അബുദാബി: ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങൾ വഴി നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ, ജിസിസി, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന പാകിസ്ഥാൻകാർക്ക് വൻ തുക സമ്മാനം നേടാൻ അവസരം. ഓരോ വർഷവും 16 ബില്യൺ പാകിസ്ഥാനി രൂപ (212.27 ദശലക്ഷം ദിർഹം) വരെ സമ്മാനമായി നേടാനാണ് അവസരം. യുഎഇയിൽ നിലവിൽ 1.7 ദശലക്ഷം പാകിസ്ഥാനികളാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമൂഹമാണിവർ.
ഒരു പാദവർഷത്തിനുള്ളിൽ തുടർച്ചയായി മൂന്ന് മാസങ്ങളിൽ ബാങ്ക് അക്കൗണ്ട് വഴി കുറഞ്ഞത് 100 ഡോളറിന് (367 ദിർഹം) തുല്യമായ തുക പണമായി (റെമിറ്റൻസ്) ലഭിക്കുന്ന ഗുണഭോക്താവിനാണ് പദ്ധതിക്ക് അർഹതയുണ്ടായിരിക്കുക. ഒരു മാസത്തിൽ ലഭിക്കുന്ന ഓരോ 100 ഡോളറിനും ഗുണഭോക്താവിന് ത്രൈമാസ നറുക്കെടുപ്പിലേക്കായി കൈമാറ്റം ചെയ്യാനാവാത്ത ഒരു ഡിജിറ്റൽ എൻട്രി നമ്പറോ ടിക്കറ്റോ ലഭിക്കും.
കൂടുതൽ തുക അയച്ചുനൽകുന്നവർക്ക് കൂടുതൽ എൻട്രികൾ ലഭിക്കും. പദ്ധതിയിൽ പങ്കെടുക്കുന്നതിന് ഫീസ് ഈടാക്കില്ല. ടിക്കറ്റ് ലഭിക്കാൻ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതോ ഇല്ല.
പദ്ധതി പ്രകാരം ഓരോ പാദത്തിലും 400 കോടി രൂപ മൂല്യമുള്ള 2,521 ക്യാഷ് പ്രൈസുകളാണ് ലഭിക്കുക. ഓരോ പാദത്തിലും നറുക്കെടുപ്പ് നടക്കും. ആദ്യ നറുക്കെടുപ്പ് 2027 ജനുവരി 15നാണ് നിശ്ചയിച്ചിരിക്കുന്നത്. 2026 ഒക്ടോബർ ഒന്നിനും ഡിസംബർ 31നും ഇടയിലുള്ള പണമയയ്ക്കലുകളെയായിരിക്കും പരിഗണിക്കുക.
സുരക്ഷിതവും, പൂർണമായും ഡിജിറ്റലും, ഓഡിറ്റ് ചെയ്യാൻ കഴിയുന്നതുമായ പ്രക്രിയയിലൂടെയായിരിക്കും നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പ് ഫലം പദ്ധതിയുടെ പ്രത്യേക വെബ്‌സൈറ്റിലും, പങ്കെടുക്കുന്ന ബാങ്കുകളുടെയും പാകിസ്ഥാൻ ബാങ്ക്സ് അസോസിയേഷന്റെയും വെബ്‌സൈറ്റുകളിലും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രസിദ്ധീകരിക്കും.
ആകെ 10,000ത്തിലധികം വിജയികൾക്ക് വർഷം തോറും മൊത്തം 1,600 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. സമ്മാനത്തുകയുടെ 50 ശതമാനവും ജിസിസി മേഖലയിൽ നിന്നുള്ളവർക്കാണ് ലഭിക്കുക. യുകെ (15 ശതമാനം), യൂറോപ്പ് (15 ശതമാനം), വടക്കേ അമേരിക്ക (10 ശതമാനം), മറ്റ് രാജ്യങ്ങൾ (10 ശതമാനം) എന്നിങ്ങനെയാണ് ബാക്കി വിഹിതം. എല്ലാ മേഖലകളിൽ നിന്നും പണം സ്വീകരിക്കുന്ന ഗുണഭോക്താക്കൾക്ക് ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാം.
Pakistanis receiving remittances through official banking channels can enter a new quarterly cash-prize scheme. Eligible recipients sending at least $100 monthly for three consecutive months will receive digital entries. Each quarter, 2,521 prizes worth PKR 4 billion will be awarded, with the first draw scheduled for January 15, 2027.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |