
ബാങ്കുകളും വായ്‌പയെടുത്തവരും ആസ്‌തി പുനർനിർമ്മാണ കമ്പനികളും ഒത്തുകളിക്കുന്നു
വായ്‌പ കുടിശ്ശികയുടെ ചെറിയ ഭാഗം വാങ്ങി സെറ്റിൽ ചെയ്യുന്നു
ന്യൂഡൽഹി: രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പിരിക്കുന്ന സംവിധാനത്തിലെ അവിശുദ്ധ കൂട്ടുക്കെട്ടുകൾ തുറന്നുകാട്ടി രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബാങ്കുകളും, വായ്‌പയെടുത്തവരും ആസ്‌തി പുനർനിർമ്മാണ കമ്പനികളുമായി അവിശുദ്ധ കൂട്ടൂക്കെട്ടുണ്ടെന്ന്ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വായ്‌പയെടുത്തവരിൽ നിന്ന് കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ആസ്‌തി പുനർനിർമ്മാണ കമ്പനികൾ അഥവാ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികളെയാണ് (എ.ആർ.സി) ബാങ്കുകൾ ആശ്രയിക്കുന്നത്. ഇത്തരം കമ്പനികൾ രൂപീകരണം പുന:പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. വായ്‌പ ബാദ്ധ്യത എ.ആർ.സികൾക്ക് വൻ ഇളവുകളോടെയാണ് ബാങ്കുകൾ കൈമാറുന്നത്. വായ്‌പ കുടിശ്ശിയുടെ ചെറിയ ശതമാനം മാത്രം വാങ്ങി ഒത്തുതീർക്കുന്നു. 15% വരെ മാത്രം തുക നൽകി അടച്ചു തീർക്കുന്ന കേസുകളുണ്ട്. ഇതിലൂടെ എ.ആർ.സിയിലെ ഉദ്യോഗസ്ഥർ പണമുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേന്ദ്രസർക്കാർ, ആർ.ബി.ഐ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. 4 ആഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം.
പൊതുപണം ഉൾപ്പെടുന്ന വിഷയം
പൊതുപണം ഉൾപ്പെടുന്ന വിഷയമായതിനാലാണ് ആശങ്കയെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട നികുതിദായകരുടെ പണം സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും കൈകളിലേക്ക് പോകുന്നതും, തട്ടിപ്പിന് കളമൊരുങ്ങുന്നതും കോടതിയെ അസ്വസ്ഥമാക്കുന്നു. ഉത്തർപ്രദേശ് നോയിഡയിലെ ജെ.കെ.എം ഇൻഫ്രാ പ്രൊജക്‌ട്സ് ലിമിറ്റഡിന് പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യം അനുവദിച്ച വായ്‌പയുടെ സെറ്റിൽമെന്റിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വിമർശനം. 1537 കോടിയുടെ വായ്‌പ കുടിശ്ശിക 73.50 കോടി വാങ്ങിയാണ് ഒത്തുതീർത്തത്. ഈകേസിൽ മാത്രം 95% പൊതുപണമാണ് നഷ്‌ടമായതെന്ന് ഹർജിക്കാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |