റിയാദ്: സൗദി അറേബ്യയിൽ നടക്കുന്ന ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർവീസുകൾ റദ്ദാക്കി വിവിധ വിമാനക്കമ്പനികൾ. ഒക്ടോബർ 17 വരെയാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ റിയാദ്, ദമ്മാം, ജിദ്ദ നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇൻഡിഗോ മദീനയിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ആകാശ എയറും റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള വിമാനങ്ങൾ ഒക്ടോബർ 17 വരെ റദ്ദാക്കിയതായാണ് റിപ്പോർട്ട്.
ഇന്ത്യൻ കമ്പനികൾക്ക് പുറമെ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ലൈദുബായ്, ഖത്തർ എയർവേയ്സ്, ഗൾഫ് എയർ തുടങ്ങിയ വിദേശ വിമാന സർവീസുകളും വിവധ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർ കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് റദ്ദാക്കൽ, പണം തിരിച്ചുനൽകൽ, യാത്രാ തീയതി മാറ്റൽ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് നിർദേശമുണ്ട്.
അടിയന്തരമായി സൗദിയിൽനിന്ന് യാത്രചെയ്യേണ്ട ഇന്ത്യക്കാർ വിസകൾ ലഭിക്കുന്ന സാഹചര്യത്തിൽ ഖത്തർ, ബഹ്റൈൻ തുടങ്ങിയ അയൽ ഗൾഫ് രാജ്യങ്ങൾ വഴിയുള്ള യാത്ര പരിഗണിക്കാമെന്നും എംബസി അറിയിച്ചിട്ടുണ്ട്. എമിറേറ്റ്സ്: ഒക്ടോബർ 12, 13 തീയതികളിൽ റിയാദ്, ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി.
വിമാനങ്ങൾ റദ്ദാക്കിയതുമൂലം വിസ കാലാവധി കഴിഞ്ഞ സന്ദർശകർ, വിനോദസഞ്ചാരികൾ, ഉംറ തീർഥാടകർ, ബിസിനസ് യാത്രക്കാർ എന്നിവർക്ക് പിഴയില്ലാതെ രാജ്യം വിടാൻ സൗദി അധികൃതർ അനുമതി നൽകുമെന്നും എംബസി വ്യക്തമാക്കി. ഇന്ത്യക്കാർക്ക് സഹായം നൽകുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
സർവീസുകൾ റദ്ദാക്കിയ വിമാനക്കമ്പനികൾ
ഇത്തിഹാദ് എയർവേയ്സ്: അബുദാബി–റിയാദ് സർവീസുകൾ ഒക്ടോബർ 19 വരെ റദ്ദാക്കി.
ഫ്ലൈദുബായ്: റിയാദ്, ദമ്മാം, അബ്ഹ നഗരങ്ങളിലേക്കുള്ള സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ഖത്തർ എയർവേയ്സ്: റിയാദ്, ദമ്മാം സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
ഗൾഫ് എയർ: റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി.
ലുഫ്താൻസ ഗ്രൂപ്പ്: റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 16 വരെ റദ്ദാക്കി.
എയർ ഫ്രാൻസ്–കെഎൽഎം: റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ അവസാനം വരെ നിർത്തിവച്ചു.
ഫിലിപ്പൈൻ എയർലൈൻസ്: റിയാദ് സർവീസുകൾ നവംബർ 29 വരെ റദ്ദാക്കി.
Several airlines have cancelled flights to Saudi Arabia amid Houthi attacks, with restrictions extending until October 17. Indian carriers, including Air India, Air India Express, IndiGo and Akasa Air, have suspended several services. Foreign airlines have also cancelled flights. The Indian Embassy advises passengers to contact airlines for refunds or rescheduling and has opened a 24-hour control room for assistance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |