
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി നാളെ ഇന്ത്യയിലെത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. എന്നാൽ, തന്നെ സ്വീകരിക്കാനായി ഡൽഹി വിമാനത്താവളത്തിലേക്ക് വരാൻ പാടില്ലെന്ന് അദ്ദേഹം സിജെപി അനുകൂലികൾക്ക് നിർദേശം നൽകി. പ്രതിഷേധക്കാർ വലിയ രീതിയിൽ വിമാനത്താവളത്തിൽ എത്തിയാൽ ഉണ്ടായേക്കാവുന്ന തിരക്കും സുരക്ഷാപ്രശ്‌നങ്ങളും കണക്കിലെടുത്താണ് നിർദേശം.
'ധർമ്മേന്ദ്ര പ്രധാന്റെ രാജി ആഗ്രഹിക്കുന്നവരിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ ഞങ്ങളോടൊപ്പം ചേരാനുള്ള ആഹ്വാനത്തിന് ലഭിച്ച അമിതമായ പ്രതികരണം ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതായിരുന്നു. പൊതുജനങ്ങൾക്കും സുരക്ഷാ സേനയ്ക്കും അസൗകര്യമുണ്ടാക്കുന്നതിനാൽ ഇത്രയധികം ആളുകൾ വിമാനത്താവളത്തിൽ ഒത്തുകൂടുന്നത് പ്രായോഗികമല്ല. അതിനാൽ ദയവായി ഡൽഹി വിമാനത്താവളത്തിലേക്ക് വരരുത്'- ദീപ്‌കെ പറഞ്ഞു. കൂടാതെ ജന്തർ മന്തറിൽ തങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തിന് നേരിട്ട് അനുമതി തേടാൻ താൻ പാർലമെന്റ് സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
'നമ്മൾ നിയമം അനുസരിക്കുന്ന പൗരന്മാരാണ്, ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. അതിനാൽ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കാതിരിക്കാൻ എല്ലാവരും ദയവായി ശ്രദ്ധിക്കുക'- അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രപ്രവർത്തനത്തിൽ പൂനെയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അഭിജിത് ദീപ്‌കെ ഉന്നത വിദ്യാഭ്യാസത്തിനായാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം അടുത്തിടെയാണ് പൂർത്തിയാക്കിയത്. 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ തിരഞ്ഞെടുപ്പ് പ്രചാരണ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി അധികാരത്തിലെത്തിയ 2020 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മീം അധിഷ്ഠിത ഡിജിറ്റൽ കാമ്പെയ്‌നുകൾ സൃഷ്ടിക്കുന്നതിൽ ദിപ്കെ ഉൾപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |