ദുബായ്: നാട്ടിൽ നിന്ന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പ്രവാസി യുവതിക്ക് രക്ഷകരായി ദുബായ് പൊലീസ്. യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോയും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ സഹായവുമാണ് പൊലീസിന്റെ തിരച്ചിൽ എളുപ്പമാക്കിയത്. ഫോണിൽ യുവതിയെ ബന്ധപ്പെടാനാകാതിരിക്കുകയും കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്‌തെങ്കിലും, തുടർച്ചയായ അന്വേഷണത്തിലൂടെ അധികൃതർ യുവതിയെ കണ്ടെത്തി ജീവൻ രക്ഷിക്കുകയായിരുന്നു.
ദുബായ് പൊലീസിന്റെ ഡെപ്യൂട്ടി ചെയർമാൻ ഓഫ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം രചിച്ച ഓപ്പറേഷൻസ് മാനേജ്‌മെന്റ്: ദി ആർട്ട് ഓഫ് ക്രിട്ടിക്കൽ നോട്ടിഫിക്കേഷൻസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ എന്ന പുസ്തകത്തിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ദുബായിൽ താമസിക്കുന്ന ഓസ്‌ട്രേലിയൻ പ്രവാസിക്കാണ് ഓസ്‌ട്രേലിയയിൽ നിന്ന് സഹപ്രവർത്തകന്റെ അടിയന്തര ഫോൺ സന്ദേശം ലഭിച്ചത്. ദുബായിലുള്ള തന്റെ ബന്ധു അത്യാസന്ന നിലയിലാണെന്നും ജീവനൊടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇയാൾ അറിയിച്ചു. അവസാനമായി സംസാരിച്ചപ്പോൾ യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. സ്വയം ഉപദ്രവിക്കാനിടയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു.
നേരത്തെയും രണ്ടുതവണ യുവതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി കുടുംബം പൊലീസിനെ അറിയിച്ചു. ഒരിക്കൽ ഓസ്‌ട്രേലിയയിലും മറ്റൊരിക്കൽ ദുബായിലുമായിരുന്നു ശ്രമം. വിവരം ലഭിച്ച ഉടൻ ദുബായിലെ മറ്റൊരു പ്രവാസി ദുബായ് പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടുകയും യുവതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുകയും ചെയ്തു.
പൊലീസ് യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി പൊലീസ് സംഘത്തെയും ആംബുലൻസിനെയും സ്ഥലത്തേക്ക് അയച്ചു. എന്നാൽ സംഘം എത്തിയപ്പോഴേക്കും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് ഓസ്‌ട്രേലിയയിലുള്ള യുവതിയുടെ പിതാവുമായി ബന്ധപ്പെട്ടു.
ഏകദേശം ഒരു വർഷം മുമ്പ് മകൾ താമസിച്ചിരുന്ന വിലാസം അദ്ദേഹം പൊലീസിന് കൈമാറി. അവിടെ യുവതി തിരിച്ചെത്തിയിട്ടുണ്ടാകാമെന്ന് പിതാവ് അറിയിച്ചു. രേഖകൾ പരിശോധിച്ചെങ്കിലും യുവതിയുടെ നിലവിലെ താമസസ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡ്യൂട്ടി ഓഫീസർ യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോ മെസേജിങ് ആപ്ലിക്കേഷൻ വഴി അയയ്ക്കാൻ പിതാവിനോട് ആവശ്യപ്പെട്ടു. ഫോട്ടോ ലഭിച്ചതോടെ അത് പ്രദേശത്തെ പട്രോൾ സംഘങ്ങൾക്കും ഉദ്യോഗസ്ഥർക്കും കൈമാറി. ഇതോടെ യുവതിയെ നേരിൽ തിരിച്ചറിയാനുള്ള ശ്രമങ്ങൾ കൂടുതൽ കാര്യക്ഷമമായി.
തിരച്ചിലിനിടെ ഒരു കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ ഫോട്ടോയിലുള്ള യുവതിയെ തിരിച്ചറിഞ്ഞു. യുവതി മറ്റൊരാൾക്കൊപ്പം അതേ കെട്ടിടത്തിൽ താമസിക്കുന്നുണ്ടെന്ന് സുരക്ഷാ ജീവനക്കാരൻ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സംഘവും ആംബുലൻസ് ജീവനക്കാരും ഉടൻ തന്നെ അപ്പാർട്ട്‌മെന്റിലെത്തി. ഉറക്ക ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെയാണ് അവിടെ കണ്ടെത്തിയത്.
അടിയന്തര ചികിത്സ നൽകിയ ശേഷം യുവതിയെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ സമയോചിത ഇടപെടലിൽ യുവതിയുടെ ജീവൻ രക്ഷിക്കാനായി. നില മെച്ചപ്പെട്ടതോടെ ദുബായ് പൊലീസ് ഓസ്‌ട്രേലിയയിലുള്ള പിതാവിനെ വിവരം അറിയിക്കുകയും മകൾ സുരക്ഷിതയാണെന്നും ചികിത്സയിലാണെന്നും സ്ഥിരീകരിക്കുകയും ചെയ്തു
Dubai Police rescued a woman in critical condition after receiving an emergency alert from Australia that she might harm herself. Despite initially being unable to contact or locate her, police used her recent photograph and the help of a building security guard to find her. She was taken to Rashid Hospital, where doctors saved her life.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |