പാട്റ്റ: ബീഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ജെഡിയു എംഎൽഎ അനന്ത് കുമാർ സിംഗ് രംഗത്ത്.
വരാനിരിക്കുന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ എതിരാളിയായ നീരജ് കുമാറിനെ മത്സരിപ്പിച്ചതിൽ പാർട്ടിയോട് അതൃപ്തിയുടെ ഭാഗമായാണ് വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ബീഹാറിൽ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അനന്ത് കുമാറിന്റെ പരാമർശം ജെഡിയു നിഷേധിച്ചു.
'നിതീഷ് കുമാറും ഞാനും തമ്മിൽ ഒട്ടേറെ കാലത്തെ ബന്ധമുണ്ട്. അവനെ സഹായിക്കാൻ ഞാൻ ഒമ്പത് പേരെ കൊലപ്പെടുത്തി. ഒരു കൈത്താങ്ങ് കണ്ടെത്താൻ അവൻ പാടുപെടുന്ന സമയങ്ങളിൽ ഞാൻ അവനോടൊപ്പം നിന്നു'- അനന്ത് കുമാർ സിംഗ് പറഞ്ഞു. നീരജ് കുമാർ മുമ്പ് തനിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും തനിക്ക് അഭിപ്രായവ്യത്യാസമുള്ള ഒരാളെ പാർട്ടി എന്തിനാണ് നാമനിർദ്ദേശം ചെയ്തതെന്നും അനന്ത് കുമാർ സിംഗ് ചോദിച്ചു.
എന്നാൽ പരാമർശം വിവാദമായതോടെ അനന്ത് കുമാർ സിംഗ് അത് പിൻവലിച്ചു. നിതീഷ്കുമാറിനൊപ്പം ഞാൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് എന്റെ ഒൻപത് അനുയായികൾ കൊല്ലപ്പെട്ടു. എനിക്കുനേരെയും വെടിവയ്പ്പുണ്ടായി. ഞങ്ങൾ നിതീഷ്കുമാറിനൊപ്പം നിന്നതുകൊണ്ടാണ് അവരെ കൊലപ്പെടുത്തിയത്. ഇതേക്കുറിച്ചാണ് പറഞ്ഞതെന്ന് അനന്ത്കുമാർ വ്യക്തമാക്കി.
വെളിപ്പെടുത്തൽ വിവാദമായതോടെ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡി പ്രതിഷേധവുമായി രംഗത്തെത്തി. അനന്ത് കുമാർ സിംഗിന്റെ പരാമർശം രാഷ്ട്രീയ കുറ്റകൃത്യങ്ങൾ സമ്മതിക്കുന്നതിന് തുല്യമാണെന്ന് ആർജെഡി ആരോപിച്ചു.
'നിതീഷ് കുമാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് വേണ്ടി നടത്തിയ കൊലപാതകങ്ങൾ, അനന്ത് സിംഗ് സത്യസന്ധമായി സമ്മതിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന തലങ്ങളിൽ നിന്നുള്ള തന്റെ പാർട്ടിയുടെ സമ്മർദ്ദം മൂലമാകാം അനന്ത് സിംഗ് പിന്നീട് തന്റെ പ്രസ്താവന പിൻവലിച്ചത്. എങ്കിൽപ്പോലും മോത്തിഹാരി, മുസാഫർപൂർ, വൈശാലി, മൊകാമ മേഖലകളിലെ കുപ്രസിദ്ധ ക്രിമിനൽ സംഘങ്ങളുമായി സഖ്യമുണ്ടാക്കിയാണ് നിതീഷ് കുമാർ ബീഹാറിൽ അധികാരം കെട്ടിപ്പടുത്തത്. അത് ഒരു വസ്തുതയായി തുടരുന്നില്ലേ? ഈ കുപ്രസിദ്ധ സംഘാംഗങ്ങൾ ആരായിരുന്നു?'- ആർജെഡി നേതാവ് ശക്തി സിംഗ് യാദവ് ചോദിച്ചു.
JDU MLA Anant Kumar Singh sparked controversy by initially claiming he killed nine people for former Bihar CM Nitish Kumar. He later retracted, clarifying his nine supporters were killed for backing Nitish during Lalu Yadav's rule. While JDU denied his initial statement, RJD protested, alleging admission of political crimes and questioning Nitish Kumar's past alliances.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |