
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങളിൽ റെക്കാഡ് താഴ്ചയ്ക്ക് സമീപമെത്തിയ രൂപയ്ക്ക് സംരക്ഷണം ഒരുക്കാൻ റിസർവ് ബാങ്ക് രംഗത്ത്. വിദേശ നാണ്യ ഡെറിവേറ്റീവ് ഇടപാടുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചും റദ്ദാക്കിയ കരാറുകൾ വീണ്ടും ബുക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയും ഡെറിവേറ്റീവ് ഇടപാടുകൾക്ക് 20 ശതമാനം മാർജിൻ നിർബന്ധമാക്കിയുമാണ് റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നത്. നിലവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 96.78ലാണ്. മേയിൽ രേഖപ്പെടുത്തിയ 96.95 എന്ന റെക്കാഡ് താഴ്ചയിൽ നിന്ന് 17 പൈസ മാത്രം മുകളിലാണ് രൂപ.
പുതുക്കിയ നിയമങ്ങൾ അനുസരിച്ച് രൂപ ഉൾപ്പെടുന്ന ഉപയോക്താക്കളുടെ ഡെറിവേറ്റീവ് കരാറുകൾ വീണ്ടും ബുക്ക് ചെയ്യാൻ ഓതറൈസ്‌ഡ് ഡീലർമാർക്ക് അനുവാദമുണ്ടാകില്ല. മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം റദ്ദാക്കിയ കരാറുകൾക്കാണ് ഈ നിബന്ധന ബാധകമാകുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖല എണ്ണക്കമ്പനികളുടെ ദൈനംദിന ഡോളർ ആവശ്യം ഒക്ടോബർ 12 മുതൽ റിസർവ് ബാങ്ക് നേരിട്ട് നിർവഹിക്കും. ഇതോടെ ഈ കമ്പനികൾക്ക് വിപണിയിൽ നിന്ന് നേരിട്ട് ഡോളർ വാങ്ങുന്നതിലെ സമ്മർദ്ദം കുറയും. ഇതിനായി വിദേശ നാണയ കരുതൽ ശേഖരത്തിൽ നിന്ന് ഡോളർ നൽകും.
20 ശതമാനം കരുതൽ തുക
രൂപ ഉൾപ്പെടുന്ന കറന്റ് അക്കൗണ്ട് ഇടപാടുകളുടെ ഹെഡ്‌ജിംഗിനായി രൂപ നൽകി വിദേശ നാണയം വാങ്ങുന്ന നിർദിഷ്ട ഡെറിവേറ്റീവ് കരാറുകളിൽ ഇരുപത് ലക്ഷം ഡോളറിലധികം മൂല്യമുണ്ടെങ്കിൽ ഇരുപത് ശതമാനം തുക മാർജിനായി റിസർവ് ബാങ്കിൽ സൂക്ഷിക്കണം.
രൂപയ്ക്ക് സമ്മർദ്ദം ഉയർത്തുന്നത്
1. ക്രൂഡ് വില കുതിച്ചതോടെ കമ്പനികളുടെ ഡോളർ ആവശ്യമേറുന്നു
2. ബോണ്ട് യീൽഡിലെ വർദ്ധന വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുക്കുന്നു
വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഇടിവ്
ഒക്‌ടോബർ രണ്ടിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 1,295 കോടി ഡോളർ കുറഞ്ഞ് 73,460 കോടി ഡോളറായി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് ശേഖരം കുറയുന്നത്. സെപ്തംബർ നാലിന് രേഖപ്പെടുത്തിയ റെക്കാഡ് ഉയരമായ 78,570 കോടി ഡോളറിൽ നിന്ന് ഏകദേശം 5,100 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |