ന്യൂഡൽഹി: സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഡൽഹിയിലെ 34 സർക്കാർ സ്കൂളുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടു. ഇതിനുപകരമായി നഗരത്തിലുടനീളം 27 പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളപൊക്കം ബാധിച്ച, സുരക്ഷാ പ്രശ്നങ്ങളുള്ളവ, വിദ്യാർത്ഥികൾക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകളാണ് പൊളിച്ചുനീക്കുന്നത്.
900 കോടി രൂപ ചെലവിൽ ഒഴിഞ്ഞുകിടക്കുന്ന വസ്‌തുവിലാണ് പുതിയ സ്കൂളുകളുടെ നിർമ്മാണം. 18 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. വേഗത്തിലുള്ള പ്രവർത്തനങ്ങൾക്കും നിരീക്ഷണത്തിനുമായി പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശങ്ങളെ അഞ്ച് ക്ലസ്റ്ററുകളായും തിരിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ 34 സ്കൂളുകളിൽ 16 എണ്ണത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. ഒൻപത് എണ്ണത്തിന് കൂടി അനുമതി ലഭിച്ചു.
രാജ്യ തലസ്ഥാനത്തെ 1,090 സർക്കാർ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും വിലയിരുത്തുന്നതിനായി സമഗ്രമായ ഡിജിറ്റൽ പ്രൊഫൈലിംഗ് നടത്തിയിരുന്നു. ഈ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. ക്ലാസ് മുറികളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഇതിനോടകം ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട്. 360 ഡിഗ്രി ഇമേജിംഗ് ഉപയോഗിച്ച് ഓരോ മുറിയും രേഖപ്പെടുത്തി വെർച്വൽ വാക്ക്ത്രൂ സൗകര്യവും ലഭ്യമാണ്.
ഡ്രോൺ സർവേകൾ, ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ, ജി.ഐ.എസ് അധിഷ്ഠിത ദൃശ്യവൽക്കരണം എന്നിവയാണ് ആസൂത്രണത്തിനായി ഉപയോഗിക്കുക. അൾട്രാസോണിക് പൾസ്, റീബൗണ്ട് ഹാമർ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തിയാണ് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത്. പുതിയ 27 സ്കൂളുകളുടെ ടേൺകീ നിർമ്മാണത്തിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
നരേലയിലും ബവാനയിലുമായി ആറ് പ്ലോട്ടുകളിലും, ഭൽസ്വ, സലേംപൂർ മാജ്ര, ദരിയപൂർ കലാൻ എന്നിവിടങ്ങളിൽ അഞ്ച് പ്ലോട്ടുകളിലും പുതിയ സ്കൂളുകൾ വരുന്നുണ്ട്. കൂടാതെ രോഹിണി, മുണ്ട്ക, സാവ്ദ ഘെവ്ര ഭാഗങ്ങളിൽ അഞ്ച് പ്ലോട്ടുകളിലും; ഷാലിമാർ ബാഗ്, ബക്കർവാല, ഹസ്താൽ, ശ്യാം വിഹാർ, നങ്ക്‌ലി വിഹാർ എന്നിവിടങ്ങളിൽ ആറ് പ്ലോട്ടുകളിലും; കുതാബ്പൂർ, കപാഷെറ, ജാഫർപൂർ, ജൗനപൂർ, സത്ബാരി, അസോല പ്രദേശങ്ങളിൽ അറ് പ്ലോട്ടുകളിലുമാണ് പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.
Delhi authorities have ordered the demolition of 34 government schools deemed unsafe or flood-damaged following a comprehensive digital safety assessment. Replacing them, 27 new school buildings will be constructed across the city at a cost of 900 crore rupees, aiming for completion within 18 months.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |