SignIn
Kerala Kaumudi Online
Saturday, 15 August 2026 8.44 PM IST

മുഖ്യമന്ത്രി വിജയ്‌യെക്കുറിച്ചുള്ള തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്റെ പരാമർശം വിവാദത്തിൽ, വിമർശനവുമായി രാഷ്‌ട്രീയ പാർട്ടികൾ

nainar-nagendran-vijay
ബിജെപി അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അമ്മയെ ലക്ഷ്യമിട്ട് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശം വിവാദത്തിൽ. ബിജെപിയുടെ സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ നിയമസഭയിൽ വിജയ് നടത്തിയ 'കുട്ടിക്കഥ' പരാമർശത്തിന് മറുപടിയായാണ് നാഗേന്ദ്രന്റെ വാക്കുകളെന്നാണ് റിപ്പോർട്ടുകൾ.

'വീട്ടിൽ അച്ഛനെ അന്വേഷിച്ചിട്ട് കണ്ടെത്താനാകുന്നില്ലെങ്കിൽ, അച്ഛൻ ആരാണെന്ന് അറിയാൻ അമ്മയോട് ചോദിക്കണം' എന്നായിരുന്നു നാഗേന്ദ്രൻ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ബിജെപി അദ്ധ്യക്ഷന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത രാഷ്ട്രീയ മര്യാദയുടെ പരിധി ലംഘിക്കുന്ന പരാമർശമാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. നാഗേന്ദ്രനെതിരെ ഡി.ജി.പി ഓഫീസിൽ പരാതി നൽകിയെന്നാണ് വിവരം.

2026 ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ പരാജയപ്പെട്ടതിന് പിന്നാലെ നിയമസഭയിൽ വിജയ് നടത്തിയ പ്രസംഗമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഡി.എം.കെ അദ്ധ്യക്ഷൻ എംകെ സ്റ്റാലിനെ ലക്ഷ്യമിട്ടായിരുന്നു വിജയ്‌യുടെ പരാമർശമെന്നാണ് വിലയിരുത്തൽ. കൊളത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ 'അച്ഛൻ' എവിടെയെന്ന തരത്തിലുള്ള പരാമർശം ഉൾപ്പെട്ട 'കുട്ടിക്കഥ'യാണ് വിജയ് നിയമസഭയിൽ പറഞ്ഞത്. ഇതിനെതിരെ നേരത്തെയും വിവിധ രാഷ്ട്രീയ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

നൈനാർ നാഗേന്ദ്രന്റെ പരാമർശത്തെ മന്ത്രി എ. രാജ്‌മോഹൻ ശക്തമായി അപലപിച്ചു. മുതിർന്ന രാഷ്ട്രീയ നേതാവിന്റെ സ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത അപരിഷ്‌കൃതമായ പരാമർശമാണിതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആക്രമണങ്ങളും പ്രകോപനങ്ങളും നേരിടേണ്ടിവന്നാലും രാഷ്ട്രീയത്തിൽ മാന്യത കാത്തുസൂക്ഷിക്കണമെന്ന് വിജയ് സഹപ്രവർത്തകരോട് നേരത്തെ നിർദേശിച്ചിരുന്നതായും രാജ്‌മോഹൻ ചൂണ്ടിക്കാട്ടി.

മുൻ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ‌ അണ്ണാമലൈയും നാഗേന്ദ്രനെ വിമർശിച്ചു. രാഷ്ട്രീയ മര്യാദകളുടെ എല്ലാ പരിധികളും സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ലംഘിച്ചുവെന്ന് അണ്ണാമലൈ പറഞ്ഞു. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് അണ്ണാമലൈയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രസംഗങ്ങൾ അശ്ലീലവും അധഃപതിച്ചതുമായ തലത്തിലേക്ക് നീങ്ങുന്നത് അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ സർക്കാരിന്റെ നയങ്ങളോടുള്ള വിമർശനങ്ങളും ജനാധിപത്യത്തിന്റെ ഭാഗവുമാണ്. എന്നാൽ ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബാംഗങ്ങളെ പ്രത്യേകിച്ച് അമ്മയെ, ലക്ഷ്യമിട്ട് വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.

ഇത്തരം നിലവാരമില്ലാത്ത മൂന്നാംകിട രാഷ്ട്രീയം പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ യുവതലമുറ രാഷ്ട്രീയ നേതാക്കളിൽ നിന്നും ഉണ്ടാകുന്ന ഇത്തരം പെരുമാറ്റങ്ങൾ മാതൃകയാക്കരുതെന്നും, കുട്ടികൾക്ക് മുന്നിൽ മോശം മാതൃകകൾ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

English Summary

Tamil Nadu BJP president Nainar Nagendran has sparked controversy with a personal remark allegedly targeting the mother of Chief Minister Vijay.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY GOVT, NAINAR NAGENDRAN, LATESTNEWS, SPARKS, BJP CHIEF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360