
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് 'ഇന്ത്യ" മുന്നണി സംഘടിപ്പിച്ച 'ചലോ ഡൽഹി" സമരം സമാധാനപരം. വൈകിട്ട് അഞ്ചുവരെയാണ് രാംലീല മൈതാനി അനുവദിച്ചിരുന്നതെങ്കിലും 4.30ഓടെ സമരം അവസാനിപ്പിച്ചത് പൊലീസിന് ആശ്വാസമായി. ശനിയാഴ്ച വൈകിട്ട് മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാംലീല മൈതാനിയിലേക്ക് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു.
വെള്ളിയാഴ്ച പെയ്‌ത കനത്തമഴയിൽ മൈതനത്ത് വെള്ളം കയറിയിരുന്നു. നൂറുകണക്കിന് മോട്ടോറുകളും പമ്പുകളുമെത്തിച്ച് വെള്ളം ഒഴുക്കിക്കളഞ്ഞാണ് ഒരുവിധം ശരിയാക്കിയത്. എന്നിട്ടും പലയിടത്തും ചെളിവെള്ളം നിറഞ്ഞുകിടന്നു. കനത്ത മഞ്ഞുമുണ്ടായിരുന്നു. ഇതിനെയെല്ലാം അവഗണിച്ച് ലക്ഷങ്ങളാണ് സമരത്തിനെത്തിയത്. ചെറുസംഘങ്ങളായെത്തിയവർ പാട്ടുപാട്ടിയും മുദ്രാവാക്യം വിളിച്ചും സമരസ്ഥലത്തേക്ക് നീങ്ങി. വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പ്രവർത്തകർക്ക് വെള്ളവും ചെറുകടികളും ഒരുക്കിയിരുന്നു. ചിലയിടത്ത് 'ചലോ ഡൽഹി" തൊപ്പികൾ വിതരണം ചെയ്‌തു.
മലയാളി സംഘങ്ങളും
വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ കേരളത്തിൽ നിന്നുള്ള സംഘങ്ങളും സമരത്തിനെത്തി. കോക്രോച്ച് ജനത പാർട്ടി(സി.ജെ.പി) പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാന നേതാവ് അഭിജീത് ദീപ്കെയെത്തിയില്ല. പക്ഷെ ജെൻസികൾ സാന്നിദ്ധ്യമറിയിച്ചു. മേഖലയിലാകെ വൻസുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയത്. ഇത്തവണ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയോ ഇന്റർനെറ്റ് വിച്ഛേദിക്കുകയോ ചെയ്തില്ല.
വ്യാപാര കേന്ദ്രങ്ങളെ ബാധിച്ചു
ഡൽഹിയിലെ പ്രധാന വ്യാപാര കേന്ദ്രമായ കൊണാട്ട് പ്ലേസിനെ അടക്കം സമരം ബാധിച്ചു. പൊലീസ് ബാരിക്കേഡുകൾ നിരത്തിയതും ഗതാഗതം വഴിതിരിച്ചു വിട്ടതും വ്യാപാരികളുടെ വയറ്റത്തടിച്ചു. ദീപാവലി കച്ചവടം നടക്കുന്ന സമയമായതിനാൽ റാലി മാറ്റിവയ്‌ക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. അതേസമയം, ലക്ഷകണക്കിന് സമരക്കാർ ഡൽഹിയിലെത്തിയതിനാൽ വ്യാപാരം വർദ്ധിച്ചെന്നാണ് കപിൽ സിബൽ എം.പി പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |