്ചുകളിൽ നിന്ന് 9797 റൺ നാലാമൻ സൂര്യകുമാർ യാദവ് 373 മാച്ചുകളിൽ നിന്ന് 9729 റൺ.

അതായത് ഇന്ത്യ കണ്ട ഓൾ ടൈം ബെസ്റ്റ് വൈറ്റ് ബോൾ പ്ലേയേഴ്സിൽ രണ്ട് പേർ ഉൾപ്പെടുന്ന, വെറും അഞ്ച് പേർ മാത്രമുള്ള ഒരു എലീറ്റ് ലിസ്റ്റിലെ അഞ്ചാമൻ. സഞ്ജു സാംസൺ 351 മാച്ചുകളിൽ നിന്ന് 9027 റൺ.ആ ലിസ്റ്റിലെ സെഞ്ചുറികളിൽ രണ്ടാമൻ. വിരാട് കോഹ്ലിയെക്കാൾ രണ്ട് സെഞ്ചുറികൾ മാത്രം പിറകിൽ. സെഞ്ചുറികളിൽ ലോകത്ത് അഞ്ചാം സ്ഥാനം മറ്റ് ആറു പേർക്കൊപ്പം പങ്കിടുന്നു.

ഏത് സഞ്ജു സാംസൺ?

2011ൽ അരങ്ങേറി, 2026 വരെയുള്ള 15 വർഷം കൊണ്ട് ആകെ 69 ഇൻ്റർനാഷണൽ ട്വന്റി ട്വന്റി മാച്ചുകൾ മാത്രം കളിച്ച സഞ്ജു സാംസൺ (ശരാശരി 4.6).

ആ ശരാശരി ഒരുപക്ഷേ 2015ൽ കളിച്ച ആദ്യ മാച്ചിന് ശേഷം വീണ്ടുമൊരു മാച്ച് കിട്ടാൻ കാത്തിരുന്ന അഞ്ച് വർഷത്തിൻ്റെ കണക്കൊന്നും പറഞ്ഞേക്കില്ല. ഇന്ന് വൈഭവ് സൂര്യവൻശിക്ക് വേണ്ടി വാദിക്കുന്നവർ അന്ന് ബഞ്ചിലിരുന്ന സഞ്ജു സാംസണെ ഓർക്കാനുമിടയില്ല.

അപ്പോൾ ആരോ പറഞ്ഞുകേട്ടു, വൈഭവ് സച്ചിനൊപ്പം നിൽക്കുന്ന ടാലൻ്റ് ആണെന്ന്. സഞ്ജു ഐ.പി.എല്ലിന് മുൻപ് എന്താണ് ചെയ്തിട്ടുള്ളത് എന്ന്.

ആ ചോദിച്ചവർക്ക് ഒരുപക്ഷേ 2014 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്കോറർ ആരാണ് എന്നൊന്നും അറിയാൻ വഴിയില്ല. സഞ്ജു സാംസണ് എത്ര വയസുള്ളപ്പോഴാണ് കേരളത്തിൻ്റെ രഞ്ജി ട്രോഫി ടീമിലേക്ക് സെലക്ഷൻ കിട്ടിയതെന്നും അറിയാൻ വഴിയില്ല.

വൈഭവ് സൂര്യവൻശി ഒരു ജനറേഷണൽ ടാലൻ്റ് തന്നെയാണ്. സഞ്ജു സാംസൺ ടാലൻ്റിൻ്റെ കാര്യത്തിൽ ഒരിക്കലും മറ്റാരെക്കാളും പിന്നിലല്ല.

മറ്റ് പലർക്കും ലഭിച്ച കരിയർ പിന്തുണയോ തുടർച്ചയായ അവസരങ്ങളോ ഇല്ലാതെ അയാൾ ക്രിക്കറ്റ് ലോകത്തെ മഹാരഥന്മാർക്കൊപ്പം കസേര വലിച്ചിട്ട് ഇരിക്കുന്നുണ്ടെങ്കിൽ അത് കഴിവും പരിശ്രമവും ഉള്ളതുകൊണ്ട് തന്നെയാണ്. അത് മനസിലാവണമെങ്കിൽ സൂര്യകുമാർ യാദവിന്റെ ഒരു വാചകത്തിലേക്ക് ഒന്ന് തിരിച്ചുപോവണം.

2024 ജൂലൈ 30.

അന്ന് ശ്രീലങ്കയ്ക്കെതിരെ മറ്റൊരു ഇന്നിങ്ങ്സിൽ കൂടി പൂജ്യത്തിന് പുറത്താവുമ്പൊ സഞ്ജു സാംസണിന്റെ കരിയർ ഇങ്ങനെ വായിക്കാം.

30 മാച്ച് - 26 ഇന്നിങ്ങ്സ് - 444 റൺ - ആവറേജ് 19.3

ആകെ നേടിയത് 2 അർധസെഞ്ചുറികളും പൂജ്യം സെഞ്ചുറികളും.

ആ സമയത്ത് കരിയർ എന്താവും എന്നുപോലും യാതൊരു ഉറപ്പുമില്ലാതിരുന്ന സഞ്ജു സാംസണോട് സൂര്യകുമാർ യാദവ് ഒരു വാചകം പറയുന്നുണ്ട് - " ചേട്ടാ, അഗ് ലാ 7 മാച്ച് തേരാ '.

അതായത്, പരാജയപ്പെട്ടാലും വിജയിച്ചാലും പൂജ്യത്തിന് പുറത്തായാലും അടുത്ത ഏഴ് കളി നിന്നെ ആരും ഒന്നും ചെയ്യില്ല എന്ന്. സഞ്ജുവിന് ക്യാപ്റ്റൻ നൽകുന്ന ഉറപ്പ്...ആത്മവിശ്വാസം. അടുത്ത ഏഴ് കളിയിൽ എന്ത് സംഭവിച്ചു എന്ന് ഒരുവിധം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കൊക്കെ അറിയാം. സഞ്ജു സാംസൺ ഫാൻസിന് പ്രത്യേകിച്ചും.. ആ ഏഴ് മാച്ചിൽ 3 സെഞ്ചുറികൾ. അതിന് ശേഷം പോലും ഗില്ലിനു വേണ്ടി ഓപ്പണിങ്ങ് സ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടി വന്നുവെങ്കിലും പിന്നീടുള്ള സ്റ്റാറ്റസ്റ്റിക്സ് ഇങ്ങനെ വായിക്കാം. 39 മാച്ചുകൾ - 35 ഇന്നിങ്ങ്സ് - 1105 റൺ - 33.48 ആവറേജ് 3 സെഞ്ചുറികളും 6 അർധസെഞ്ചുറികളും

അതിൽ ലോകകപ്പിൽ ഒരു ഇന്ത്യൻ ക്രിക്കറ്ററും മുൻപ് ചെയ്ത് കാണിച്ചിട്ടില്ലാത്തത് പോലെ വിർച്വൽ ക്വാർട്ടറിലും സെമിയിലും ഫൈനലിലും തകർപ്പൻ ഇന്നിങ്ങ്സുകൾ

ആ ശ്രീലങ്കൻ ടൂർ അവസാനിക്കുമ്പോൾ 131.36 ആയിരുന്ന സ്കോറിങ്ങ് റേറ്റ് അതിനു ശേഷമുള്ള മാച്ചുകളിൽ 171.31

ട്വൻ്റി ട്വൻ്റി മൽസരങ്ങളിൽ 1500 ൽ അധികം റൺ. അപ്പോൾ പോലും സ്വന്തം സ്ഥാനം ടീമിൽ ഉറപ്പാക്കാനായി അയാൾ ശ്രമിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. വെറും ഭാഗ്യം മാത്രം കൊണ്ട് നേടാൻ കഴിയുന്നതല്ല അത്..

ഇപ്പൊഴും അയാളെ അംഗീകരിക്കാനോ അയാൾ ചെയ്തതിൻ്റെ വലിപ്പം മനസിലാക്കാനോ കഴിയാത്തവരോട് സഹതാപം മാത്രമേയുള്ളൂ.'

English Summary

A recent viral Facebook post by Dr. Nelson Joseph analyzes cricketer Sanju Samson's career. It notes his achievement of scoring 9027 runs in 351 overall T20 matches, placing him fifth among Indians. The post emphasizes Samson's resilience, overcoming limited international opportunities to establish himself as a top performer.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, SANJU SAMSON SEVEN MATCHES, SANJU SAMSON VIRAL POST, INDIAN CRICKET, SANJU SAMSON RECORDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360