SignIn
Kerala Kaumudi Online
Sunday, 25 October 2026 10.58 PM IST

ചിലന്തി കടിച്ചതിനെ തുടർന്ന് കാൽ തണ്ണിമത്തന്റെ വലിപ്പത്തിൽ വീ‌ർത്തു, 73കാരൻ ആശുപത്രിയിൽ ചെലവഴിച്ചത് 18 ദിവസം

noble-false-widow
നോബിൽ ഫാൾസ് വിഡോ ഇനത്തിൽപ്പെട്ട ചിലന്തി

ലണ്ടൻ: ചിലന്തി കടിച്ചതിനെ തുടർന്നുണ്ടായ അണുബാധയിൽ കാലിന് കടുത്ത വേദനയും വീക്കവും അനുഭവപ്പെട്ട് 73കാരൻ ആശുപത്രിയിൽ കഴിഞ്ഞത് 18 ദിവസം. ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂൾ സ്വദേശിയായ ഗ്ലെൻ പ്രീസ്റ്റിലിക്കാണ് ദുരനുഭവമുണ്ടായത്. ബ്രിട്ടനിലെ ഏറ്റവും വിഷമുള്ള ചിലന്തികളിലൊന്നായ 'നോബിൽ ഫാൾസ് വിഡോ' ഇനത്തിൽപ്പെട്ട ചിലന്തിയാണ് അണുബാധയ്ക്ക് കാരണമായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'ഗുഡ് മോണിംഗ് ബ്രിട്ടൻ' എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ഗ്ലെൻ തന്റെ ദുരനുഭവം വിവരിച്ചത്.

വീടിന്റെ മുകളിലെ മുറിയിൽ   അമ്മയെ പരിചരിക്കാൻ എത്തിയപ്പോഴാണ് ഗ്ലൈനിന് ചിലന്തിയുടെ കടിയേറ്റത്. അന്നേരം കാലിൽ ചെറിയൊരു സൂചി കുത്തുന്ന പോലെയുള്ള അനുഭവം മാത്രമാണ് ഉണ്ടായതെന്നും സാധാരണ വീട്ടിൽ കാണുന്ന നിരുപദ്രവകാരിയായ ചിലന്തിയാകാമെന്നാണ് ആദ്യം കരുതിയതെന്നും ഗ്ലെൻ പറയുന്നു.  എന്നാൽ പിറ്റേന്നുതന്നെ സ്ഥിതി വഷളായി. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തി. ഇടതുകാലിൽ വീക്കം കൂടി ഏകദേശം 15 ഇഞ്ചായി. പിന്നീട് കാൽ വലിയ തണ്ണിമത്തന്റെ വലിപ്പത്തിൽ വീർത്തതായും ഗ്ലെൻ വെളിപ്പെടുത്തി.

രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കാലിൽ വേദന അനുഭവപ്പെട്ടു. പാന്റ് ഉയർത്തി നോക്കിയപ്പോഴാണ് കാൽ വല്ലാതെ വീർത്ത് ചുവപ്പുനിറമായത് ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ കാലിന്റെ നിറം കൂടുതൽ മോശമായി. പിന്നീട് വീക്കം കുറയാൻ തുടങ്ങിയെങ്കിലും കടുത്ത വേദനയാണ് അനുഭവപ്പെട്ടത്. കാൽ തറയിൽ ഊന്നാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

രക്തം പരിശോധിച്ചപ്പോൾ അണുബാധയുടെ സൂചനകങ്ങൾ അപകടകരമായ നിലയിൽ ഉയർന്നതായും കണ്ടെത്തി. തുടർന്ന് എം.ആർ.ഐ, സി.ടി സ്‌കാൻ, എക്സ്‌റേ തുടങ്ങിയ പരിശോധനകൾ നടത്തിയപ്പോഴാണ് ഉഗ്ര വിഷമുള്ള ഫാൾസ് വിഡോ ചിലന്തിയുടെ കടിയാകാം കാരണമെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിയത്.

തനിക്ക് നേരിടേണ്ടിവന്നത് ഏറെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്ന് ഗ്ലെൻ പറഞ്ഞു. വേദന അതിതീവ്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചിലന്തിയുടെ കടിയേറ്റിട്ടുണ്ടെന്ന് സംശയിക്കുന്നവർക്ക് പിന്നീട് കടുത്ത വേദന അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ചിലന്തി കടിച്ചാൽ വേദന വർദ്ധിക്കുകയോ വീക്കം പടരുകയോ ചർമ്മത്തിന് നിറവ്യത്യാസമുണ്ടാകുകയോ ചെയ്താൽ ചികിത്സ വൈകിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതുവായ നിർദേശം.

ആഫ്രിക്കൻ തീരത്തിനടുത്തുള്ള മഡീറ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നാണ് നോബിൽ ഫാൾസ് വിഡോ ചിലന്തികളുടെ ഉത്ഭവം. എന്നാൽ പഴവർഗ്ഗങ്ങൾ കയറ്റി അയക്കുന്ന പെട്ടികൾ വഴിയും മറ്റും പിൽക്കാലത്ത് ഇവ ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും വ്യാപിക്കുകയുണ്ടായെന്നാണ് പറയപ്പെടുന്നത്.

English Summary

A 73-year-old British man, Glen Priestley, was hospitalized for 18 days after suffering a severe infection from a bite by a Noble False Widow spider. He experienced extreme leg pain and swelling that worsened rapidly, necessitating extensive medical treatment. Priestley shared his ordeal, advising prompt medical attention for anyone suspecting a venomous spider bite with severe symptoms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPIDER BITE, LATESTNEWS, EUROPE NEWS, BLACK POOL NATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360