ദുബായ്: പശ്ചിമേഷ്യയിലെ ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുബായിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി സിംഗപ്പൂർ എയർലൈൻസ്. 2027 ഫെബ്രുവരി 28 വരെയാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നതെന്നാണ് വിമാനക്കമ്പനി വെള്ളിയാഴ്‌ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. സിംഗപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള SQ494, ദുബായിൽ നിന്ന് സിംഗപ്പൂരിലേക്ക് മടക്കയാത്ര നടത്തുന്ന SQ495 എന്നീ സർവീസുകളാണ് റദ്ദാക്കിയതെന്ന് വിമാനക്കമ്പനി അറിയിച്ചു.
പശ്ചിമേഷ്യൻ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നതിനാൽ മറ്റ് വിമാന സർവീസുകളെയും ഇത് ബാധിച്ചേക്കാമെന്നും വിമാനക്കമ്പനി മുന്നറിയിപ്പ് നൽകി. അതിനാൽ, ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ 'ഫ്ലൈറ്റ് സ്റ്റാറ്റസ്' പരിശോധിക്കണമെന്നും നിർദേശിച്ചു. ടിക്കറ്റെടുത്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും. സിംഗപ്പൂർ എയർലൈൻസിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് എയർലൈനിന്റെ ഓൺലൈൻ അസിസ്റ്റൻഡ് റിക്വസ്റ്റ് ഫോം വഴി പണം തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കാം.
ട്രാവൽ ഏജന്റുമാർ വഴിയോ മറ്റ് എയർലൈനുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ‌്‌തവർ ബന്ധപ്പെട്ട ഏജന്റുമായോ ടിക്കറ്റ് വാങ്ങിയ എയർലൈനുമായോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. യാത്രക്കാർ തങ്ങളുടെ വിവരങ്ങൾ എയർലൈനിന്റെ വെബ്‌സൈറ്റിലെ 'മാനേജ് ബുക്കിംഗ്' വിഭാഗത്തിൽ കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും എയർലൈൻ നിർദേശിച്ചു. കൂടാതെ, വിമാന സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം ലഭിക്കുന്നതിനായി മൊബൈൽ നോട്ടിഫിക്കേഷൻ സേവനത്തിനായി രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടു. വിമാന റദ്ദാക്കൽ മൂലം ബുദ്ധിമുട്ടുകൾ നേരിട്ട എല്ലാ യാത്രക്കാരോടും ക്ഷമ ചോദിക്കുന്നതായും സിംഗപ്പൂർ എയർലൈൻ അറിയിച്ചു.
Singapore Airlines has cancelled its SQ494 and SQ495 flights between Singapore and Dubai until February 28, 2027, citing the geopolitical situation in the Middle East. Affected passengers are eligible for full refunds. Travellers are advised to check flight status updates and contact the airline or their booking agents for assistance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |