കീവ്: നയതന്ത്ര സംഘം സഞ്ചരിച്ചിരുന്ന യുക്രെയിനിയൻ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. യുക്രെയിൻ-പോളണ്ട് അതിർത്തിയിലെ യാഹോഡിൻ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ള ലോകനേതാക്കൾ രക്ഷപ്പെട്ടത് കഷ്‌ടിച്ച്. സംഭവത്തിൽ ആർക്കും പരിക്കില്ല എന്നാണ് വിവരം. കീവിൽ നടന്ന സുരക്ഷാ യോഗത്തിന് ശേഷം പോളണ്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ അലർട്ട് നൽകിയതോടെ ബോറിസ് ജോൺസണും അന്താരാഷ്‌ട്ര നേതാക്കളും സഞ്ചരിച്ച ട്രെയിൻ ഒഴിപ്പിച്ചു.
ബോറിസ് ജോൺസണൊപ്പം സ്വീഡൻ മുൻ പ്രധാനമന്ത്രി കാർ എൽഡ് ബിൽഡ്, സിഐഎയുടെ മുൻ മേധാവി ഡേവിഡ് പെട്രേയസ്, ജർമ്മൻ ചാൻസലറുടെ സുരക്ഷാ ഉപദേഷ്‌ടാവ് എന്നിങ്ങനെ പ്രധാനവ്യക്തികളും യൂറോപ്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരുമാണ് ട്രെയിനിലുണ്ടായിരുന്നത്. സംഘത്തിന്റെ ട്രെയിനിന് നേരെ ആക്രമണ സാദ്ധ്യതയുണ്ടെന്ന് കണ്ട് യാത്രാക്രമത്തിന് മാറ്റം വരുത്തി നേരത്തെയാണ് പുറപ്പെട്ടത്. റഷ്യ ഈ റൂട്ടിലുള്ള ഒരു പാസഞ്ചർ ട്രെയിനിനും എഞ്ചിനും നേരെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് നയതന്ത്രജ്ഞർ സഞ്ചരിച്ച ട്രെയിനും ആക്രമണത്തിനിരയായത്.
നാറ്റോ അതിർത്തിയോട് ചേർന്നാണ് ആക്രമണമുണ്ടായ പ്രദേശം. സാധാരണ ജനങ്ങളും റെയിൽ ജീവനക്കാരും ദിവസവും ഇത്തരം വിവേകമില്ലാത്ത യാദൃശ്ചികമായ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നാണ് ബോറിസ് ജോൺസൺ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. യുക്രെയിന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകണമെന്നും വിവിധ രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
Russia allegedly carried out a drone strike on a Ukrainian train carrying a diplomatic delegation at the Yahodyn railway station near the Ukraine–Poland border. Former British Prime Minister Boris Johnson and other world leaders reportedly narrowly escaped the attack.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |