
കൊച്ചി: തിങ്കളാഴ്ചത്തെ കനത്ത തകർച്ചയിൽ നിന്ന് ശക്തമായി കരകയറി ഇന്ത്യൻ ഓഹരി വിപണി.
അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബഡ്‌ജറ്റ് തയ്യാറാക്കുന്നതിനുള്ള ചർച്ചകളിൽ ദീർഘകാല മൂലധന നേട്ടനികുതി(എൽ.ടി.സി.ജി), സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്(എസ്.ടി.ടി) എന്നിവ ഒഴിവാക്കുന്നതിനെ കുറച്ച് നിക്ഷേപകരുടെ അഭിപ്രായങ്ങൾ കേൾക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയതാണ് നിക്ഷേപകർക്ക് ആവേശമായത്. ഇതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ അടക്കമുള്ള നിക്ഷേപകർക്ക് ആത്മവിശ്വാസം വർദ്ധിച്ചതാണ് ഓഹരി വിപണിക്ക് കരുത്തായത്.
ആഭ്യന്തര നിക്ഷേപകർക്കൊപ്പം വിദേശ ധന സ്ഥാപനങ്ങളും വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതോടെ മുഖ്യ സൂചികകളായ സെൻസെക്സ്, നിഫ്‌റ്റി എന്നിവ 1.5 ശതമാനം നേട്ടമുണ്ടാക്കി. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് 12 മാസത്തിലധികം കൈവശം വെച്ച ലിസ്‌റ്റ് ചെയ്ത ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന മൂലധന നേട്ടത്തിന് 12.5 ശതമാനം നികുതി നൽകണം.
സെൻസെക്സ് ഇന്നലെ 1,109.10 പോയിന്റ് ഉയർന്ന് 78,033.78ലും നിഫ്‌റ്റി 358.60 പോയിന്റ് നേട്ടത്തോടെ 22,721.95ലും അവസാനിച്ചു.
ഐ.ടി ഓഹരികൾ തിരിച്ചുകയറുന്നു
ഐ.ടി ഓഹരികളിലെ കുതിപ്പും താഴ്ന്ന നിലവാരത്തിൽ നിക്ഷേപകർ വാങ്ങൽ താത്പര്യം വർദ്ധിപ്പിച്ചതും വിപണിക്ക് കരുത്ത് പകർന്നു. ഐ.ടി സൂചിക അഞ്ച് ശതമാനത്തിലേറെ ഉയർന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ പ്രമുഖ ഐ.ടി കമ്പനിയായ എച്ച്.സി.എൽ ടെക് മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടതാണ് ഐ.ടി ഓഹരികൾക്ക് നേട്ടമായത്. കമ്പനിയുടെ ഓഹരി വില ഇന്നലെ എട്ട് ശതമാനം ഉയർന്നു. ടി.സി.എസ് ഓഹരികൾ ഏഴ് ശതമാനം നേട്ടമുണ്ടാക്കി. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലും മികച്ച വാങ്ങൽ ദൃശ്യമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |