SignIn
Kerala Kaumudi Online
Friday, 30 October 2026 12.41 PM IST

ഷാർജയിൽ തട്ടിപ്പിനിരയായി പ്രവാസി; വിമാനത്താവളത്തിൽ അറസ്റ്റ്, ഒടുവിൽ ആശ്വാസം

sharjah
പ്രതീകാത്മക ചിത്രം

ഷാർജ: വാടക തട്ടിപ്പുകേസിൽ പ്രവാസി മലയാളിയെ കുറ്റവിമുക്തനാക്കി ഷാർജ കോടതി. തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. എറണാകുളം സ്വദേശിയും ദുബായിലെ പ്രമുഖ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനും വില്ല ഉടമയുമായ പ്രവാസിക്കാണ് കോടതി വിധി ആശ്വാസമായത്.

ഷാർജയിൽ പിതാവിനൊപ്പം ചേർന്നാണ് ഇയാൾ വില്ല വാടകയ്ക്ക് നൽകിയിരുന്നത്. വില്ല വാടകയ്ക്ക് നൽകുന്നതിനായുള്ള പരസ്യം നൽകാനായി ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ കമ്പനിക്ക് ഇവർ ഉടമസ്ഥാവകാശ രേഖയുടെ പകർപ്പ് നൽകിയിരുന്നു. എന്നാൽ വില്ല വാടകയ്ക്ക് നൽകാനോ വാടകത്തുക വാങ്ങാനോ ഈ കമ്പനിക്ക് അനുമതി നൽകിയിരുന്നില്ല.

പരസ്യം കണ്ട് വില്ല വാടകയ്ക്കെടുക്കാനെത്തിയ യുവതിയോട് ഒരു വർഷത്തെ വാടക തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് കൈമാറണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഉടമയുടെ അനുമതിയുണ്ടെന്ന് വിശ്വസിപ്പിക്കാൻ വ്യാജ വിലാസത്തിൽ നിന്ന് കമ്പനി യുവതിക്ക് സന്ദേശവും അയച്ചു. പണം നൽകി പത്ത് ദിവസം കഴിഞ്ഞിട്ടും വില്ല കൈമാറാതിരുന്നതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ വില്ലയുടമ ഉൾപ്പെടെ മൂന്നുപേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

പൊലീസിന് നൽകിയ മൊബൈൽ നമ്പർ പ്രവാസിയുടേതായിരുന്നില്ല. അതിനാൽതന്നെ പൊലീസ്, പ്രോസിക്യൂഷൻ, കോടതി എന്നിവിടങ്ങളിൽ നിന്നുള്ള അറിയിപ്പുകളും ഇയാൾക്ക് ലഭിച്ചില്ല. നാട്ടിൽ പോകാനായി ദുബായ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. കേസിൽ ഒരു വർഷത്തെ തടവും നാടുകടത്തലും കോടതി വിധിച്ചതോടെ ജയിലിലുമായി.

പിന്നാലെ പ്രവാസിയുടെ പിതാവ് നിയമസഹായം തേടുകയും കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തു. ശേഷം കോടതിയിൽ ഹാജരായ ഇദ്ദേഹം കുറ്റം നിഷേധിച്ചു. തട്ടിപ്പിൽ പങ്കാളിയാണെന്നതിനുള്ള തെളിവുകളിലെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്നാണ് കോടതി കുറ്റവിമുക്തനാക്കിയത്.

English Summary

A Sharjah court has acquitted an Ernakulam-based Malayali expatriate in a villa rental fraud case, ruling that there was no evidence linking him to the scam. A real estate brokerage allegedly collected rent from a prospective tenant using forged communications without the owner's permission. The villa owner was initially jailed but was later acquitted after challenging the charges.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARJAH RENTAL FRAUD CASE, MALAYALI EXPAT ACQUITTED, SHARJAH COURT VERDICT, UAE RENTAL SCAM, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360