ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച 'ചലോ സംസദ്' പ്രതിഷേധത്തിനിടെ വനിതാ പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്തറിൽനിന്ന് നീക്കി. ഡൽഹി പൊലീസിന്റെ നോർത്ത് ഈസ്റ്റ് ജില്ലയിലെ അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് പ്രതിഷേധകേന്ദ്രത്തിൽ നിന്ന് നീക്കിയത്.
ജൂലായ് 20ന് ജന്തർ മന്തറിൽനിന്ന് പാർലമെന്റിലേക്ക് സംഘടിപ്പിച്ച 'ചലോ സംസദ്' മാർച്ചിനിടെയാണ് സന്ദീപ് ലാംബ വനിതാ പ്രതിഷേധക്കാരിയുടെ മുഖത്തടിച്ചത്. നീറ്റ് പരീക്ഷയുടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം നടത്തിയത്. സംഭവത്തിൽ സന്ദീപ് ലാംബയ്‌ക്കെതിരെ മുൻ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോകലെയാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥനെ ജന്തർ മന്തറിൽനിന്ന് നീക്കിയത്.
സംഭവം ബുധനാഴ്‌ച ഡൽഹി ഹൈക്കോടതിയിലും ചർച്ചയായി. ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, പ്രതിഷേധത്തിൽ പങ്കെടുക്കുന്ന സ്‌ത്രീയെ പൊലീസ് ഉദ്യോഗസ്ഥൻ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആദ്യം പ്രയോഗിക്കേണ്ട ജലപീരങ്കിക്കുപകരം ഡൽഹിയിൽ പ്രതിഷേധക്കാർക്കെതിരെ ആദ്യംതന്നെ കണ്ണീർവാതക ഷെല്ലുകളാണ് പ്രയോഗിച്ചതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചശേഷം ഡൽഹി പൊലീസ്, കേന്ദ്ര സർക്കാർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നാല് ആഴ്‌ചയ്‌ക്കകം മറുപടി സമർപ്പിക്കണമെന്നും പൊലീസ് നടപടിയുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
A senior Delhi Police officer, Sandeep Lamba, has been removed from duty at Jantar Mantar after he was seen slapping a woman protester during the CJP's 'Chalo Sansad' march. The incident drew sharp criticism in the Delhi High Court, where police action against protesters was questioned. A police complaint has also been filed against the officer by former TMC MP Saket Gokhale.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |