
ന്യൂഡൽഹി: വജ്രവ്യാപാരത്തിൽ ഒതുങ്ങിനിന്ന ഇന്ത്യ-ബെൽജിയം ബന്ധത്തിന് പുതിയ ദിശ. പ്രതിരോധം, സെമികണ്ടക്ടർ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ. അടുത്ത അഞ്ചുവർഷത്തിനകം ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കും.
ഇന്ത്യ സന്ദർശിക്കുന്ന ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. പ്രതിരോധരംഗത്ത് സംയുക്ത ഗവേഷണം, ഉപകരണ നിർമ്മാണം എന്നിവ നടത്തും. പുതിയ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും കൈകോർക്കും.
സെമികണ്ടക്ടർ രംഗത്ത് ബെൽജിയത്തിന്റെ വൈദഗ്ദ്ധ്യം ഇന്ത്യ പ്രയോജനപ്പെടുത്തും. ബെൽജിയത്തിലെ പ്രമുഖ ഗവേഷണസ്ഥാപനമായ ഐമെക്കും ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വിപുലമാക്കും. കൃത്രിമബുദ്ധി, ഡിജിറ്റൽ സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ എന്നിവയിലും പങ്കാളിത്തം വർദ്ധിപ്പിക്കും.വൈദ്യുത വാഹന ബാറ്ററിക്കുൾപ്പെടെ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും സഹകരിക്കും. പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, സൗരോർജ മേഖലകളിലും സഹകരണം വ്യാപിപ്പിക്കും.
1.23 ലക്ഷം കോടിയുടെ വജ്ര വ്യാപാരമാണ് 2025-26ൽ ഇന്ത്യയും ബെൽജിയവും തമ്മിൽ നടന്നത്. ഇത് അഞ്ചുവർഷത്തിനകം ഇരട്ടിയാക്കും. ബെൽജിയത്തിലെ ആന്റ്‌വെർപ്പും ഇന്ത്യയിലെ പ്രധാന വജ്രവ്യാപാര കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധവും ശക്തമാക്കും. ഇന്ത്യ ആഗോളതലത്തിൽ നിർണായക ശക്തിയായി മാറുകയാണെന്ന് ബെൽജിയം പ്രധാനമന്ത്രി പറഞ്ഞു. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ബെൽജിയം പ്രതിരോധ മന്ത്രി തിയോ ഫ്രാങ്കനും വ്യവസായ പ്രമുഖരും പങ്കെടുത്തു. 20 വർഷത്തിനു ശേഷമാണ് ഒരു ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |