SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.34 PM IST

ഷിൻഡെയുടെ കഴിഞ്ഞ പിറന്നാളാഘോഷം ശ്രദ്ധിച്ചിരുന്നെങ്കിൽ ഉദ്ധവിന് ഈ അവസ്ഥ വരില്ലായിരുന്നു, പരിഹസിച്ചവർക്ക് മുന്നിൽ മുഖ്യമന്ത്രിക്കസേര വലിച്ചിട്ടിരുന്ന്  ഏക്നാഥ് ഷിൻഡെ

shinde-

മുംബയ്: ഓട്ടോറിക്ഷക്കാരനെന്നും കൈവണ്ടിക്കാരനെന്നും പരിഹസിച്ചവർക്കിടയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കസേര വലിച്ചിട്ടിരുന്ന് പ്രതികാരത്തിന്റെ മധുരം നുണയുകയാണ് ഏക്നാഥ് ഷിൻഡെ. മറാത്തയിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, പതിനൊന്നാം ക്ലാസിൽ പഠിത്തം നിറുത്തിയ ഷിൻഡെ, കഠിനാദ്ധ്വാനം ജീവിത വ്രതമാക്കിയാണ് ഉയരങ്ങളിലെത്തിയത്. 1980കളിൽ കിസാൻ നഗറിലെ ശാഖാ പ്രമുഖനായപ്പോൾ മുതൽ ശിവസേനാംഗമായി.

കുടുംബം പുലർത്താൻ ഓട്ടോറിക്ഷ ഓടിച്ചു. കൂലിപ്പണി ചെയ്തു. അപ്പോഴും തീവ്രഹിന്ദുത്വ നിലപാടും രാഷ്ട്രീയ ആഭിമുഖ്യവും കെടാതെ സൂക്ഷിച്ചു. 1997ൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതാണ് രാഷ്ട്രീയത്തിലെ കന്നിജയം. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാഷ്ട്രീയത്തിലും ശിവസേനയിലും ഏക്നാഥ് ഷിൻഡെ പ്രധാനിയായി. ബാൽതാക്കറെയുടെ അരുമ ശിഷ്യനായ ആനന്ദ് ദിഘെയുടെ ശിഷ്യനെന്നത് ശക്തിയായി.

ഷിൻഡെയുടെ വളർച്ച പലരുടെയും ഉറക്കം കെടുത്തി. അതിനിടെ 2000 ജൂൺ രണ്ടിന് ഷിൻഡെയുടെ ജന്മഗ്രാമത്തിലെത്തിയ മകൻ ദിപേഷ് (11), മകൾ ശുഭദ (7) എന്നിവർ തടാകത്തിൽ ബോട്ടിംഗ് നടത്തുന്നതിനിടെ മുങ്ങി മരിച്ചു. ഇത് ഷിൻഡെയ്ക്ക് വലിയ ആഘാതമായി. മാസങ്ങളോളം കടുത്ത വിഷാദരോഗത്തിന് അടിമയായ ഷിൻഡെയെ ആനന്ദ് ദിഘെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഒറ്റയ്ക്കിരുന്നാൽ ഓർമ്മകൾ വേട്ടയാടുമെന്ന് കരുതി മുഴുവൻ സമയ രാഷ്ട്രീയ ജീവിതം ഷിൻഡെ മരുന്നാക്കി.

താനെ ജില്ലയിൽ നിന്ന് 2004, 2009, 2014, 2019 വർഷങ്ങളിൽ നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ പ്രതിപക്ഷ നേതാവായി. താനെ മുനിസിപ്പൽ കോർപ്പറേഷനിൽ രണ്ട് തവണ അംഗമായിരുന്നു. ലതയാണ് ഭാര്യ. ഓർത്തോപീഡിക് സർജനും എം.പിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെ മകനാണ്.

വില്ലൻ അസംതൃപ്തി

തന്നെക്കാൾ പ്രായവും അനുഭവപരിചയവും കുറഞ്ഞവർ ശിവസേനയിലും ഭരണത്തിലും കൈകടത്തുന്നതിലുള്ള അസംതൃപ്തിയാണ് ഉദ്ധവ് താക്കറെയിൽ നിന്ന് ഷിൻഡെയെ അകറ്റിയത്. ഇളമുറക്കാരായ ആദിത്യതാക്കറെയും (ടൂറിസം) അനിൽ പരബും (ഗതാഗതം) പ്രമുഖ പദവികളിലെത്തിയപ്പോൾ നഗരവികസനമാണ് ഷിൻഡെയ്ക്ക് ലഭിച്ചത്. ശിവസേന വക്താവ് സഞ്ജയ് റൗത്തിന്റെ സർവാധിപത്യ രീതിയും ഷിൻഡയെ മാറിചിന്തിപ്പിച്ചു.
ബി.ജെ.പിയുമായുള്ള ബന്ധം ഉദ്ധവ് അവസാനിപ്പിച്ചതിലും ഷിൻഡെയെ അസംതൃപ്തനാക്കി. ശിവസേനയുടെ തീവ്രഹിന്ദുത്വ നിലപാട് ബലി കഴിച്ച് കോൺഗ്രസും എൻ.സി.പിയുമായി സഖ്യമുണ്ടാക്കിയതിലും എതിർപ്പുണ്ടായിരുന്നു.

നിറവേറുന്നത് ജനങ്ങളുടെ ആഗ്രഹം

കഴിഞ്ഞ ഫെബ്രുവരി 9ന് ഷിൻഡെയുടെ 58ാം പിറന്നാളിന് താനെയിൽ ചിലയിടത്ത് 'ഭാവി മുഖ്യമന്ത്രി' എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും താനെയിലെ ശിവസൈനികർ അദ്ദേഹത്തെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHINDE, SHINDE CM, MAHA CRISIS, MAHARASHTRA, SHIV SENA, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360