മംഗളൂരു: ഓൺലൈനായി വാങ്ങിയ മുട്ടയ്‌ക്കുള്ളിൽ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ ബ്ലിങ്കിറ്റ് റീട്ടെയിൽ കേന്ദ്രം അടച്ചുപൂട്ടി കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യമന്ത്രി യു ടി ഖാദറിന് ഉപഭോക്താവ് പരാതി നൽകിയതിന് പിന്നാലെ നഗരത്തിലെ ഫാൽനിർ സ്‌ക്വയറിൽ പ്രവർത്തിക്കുന്ന ബ്ലിങ്കിറ്റ് കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നടപടി.
പരിശോധനയ്‌ക്കിടെ വൃത്തിഹീനമായ സാഹചര്യത്തിൽ പൊട്ടിയ മുട്ടകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തി. നിലവിലുള്ള സ്റ്റോക്ക് നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സംഭരണമുറി താൽക്കാലികമായി അടപ്പിച്ചത്. സംഭവത്തിൽ വിശദീകരണം തേടി സ്ഥാപനത്തിന് നോട്ടീസ് നൽകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
കർണാടകയിലെ ഭക്ഷ്യസുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ബംഗളൂരുവിലെ സഹകരനഗറിലെ ഡോളർസ് കോളനി പ്രദേശത്തെ ചെയർമാൻസ് ക്ലബിലെ അടുക്കളയും ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി.
പരിശോധനയിൽ 40 കിലോഗ്രാം പഴകിയ മുളക്, വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കി സംഭരിച്ച ഭക്ഷണം, അനധികൃത നിറങ്ങൾ, സസ്യാഹാരവും മാംസാഹാരവും ഒരുമിച്ച് സൂക്ഷിക്കുക തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. നിയമലംഘനം നടത്തിയ എല്ലാ ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Karnataka’s Food Safety Department temporarily shut a Blinkit retail centre in Mangaluru after a consumer reported finding a worm inside eggs purchased online. Officials also found broken eggs and unhygienic storage conditions. The department ordered removal of existing stock and issued a notice, while another kitchen in Bengaluru was also closed over multiple food safety violations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |