SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.37 AM IST

എം.എസ്.എം.ഇകൾ സമ്പദ് ഘടനയുടെ നട്ടെല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ

rbi

വായ്പാ ലഭ്യത ഉറപ്പാക്കാൻ നടപടി

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക മുന്നേറ്റത്തിന് ഊർജം നൽകുന്ന ബിസിനസ് പങ്കാളികളായി സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ(എം.എസ്.എം.ഇ) ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അംഗീകരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്ര പറഞ്ഞു. റിസർവ് ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എം എസ് എം ഇ സംരംഭകർക്കായി കൊച്ചിയിൽ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായ്പാ വിതരണം സുതാര്യവും വേഗത്തിലുമാക്കാൻ യുപിഐ മാതൃകയിൽ 'യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ്' എന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംവിധാനം വികസിപ്പിക്കുകയാണ്.

ഉപഭോക്താക്കളുടെ സമ്മതത്തോടെ ജി.എസ്.ടി ഡാറ്റ, ബാങ്ക് വിവരങ്ങൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ സമന്വയിപ്പിച്ച് ബാങ്കുകൾക്കും എൻ.ബി.എഫ്‌.സികൾക്കും വായ്പ വിലയിരുത്തൽ വേഗത്തിൽ നടത്താം.. ഇന്ത്യയുടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ചെറു ബിസിനസുകൾക്ക് നിർണായകമായ പങ്കാണുള്ളതെന്നും സഞ്ജയ് മൽഹോത്ര കൂട്ടിച്ചേർത്തു.

കേരള-ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ പ്രവീൺകുമാർ വസന്ത രാമചന്ദ്രൻ, എറണാകുളം ജില്ല കളക്‌ടർ ജി. പ്രിയങ്ക, സെൻട്രൽ ഓഫീസ് ചീഫ് ജനറൽ മാനേജർ ആർ. ഗിരിധരൻ, കൊച്ചി ആർ.ബി.ഐ. ജനറൽ മാനേജർ പ്രമോദ് കുമാർ, കനറാ ബാങ്ക് സീനിയർ മാനേജർ പ്രവീൺ മൈക്കിൾ, സിഡ്ബി കൊച്ചി ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ ടി. ഷാജു റാഫേൽ, തിരുവനന്തപുരം ആർ.ബി.ഐ. ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസർ വി. ജി.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

എം.എസ്.എം.ഇ വായ്പ ഒരു ലക്ഷം കോടി കവിഞ്ഞു

കേരളത്തിലെ എം.എസ്.എം.ഇ വായ്പ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ഇന്ത്യയൊട്ടാകെ 37 ലക്ഷം കോടി രൂപയിലധികം വായ്‌പയാണ് എം.എസ്.എം.ഇകൾക്ക് ലഭ്യമാക്കിയത്. അഞ്ച് വർഷത്തിനിടെയിൽ ബാങ്ക് ക്രെഡിറ്റ് 14 ശതമാനം വളർച്ച നേടിയപ്പോൾ എം എസ് എം ഇ വായ്പാ വിതരണം 19 ശതമാനം ഉയർന്നു.

സംരംഭക നഴ്സറികൾ

എം.എസ്.എം.ഇകൾ ഇന്ത്യയുടെ സംരംഭക നഴ്‌സറികളാണെന്ന് സഞ്‌ജയ് മൽഹോത്ര പറഞ്ഞു. ഈ മേഖലയുടെ വളർച്ചയ്ക്കായി പരമാവധി ധനകാര്യ സഹായങ്ങൾ ലഭ്യമാക്കുന്നതിന് റിസർവ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. സാങ്കേതികവിദ്യയിൽ നിക്ഷേപിച്ചും മികച്ച ഗവേഷണ, വികസന വിഭാഗം രൂപീകരിച്ചും നവീന ഉത്പന്നങ്ങൾ വികസിപ്പിച്ചും എം.എസ്.എം.ഇകൾ മുന്നേറണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360