
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 'ഇന്ത്യ' മുന്നണി നേതാക്കൾ അണിനിരന്ന മഹാറാലിയിൽ പങ്കെടുക്കാൻ അതിരാവിലെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. പതാകകളും ബാനറുകളും മുദ്രാവാക്യങ്ങളുമായി ലക്ഷങ്ങൾ അണിനിരന്നതോടെ രാംലീല മൈതാനം പ്രതിഷേധക്കടലായി.
ഉച്ചയ്ക്ക് 12ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന റാലി മുക്കാൽ മണിക്കൂർ വൈകിയാണ് തുടങ്ങിയത്. അതിനകം ഡൽഹി കൊണാട്ട് പ്ലേസിലെ മിന്റോ റോഡും പരിസരവും പാർട്ടി പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. സി.പി.എം, സി.പി.ഐ പ്രവർത്തകരാണ് ആദ്യമെത്തിയത്. കേരളത്തിൽ നിന്നുൾപ്പെടെ എത്തിയ ഇടതുപക്ഷ പ്രവർത്തകർ മുദ്രാവാക്യങ്ങളും വിപ്ലവഗാനങ്ങളുമായി റാലിക്ക് ആവേശം പകർന്നു. സി.പി.ഐ സംഘത്തിന് സംസ്ഥാന സെക്രട്ടറി ബനോയ് വിശ്വം നേതൃത്വം നൽകി. പിന്നാലെ സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും യുവജനവിദ്യാർത്ഥി സംഘടനകളും അണിനിരന്നു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽനിന്ന് തുറന്ന വാഹനങ്ങളിലെത്തിയ നേതാക്കൾ മിന്റോറോഡിൽ നിന്ന് ഉച്ചയ്ക്ക് 12.45ഓടെ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ രാംലീലാ മൈതാനത്തേക്ക് നീങ്ങി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, അഖിലേഷ് യാദവ്, മമത ബാനർജി, അഭിഷേക് ബാനർജി, എം.എ. ബേബി, ഡി. രാജ, ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കൾ തുറന്ന വാഹനങ്ങളിൽ അണിനിരന്നു.
പ്രകടനം നീങ്ങവേ ഇരുവശങ്ങളിലും കൈവീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകരുടെ ആവേശം. അവരെ അഭിവാദ്യം ചെയ്‌ത് നേതാക്കൾ. ദേശീയ പതാകയേന്തിയ യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും മുതിർന്ന പ്രവർത്തകരും റാലിയുടെ ഭാഗമായി. 21 പാർട്ടികൾ ഒരു പൊതുവിഷയത്തിൽ റാലിയിൽ അണിനിരന്നത് ശ്രദ്ധേയമായി. കോൺഗ്രസിന്റെ കൈപ്പത്തിയും ഇടതുപക്ഷത്തിന്റെ ചെങ്കൊടിയും സമാജ്‌വാദി പാർട്ടിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും പതാകകളും ഒന്നിച്ചുയർന്ന് ഐക്യസന്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |