
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ റഫാല്‍ വിമാനം വെടിവെച്ചിട്ടു എന്ന പാക് വാദം പൊളിയുന്നു. ഫ്രാന്‍സിന്റെ പക്കല്‍ നിന്ന് ഇന്ത്യ വാങ്ങിയ 36 വിമാനങ്ങളും ഇപ്പോഴും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാണ്. ഇന്ത്യന്‍ വ്യോമസേനയുടെ രേഖകളാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയുടെ റഫാല്‍ വിമാനം വെടിവച്ചിട്ടുവെന്ന അവകാശവാദം പാകിസ്ഥാന്‍ നിരന്തരം ഉന്നയിക്കുന്നതാണ്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല.
ഫ്രഞ്ച് കമ്പനി 'സഫ്രാന്‍ എയര്‍ക്രാഫ്റ്റ് എന്‍ജിന്‍സി' യോട് (Safran Aircraft Engines) ഒരു 'ബ്രിഡ്ജ് സപ്പോര്‍ട്ട്' പാക്കേജിനായി ഇന്ത്യന്‍ വ്യോമസേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യ വാങ്ങിയിട്ടുള്ള 36 റഫാല്‍ വിമാനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഈ രേഖയില്‍ വ്യക്തമാക്കുന്നു. വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പിക്കുന്ന സാങ്കേതിക പരിപാലനത്തിനുള്ള നിര്‍ദേശമാണ് വ്യോമസേന, നിര്‍മാണ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ ടെന്‍ഡര്‍ രേഖകള്‍ പ്രകാരം, അടുത്ത അഞ്ച് മാസത്തേക്ക് 36 റഫാല്‍ വിമാനങ്ങളുടെയും പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പിന്തുണ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വിമാനവും പ്രതിവര്‍ഷം ശരാശരി 150 മണിക്കൂര്‍ പറക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ കണക്കുകള്‍ പ്രകാരം, അഞ്ച് മാസത്തെ 'ബ്രിഡ്ജ് പീരിയഡില്‍' ഏകദേശം 2,250 മണിക്കൂറുകള്‍ പറക്കും. ഈ രേഖ പുറത്ത് വന്നതോടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ റഫാല്‍ വിമാനം വെടിവെച്ചിട്ടുവെന്ന പാക് വാദം പൊളിയുന്നത്.
അതേസമയം, ഫ്രാന്‍സില്‍ നിന്ന് 114 പുതിയ റഫാല്‍ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചുവെന്നും ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയതായി വാങ്ങുന്ന വിമാനങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെയാകും നിര്‍മിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |